

500 വര്‍ഷത്തോളം നീണ്ടുനിന്ന ഒരു തര്‍ക്കത്തിന് പരിഹാരമാവുകയാണോ ? ലിയോ പതിനാലാമന്‍ മാര്‍പാപ്പയും ബ്രിട്ടണിന്റെ ചാള്‍സ് മൂന്നാമന്‍ രാജാവും ഒന്നിച്ചൊരു പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്തതോടെ ലോകം മുഴുവന്‍ ചോദിക്കുന്ന കാര്യമാണിത്. കത്തോലിക്ക സഭയുടെ പരാമാധക്ഷ്യനും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവര്‍ണറും നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്, പരസ്യമായി ഒന്നിച്ചൊരു പ്രാര്‍ത്ഥനയ്ക്കും കൂടിക്കാഴ്ചയ്ക്കും തയ്യാറാകുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിലെ രണ്ട് പ്രബല വിഭാഗങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകളോളും നീണ്ടുനിന്ന വഴക്കിന് കാരണമെന്തായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കൗതുകം മാത്രമായിരിക്കാം തോന്നുന്നതെങ്കിലും, കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഇതുമൂലം ഇരു വിഭാഗങ്ങളിലെയും വിശ്വാസികള്‍ അനുഭവിച്ച ദുരിതങ്ങള്‍ ചെറുതല്ല.

എല്ലാത്തിന്റെയും തുടക്കം ഹെന്റി എട്ടാമന്‍ രാജാവില്‍ നിന്നാണ്. ബ്രിട്ടന്റെ ചരിത്രത്തില്‍ സല്‍പേര് നേടിയ ഭരണാധികാരികളുടെ പട്ടികയിലല്ല ഹെന്റി എട്ടാമനെ രേഖപ്പെടുത്തിയിരിക്കുന്നത്. വിമര്‍ശകരെ തൂക്കിലേറ്റുന്ന, അധികാരം ഉറപ്പിക്കാന്‍ ഏത് വഴിയും തേടുന്ന ധൂര്‍ത്തനായ രാജാവായിരുന്നു ഹെന്റി എട്ടാമന്‍ എന്നാണ് പറയപ്പെടുന്നത്.
തന്റെ രാജാധികാരം കൈമാറാന്‍ ഒരു ആണ്‍കുഞ്ഞ് വേണമെന്ന് ഹെന്റിക്ക് നിര്‍ബന്ധമായിരുന്നു. ആദ്യ ഭാര്യയായ കാതറിന്‍ പല തവണ ഗര്‍ഭം ധരിച്ചെങ്കിലും പലപ്പോഴും ജനിച്ചത് ചാപിള്ളകളായി. ജനിച്ച ഒരു ആണ്‍കുഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ മരിച്ചു. പിന്നീട് മേരി എന്നൊരു പെണ്‍കുഞ്ഞ് ഉണ്ടായെങ്കിലും മകന്‍ വേണമെന്ന് ഹെന്റി നിര്‍ബന്ധം പിടിച്ചു. ഈ കാരണം പറഞ്ഞുകൊണ്ട് കാതറിനെ വിവാഹമോചനം ചെയ്ത് മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഹെന്റി തീരുമാനിക്കുകയായിരുന്നു. ഈ സമയത്ത് ഹെന്റിയുടെ പരസ്ത്രീ ബന്ധത്തെ കുറിച്ചുള്ള കഥകളും വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍ കാതറിനെ വിവാഹമോചനം ചെയ്യാന്‍ അന്നത്തെ മാര്‍പാപ്പ ക്ലമന്റ് ഏഴാമന്‍ അനുവാദം നല്‍കിയില്ല. ക്രൈസ്തവ വിശ്വാസ പ്രകാരം വിവാഹമോചനം തെറ്റായിരുന്നു. വിവാഹം എന്നത് സ്വര്‍ഗീയ നിശ്ചയപ്രകാരം നടക്കുന്നതാണെന്നും അതുകൊണ്ട് ദൈവം ചേര്‍ത്തതിനെ മനുഷ്യന്‍ വേര്‍പ്പെടുത്തരുത് എന്നായിരുന്നു സഭയുടെ നിലപാട്. മറ്റ് ചില സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളും ചില നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും, വിവാഹമോചനം നല്‍കാതായതോടെ കത്തോലിക്ക സഭയെ ഹെന്റി എട്ടാമന്‍ ഉപേക്ഷിച്ചു. കാതറിനെ ഉപേക്ഷിച്ച് ആന്‍ ബോലെയ്ന്‍ എന്ന യുവതിയെ വിവാഹം കഴിച്ചു.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് എന്ന പേരില്‍ പുതിയ സഭയും ഹെന്റി എട്ടാമന്‍ ആരംഭിച്ചു. സഭയുടെ പരമാധികാരിയായി ഹെന്റി എട്ടാമന്‍ സ്വയം പ്രതിഷ്ഠിച്ചു. ആംഗ്ലിക്കന്‍ സഭ എന്നും ഈ പുതിയ ക്രിസ്ത്യന്‍ സമൂഹം അറിയപ്പെടാന്‍ തുടങ്ങി. പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിന്റെ സ്വാധീനവും ഈ പുതിയ സഭയില്‍ പ്രകടമായിരുന്നു. ബ്രിട്ടണിന്റെ രാജാവോ രാജ്ഞിയോ ആണ് സഭയുടെ പരമോന്നത നേതാവാകുന്നത്.
പുതിയ സഭ തുടങ്ങി എന്നിടത്ത് മാത്രമായി ഹെന്റി എട്ടാമന്‍ നിര്‍ത്തിയില്ല. കത്തോലിക്കാ സഭയോടുള്ള എതിര്‍പ്പ് പല രീതികളില്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. കത്തോലിക്ക സഭയുടെ ദേവാലയങ്ങള്‍ നശിപ്പിക്കാനും, സ്വത്തുവകകള്‍ കണ്ടുകെട്ടാനും, ഗ്രന്ഥങ്ങളും വായനശാലകളും കത്തിക്കാനും ഹെന്റി ഉത്തരവിട്ടു. പുരോഹിതരെ തൂക്കിലേറ്റാനും രാജാവ് മടിച്ചില്ല. നൂറ്റാണ്ടുകളോളം ഇംഗ്ലണ്ടിലും സ്‌കോട്ലാന്‍ഡിലുമുള്ള കത്തോലിക്കര്‍ക്ക് പരസ്യമായി ആരാധന നടത്താന്‍ കഴിഞ്ഞിരുന്നില്ല. 1950 കളില്‍ പോലും കത്തോലിക്കരും ആംഗ്ലിക്കരും തമ്മില്‍ വിവാഹം കഴിക്കുന്നത് ഇംഗ്ലണ്ടില്‍ അത്യപൂര്‍വമായിരുന്നു.
കത്തോലിക്കരും ആംഗ്ലിക്കരും തമ്മിലുള്ള പ്രശ്നങ്ങള്‍ അതിരൂക്ഷമായ കാലങ്ങളും ഇതിനിടയിലുണ്ടായി. ഹെന്റിയ്ക്ക് ശേഷം രാഞ്ജിയായി അധികാരത്തിലേറിയ ക്വീന്‍ എലിസബത്തിനെ കത്തോലിക്ക സഭയുടെ ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും മാര്‍പാപ്പ വിലക്കിയിരുന്നു. 1605ല്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസിയായ ജെയിംസ് ഒന്നാമന്‍ രാജാവിനെ പാര്‍ലമെന്റില്‍ സ്ഫോടനം നടത്തി കൊലപ്പെടുത്താന്‍ കത്തോലിക്കാ സഭ വിശ്വാസികളായി ചിലരുടെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടായി. രാജകുടുംബാംഗങ്ങളില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവര്‍ക്കും കത്തോലിക്കരെ വിവാഹം ചെയ്തവര്‍ക്കും ബ്രിട്ടണിന്റെ രാജസിംഹാസനത്തിലെത്താന്‍ ആകില്ലെന്ന നിയമം വന്നത് 1701ല്‍ ആയിരുന്നു.

ഇത്തരത്തില്‍ കത്തോലിക്കാസഭയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും അഥവാ വത്തിക്കാന്‍ നേതൃത്വവും ബ്രിട്ടണിന്റെ രാജാധികാരവും തമ്മിലും തര്‍ക്കം രൂക്ഷമായി തുടര്‍ന്നു. വിശ്വാസികള്‍ക്കിടയിലും ഈ ഭിന്നിപ്പ് പടര്‍ന്നു പിടിച്ചുകൊണ്ടേയിരുന്നു. 1536ല്‍ ബ്രിട്ടണും വത്തിക്കാനും തമ്മിലുള്ള എല്ലാ ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. നൂറ്റാണ്ടുകളോളം ഇത് ഇങ്ങനെ തന്നെ തുടര്‍ന്നു. ഒടുവില്‍ 1982ലാണ് ഈ ഔദ്യോഗിക ബന്ധങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ സഭയുടെ നേതൃസ്ഥാനങ്ങളില്‍ എത്തിയവര്‍ തമ്മില്‍ വ്യക്തിപരമായി ചില അടുപ്പുങ്ങളൊക്കെ ഉണ്ടായി. രാജാവ്/രാജ്ഞി ആംഗ്ലിക്കനായിരിക്കണമെന്ന ചട്ടം ഇപ്പോഴും ഉണ്ടെങ്കിലും കത്തോലിക്കരെ വിവാഹം ചെയ്തവര്‍ക്ക് രാജകിരീടം ലഭിക്കില്ലെന്ന നിയമത്തില്‍ മാറ്റം വരുത്തി. പക്ഷെ അപ്പോഴും പരസ്യമായ ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ ഏറെ സമയമെടുത്തു.
ഇപ്പോള്‍ 500 വര്‍ഷങ്ങള്‍ക്ക് ശേഷം ഹെന്റി എട്ടാമന്റെ പിന്‍ഗാമി കൂടിയായ ചാള്‍സ് മൂന്നാമന്‍ രാജാവും കത്തോലിക്ക സഭയുടെ പരമോന്നത നേതാവായ ലിയോ പതിനാലാമാന്‍ മാര്‍പാപ്പയും ഒരു പ്രാര്‍ത്ഥനയ്ക്കായി ഒത്തുച്ചേര്‍ന്നിരിക്കുന്നു. ആംഗ്ലിക്കന്‍ ചര്‍ച്ച് കത്തോലിക്ക സഭയുടെ ഭാഗമായാലും ഇല്ലെങ്കിലും വരും നാളുകളില്‍ ഇരു സഭകളും തമ്മില്‍ തര്‍ക്കം തുടരില്ലെന്ന് ഈ കൂടിക്കാഴ്ച പ്രത്യാശ നല്‍കുന്നുണ്ട്.
Content Highlights: What is the 500 years long issue between catholic church and british royal family