

മുംബൈ: മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധു. പൊലീസിന്റെ ഭാഗത്ത് നിന്ന് യുവതി കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നതായി ബന്ധു പറഞ്ഞു. രാഷ്ട്രീയമായും അവൾ മാനസിക സമ്മർദം നേരിട്ടു. കഴിഞ്ഞ വർഷമാണ് സംഭവങ്ങൾ. രോഗികളെ ആശുപത്രിയിൽ എത്തിക്കുക പോലും ചെയ്യാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ പൊലീസുകാർ ആവശ്യപ്പെട്ടിരുന്നു. തെറ്റായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ നല്‍കാനും അവള്‍ നിര്‍ബന്ധിതയായി. ഇതിനെതിരെ അവൾ ഡിസിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. അവൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധു കൂട്ടിച്ചേർത്തു.
പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഇടത് കൈവെള്ളയില്‍ എഴുതിവെച്ചതിന് ശേഷമാണ് വനിതാ ഡോക്ടര്‍ ജീവനൊടുക്കിയത്. സതാരയിലെ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. എസ്‌ഐ ഗോപാല്‍ ബാഡ്നേയ്‌ക്കെതിരെയായിരുന്നു ആരോപണം. അഞ്ച് മാസത്തിനിടയില്‍ നാല് തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കുറിപ്പെഴുതിയാണ് യുവതി ജീവനൊടുക്കിയിരിക്കുന്നത്. എസ്ഐ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും കൈവള്ളയില്‍ എഴുതിയിരുന്നു. 'ഞാന്‍ മരിക്കുന്നതിന് കാരണം പൊലീസ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബാഡ്നേയാണ്. അയാള്‍ എന്നെ നാല് തവണ പീഡിപ്പിച്ചു. അഞ്ച് മാസത്തിലേറെയായി അയാള്‍ എന്നെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചു', കൈവള്ളയിൽ എഴുതിയ കുറിപ്പില്‍ ഡോക്ടർ പറഞ്ഞു.
പൊലീസുകാരിൽ നിന്നുണ്ടായ പീഡനം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജൂൺ 19നായിരുന്നു യുവതി ഡിസിപിക്ക് പരാതി നൽകിയത്. രണ്ട് പൊലീസുദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. ബാഡ്നേയെ കൂടാതെ സബ് ഡിവിഷണല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പട്ടീല്‍, അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ലാഡ്പുട്രെ എന്നിവരുടെ പേര് പരാതിയില്‍ സൂചിപ്പിച്ചിരുന്നു. താന്‍ കടുത്ത സമ്മര്‍ദത്തിലാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ എസ്ഐ ഗോപാല്‍ ബാഡ്നേയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉത്തരവില്‍ സസ്പെന്‍ഡ് ചെയ്തു.
യുവതിയുടെ ആത്മഹത്യയയ്ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ പൊലീസിനെതിരായ പ്രതിഷേധം ശക്തമായിരിക്കുകാണ്. മഹായുതി സര്‍ക്കാരിനെതിരെ മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് വിജയ് നാംദേവ്റോ വേഡ്ട്ടിവാര്‍ രംഗത്തെത്തി. 'പൊലീസുകാരുടെ ജോലി സംരക്ഷിക്കലാണ്. എന്നാല്‍ അവര്‍ തന്നെ ഒരു വനിതാ ഡോക്ടറെ പീഡിപ്പിക്കുമ്പോള്‍ എങ്ങനെ നീതി നടപ്പാകും? യുവതി നേരത്തെ പരാതി നല്‍കിയപ്പോള്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല? മഹായുതി സര്‍ക്കാര്‍ പൊലീസിനെ ആവര്‍ത്തിച്ച് സംരക്ഷിക്കുകയാണ്. ഇത് പൊലീസ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു', അദ്ദേഹം പറഞ്ഞു.
ഈ പൊലീസുദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും വിജയ് നാംദേവ്റോ വേഡ്ട്ടിവാര്‍ ആവശ്യപ്പെട്ടു. ഡോക്ടറുടെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണമുണ്ടാകുമെന്ന് ബിജെപി ഉറപ്പ് നല്‍കി. പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണെന്ന് എന്‍സിപിയും ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു.
Content highlight; Cousin makes serious allegations in case of female doctor's suicide in Maharashtra