ഇന്ത്യൻ പരസ്യകലയിൽ വിപ്ലവം സൃഷ്ടിച്ച മഹാപ്രതിഭ; പിയൂഷ് പാണ്ഡെയ്ക്ക് വിട

പാശ്ചാത്യ കാഴ്ചപ്പാടുകളുണ്ടായിരുന്ന ഇന്ത്യൻ പരസ്യ മേഖലയിലേക്ക് ഇന്ത്യൻ തനിമകളെ കൂട്ടിക്കൊണ്ടു വന്നതിൻ്റെ ബഹുമതി അവകാശപ്പെടാവുന്ന കലാകാരനാണ് പിയൂഷ് പാണ്ഡെ

ഇന്ത്യൻ പരസ്യകലയിൽ വിപ്ലവം സൃഷ്ടിച്ച മഹാപ്രതിഭ; പിയൂഷ് പാണ്ഡെയ്ക്ക് വിട
dot image

ന്യൂഡൽഹി: ഇന്ത്യൻ പരസ്യരംഗത്തെ ഏറ്റവും സർഗ്ഗാധനരായ പ്രതിഭകളിൽ ഒരാളായ പിയൂഷ് പാണ്ഡെ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു എഴുപത് വയസ്സുകാരനായ പാണ്ഡെയുടെ അന്ത്യം. ഇന്ത്യൻ പരസ്യകലയ്ക്ക് വ്യത്യസ്തമായ സ്വരവും ഐഡൻ്റിറ്റിയും നൽകിയ പ്രതിഭ എന്ന നിലയിലാണ് പിയൂഷ് പാണ്ഡെ പരി​ഗണിക്കപ്പെടുന്നത്. ബോർഡ് റൂമുകളിൽ നിന്ന് മാറി ഇന്ത്യൻ പരസ്യങ്ങൾക്ക് തെരുവുകളിൽ നിന്ന് ശബ്ദം കണ്ടെത്തിയ വിപ്ലവകരമായ മാറ്റത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു പാണ്ഡെ. ഫെവികോളിൻ്റെയും ഏഷ്യൻ പെയിൻ്റ്സിൻ്റെയും കാഡ്ബറി ചോക്ലേറ്റിൻ്റെയുമെല്ലാം പരസ്യങ്ങൾ പിയൂഷ് പാണ്ഡെയെ ഇന്ത്യൻ പരസ്യ ലോകത്തെ പ്രധാനിയാക്കി. അതിൽ കാഡ്ബറി പരസ്യത്തിൻ്റെ പിറവി ഇന്ത്യൻ പരസ്യകലാ ചരിത്രത്തിലെ സവിശേഷമായ ഏടായി തന്നെയാണ് കണക്കാക്കുന്നത്.

ജയ്പൂരിൽ ജനിച്ച പാണ്ഡെ ചെറുപ്രായത്തിൽ തന്നെ പരസ്യങ്ങളുമായി ബന്ധം സ്ഥാപിച്ചിരുന്നു. സഹോദരൻ പ്രസൂൺ പാണ്ഡെയോടൊപ്പം റേഡിയോ ജിംഗിളുകൾക്ക് ശബ്ദം നൽകി. ഓഗിൽവിയിൽ ട്രെയിനി അക്കൗണ്ട് എക്സിക്യൂട്ടീവായിട്ടായിരുന്നു 1982ൽ പാണ്ഡെയുടെ പരസ്യ മേഖലയിലെ തുടക്ക. പിന്നീട് ക്രിയേറ്റീവ് മേഖലയിലേക്ക് മാറുകയായിരുന്നു. ഓഗിൽവിയിൽ ചേരുന്നതിന് മുമ്പ് തൊഴിലാളി, ക്രിക്കറ്റ് കളിക്കാരൻ, ചായ ടേസ്റ്റർ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പാണ്ഡെ കഴിവ് പരീക്ഷിച്ചിരുന്നു.

ഇം​ഗ്ലീഷ് പരസ്യവ്യവസായം ആധിപത്യം പുലർത്തിയിരുന്ന ഘട്ടത്തിലായിരുന്നു പരസ്യ മേഖലയിലേയ്ക്കുള്ള പാണ്ഡെയുടെ രം​ഗപ്രവേശനം. അന്ന് 27 വയസ്സ് മാത്രമായിരുന്നു പാണ്ഡെയുടെ പ്രായം. അതുവരെ ഇന്ത്യൻ പരസ്യ മേഖല സഞ്ചരിച്ചിരുന്ന വഴികളിൽ നിന്നും മാറി സഞ്ചരിക്കുന്നവയായിരുന്നു ഏഷ്യൻ പെയിന്റ്സ്, കാഡ്ബറി, ഫെവിക്കോൾ, ഹച്ച് തുടങ്ങിയ ബ്രാൻഡുകൾക്കായുള്ള പാണ്ഡെയുടെ പരസ്യ ചിത്രങ്ങൾ. പത്മശ്രീ അവാർഡും എൽഐഎ ലെജൻഡ് അവാർഡും നേടിയ പിയൂഷ് പാണ്ഡെ പാശ്ചാത്യ കാഴ്ചപ്പാടുകളുണ്ടായിരുന്ന ഇന്ത്യൻ പരസ്യ മേഖലയിലേക്ക് ഇന്ത്യൻ തനിമകളെ കൂട്ടിക്കൊണ്ടു വന്നതിൻ്റെ ബഹുമതി അവകാശപ്പെടാവുന്ന കലാകാരനാണ് പിയൂഷ് പാണ്ഡെ.

2004ൽ കാൻസ് ലയൺസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയിൽ ജൂറി പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനായി പിയൂഷ് പാണ്ഡെ മാറി. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പിന്നീട് 2012 ൽ CLIO ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും പത്മശ്രീയും ലഭിച്ചു. ദേശീയ ബഹുമതി ലഭിച്ച ആദ്യത്തെ ഇന്ത്യൻ പരസ്യ പ്രൊഫഷണലായി അദ്ദേഹം മാറി.

പാണ്ഡെയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരസ്യ-ആശയവിനിമയ ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രി പാണ്ഡെയ്ക്ക് അനുശോചനം അറിയിച്ചത്. "ശ്രീ പീയൂഷ് പാണ്ഡെ ജി തന്റെ സർഗ്ഗാത്മകതയുടെ പേരിൽ ആദരിക്കപ്പെട്ടു. പരസ്യ-ആശയവിനിമയ ലോകത്തിന് അദ്ദേഹം മഹത്തായ സംഭാവന നൽകി. വർഷങ്ങളായി അദ്ദേഹം നടത്തിയ ഇടപെടലുകളെ ഞാൻ സ്നേഹപൂർവ്വം വിലമതിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമുണ്ട്. ഓം ശാന്തി." എന്നായിരുന്നു പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.

Content Highlight: Advertising legend Piyush Pandey passes away

dot image
To advertise here,contact us
dot image