

കുവൈത്തിലെ സ്വകാര്യ കമ്പനികള്‍ തൊഴിലാളികളുടെ ജോലി സമയം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശം. പുതിയ നിബന്ധനകള്‍ അടുത്ത മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തിലെ പൊതുമേഖലാ മാനവ വിഭവശേഷി അതോറിറ്റിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതുപ്രകാരം രാജ്യത്തെ എല്ലാ തൊഴിലുടമകളും തൊഴിലാളികളുടെ മുഴുവന്‍ വിശദാംശങ്ങളും സമര്‍പ്പിക്കണം. ദൈനംദിന ജോലി സമയക്രമം, വിശ്രമവേളകള്‍, പ്രതിവാര അവധി ദിവസങ്ങള്‍, ഔദ്യോഗിക അവധികള്‍ എന്നിവ ഉള്‍പ്പെടെയുളള വിവരങ്ങളാണ് കൈമാറേണ്ടത്.
'അഷാല്‍' എന്ന അംഗീകൃത ഇലക്ട്രോണിക് സംവിധാനം വഴിയാണ് വിശദാംശങ്ങള്‍ നല്‍കേണ്ടത്. തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കിയതിന് ശേഷം മാറ്റങ്ങള്‍ ഉണ്ടായാല്‍ അവ ഉടന്‍ പുതുക്കുകയും വേണം. അഷാല്‍ സിസ്റ്റം വഴി ലഭിക്കുന്ന വിവരങ്ങള്‍ മാനവ വിഭവശേഷി ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തുന്ന തുടര്‍പരിശോധനകള്‍ക്ക് ഔദ്യോഗിക രേഖയായി പരിഗണിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
തൊഴിലാളികളുടെ ജോലി സമയക്രമത്തിന് അതോറിറ്റി നല്‍കുന്ന അംഗീകാരം ഔദ്യോഗിക അനുമതിയായി കണക്കാക്കും. അംഗീകൃത ജോലി സമയം സ്ഥാപനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. മാനവ വിഭവശേഷി അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ശക്തമായ നടപടി നേരിടേണ്ടി വരും. ജോലി സമയം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ തൊഴിലുടമയുടെ ഫയല്‍ ഭാഗികമായോ പൂര്‍ണമായോ സസ്‌പെന്‍ഡ് ചെയ്യും. മാറ്റത്തിന് അനുസരിച്ച് വിവരങ്ങള്‍ പുതുക്കാതിരുന്നാലും സമാനമായ നടപടി നേരിടേണ്ടി വരും.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ വേഗത്തില്‍ സമര്‍പ്പിക്കുന്നതിനായി 'ഈസി ഇ-സര്‍വീസസ്' പ്ലാറ്റ്ഫോമില്‍ പ്രത്യേക ഫോം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഔദ്യോഗിക അംഗീകാരത്തിനായി ഈ ഫോം സമര്‍പ്പിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Content Highlights: Kuwait issues important guidelines for employers