

മുംബൈ: മഹാരാഷ്ട്രയില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തുവെന്ന് ഇടത് കൈവെള്ളയില്‍ എഴുതിവെച്ചതിന് പിന്നാലെയാണ് വനിതാ ഡോക്ടര്‍ ജീവനൊടുക്കിയത്. സതാരയിലെ ജില്ലാ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. എസ്ഐ ഗോപാല്‍ ബാഡ്‌നേയ്ക്കെതിരെയാണ് ആരോപണം.
അഞ്ച് മാസത്തിനിടയില്‍ നാല് തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കുറിപ്പെഴുതിയാണ് യുവതി ജീവനൊടുക്കിയിരിക്കുന്നത്. എസ്‌ഐ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും കൈവള്ളയില്‍ എഴുതിയിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ എസ്‌ഐ ഗോപാല്‍ ബാഡ്‌നേയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉത്തരവില്‍ സസ്‌പെന്‍ഡ് ചെയ്തു.
'ഞാന്‍ മരിക്കുന്നതിന് കാരണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബാഡ്‌നേയാണ്. അയാള്‍ എന്നെ നാല് തവണ പീഡിപ്പിച്ചു. അഞ്ച് മാസത്തിലേറെയായി അയാള്‍ എന്നെ ബലാത്സംഗത്തിനും മാനസിക ശാരീരിക ഉപദ്രവങ്ങള്‍ക്കും വിധേയമാക്കി', കൈവള്ളയിലെഴുതിയ കുറിപ്പില്‍ പറയുന്നു.
നേരത്തെ ജൂണ്‍ 19ന് ഇയാള്‍ക്കെതിരെ ഡിഎസ്പിക്ക് യുവതി പരാതി നല്‍കിയിരുന്നു. രണ്ട് പൊലീസുദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ഉന്നയിച്ചു. ബാഡ്‌നേയെ കൂടാതെ സബ് ഡിവിഷണല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പട്ടീല്‍, അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ലാഡ്പുട്രെ എന്നിവരുടെ പേര് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. താന്‍ കടുത്ത സമ്മര്‍ദത്തിലാണെന്നും അതുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടിയിരുന്നു.
യുവതിയുടെ ആത്മഹത്യയയ്ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ പൊലീസിനെതിരായ പ്രതിഷേധം ശക്തമായിരിക്കുകാണ്. മഹായുതി സര്‍ക്കാരിനെതിരെ മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് വിജയ് നാംദേവ്‌റോ വേഡ്ട്ടിവാര്‍ രംഗത്തെത്തി. 'പൊലീസുകാരുടെ ജോലി സംരക്ഷിക്കലാണ്. എന്നാല്‍ അവര്‍ തന്നെ ഒരു വനിതാ ഡോക്ടറെ പീഡിപ്പിക്കുമ്പോള്‍ എങ്ങനെ നീതി നടപ്പാകും? യുവതി നേരത്തെ പരാതി നല്‍കിയപ്പോള്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല? മഹായുതി സര്‍ക്കാര്‍ പൊലീസിനെ ആവര്‍ത്തിച്ച് സംരക്ഷിക്കുകയാണ്. ഇത് പൊലീസ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു', അദ്ദേഹം പറഞ്ഞു.
ഈ പൊലീസുദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും വിജയ് നാംദേവ്‌റോ വേഡ്ട്ടിവാര്‍ ആവശ്യപ്പെട്ടു. ഡോക്ടറുടെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണമുണ്ടാകുമെന്ന് ബിജെപി ഉറപ്പ് നല്‍കി. പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണെന്ന് എന്‍സിപിയും ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തി.
Content Highlights: Women doctor died after write against police officer in Maharashtra