

അമേരിക്കയിൽ നിന്നും ഇന്റലിജൻസ് വിവരങ്ങൾ ചോർത്താനായി ചൈനയും റഷ്യയും പുതിയ ചാരപ്രവർത്തനങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. സുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ച് അമേരിക്കയിലെ വിവിധ ടെക് കമ്പനികളിലെ ഉദ്യോഗസ്ഥരെ വശീകരിക്കുന്നു എന്നാണ് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. സിലിക്കൺവാലിയെ ലക്ഷ്യമിട്ടാണ് ഈ ചാരവനിതകൾ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
അമേരിക്കയിൽ എത്തുന്ന ചാരവനിതകളിൽ പലരും 'വലയിലാക്കുന്ന' ഉദ്യോഗസ്ഥരെ വിവാഹം ചെയ്യുകയും അവർക്കൊപ്പം കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കുടുംബമായി ജീവിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ആർക്കും സംശയം തോന്നാതിരിക്കാനും ദീർഘനാൾ അമേരിക്കയിൽ തുടർന്ന് വിവരങ്ങൾ ചോർത്താനുമാണ് ഇവർ ഈ മാർഗങ്ങൾ സ്വീകരിക്കുന്നതെന്ന് ടൈംസ് പറയുന്നു.
ചൈനയിൽ നിക്ഷേപം നടത്തുന്ന അമേരിക്കൻ കമ്പനികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്ന പാമിർ കൺസൾട്ടിംഗ് എന്ന കമ്പനിയുടെ ചീഫ് ഇന്റലിജൻസ് ഓഫീസറായ ജെയിംസ് മുൽവെനോൺ ഇതുമായി ബന്ധപ്പെട്ട് ടെെംസിനോട് സംസാരിക്കുന്നുണ്ട്. അടുത്തിടെയായി ഈ ചാരപ്രവർത്തനങ്ങൾ വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നാണ് ജെയിംസ് പറയുന്നത്.
ലിങ്ക്ഡ് ഇന്നിൽ ഒരുപാട് സുന്ദരികളായ ചൈനീസ് യുവതികളുടെ റിക്വസ്റ്റ് തനിക്ക് വന്നിട്ടുണ്ടെന്ന് ഈ ഉദ്യോഗസ്ഥൻ പറയുന്നു.

അതിസുന്ദരിയായ ഒരു റഷ്യൻ യുവതി അമേരിക്കയിലെ ഏയ്‌റോസ്‌പേസ് എഞ്ചിനീയറെ വിവാഹം കഴിച്ച് കുടുംബമായി വർഷങ്ങളോളം കഴിഞ്ഞത് ചാരപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു എന്ന അടുത്തിടെ വ്യകത്മായതായി ഒരു മുൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നിക്ഷേപകർ, വിദ്യാർത്ഥികൾ, സാധാരണ ജോലിക്കാർ, അധ്യാപകർ, ഐടി ജീവനക്കാർ, ക്രിപ്‌റ്റോ അനലിസ്റ്റുകൾ എന്ന് തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവരെ ചൈനയും റഷ്യയും ലക്ഷ്യം വെക്കുന്നതിനാൽ ചാരപ്രവർത്തനങ്ങൾ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണെന്നും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ട് പങ്കുവെച്ചുകൊണ്ട് ടെക് ഭീമനായ ഇലോൺ മസ്‌ക് പങ്കുവെച്ച കമന്റും ഏറെ ചർച്ചയായി. 'അവൾ അതിസുന്ദരിയാണെങ്കിൽ ഒന്ന് ഉറപ്പിച്ചോളൂ, നിങ്ങളെ ഊറ്റിയെടുക്കാൻ കാത്തിരിക്കുകയാണ് അവർ' എന്നാണ് ഇലോൺ മസ്‌ക് പറയുന്നത്. ഈ കമന്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്.
If she’s a 10, you’re an asset 💯😂 pic.twitter.com/Fc9twx1BPp
— Elon Musk (@elonmusk) October 23, 2025
അതേസമയം, ടൈംസിന്റെ റിപ്പോർട്ട് സിനിമാക്കഥകളെ വെല്ലുന്ന അപസർപ്പക കഥയാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ചില കേട്ടുകേൾവികളും അഭിപ്രായ പ്രകടനങ്ങളുമല്ലാതെ കൃത്യമായ തെളിവുകളൊന്നും തന്നെ ഈ റിപ്പോർട്ടിലില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: China and Russia using female spies to get back to USA