

കൊച്ചി: സ്‌കൂളുകളില്‍ ആവശ്യമെങ്കില്‍ അധ്യാപകര്‍ക്ക് ചൂരലെടുക്കാമെന്ന് ഹൈക്കോടതി. കുട്ടികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ചൂരല്‍പ്രയോഗം കുറ്റകരമല്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. 2019ല്‍ വിദ്യാര്‍ത്ഥിയെ ചൂരല്‍ ഉപയോഗിച്ച് തല്ലിയതിന് അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈകോടതി വിധി. കുട്ടികളെ തിരുത്താനാണ് അധ്യാപകര്‍ ശിക്ഷിക്കുന്നതെങ്കില്‍ തെറ്റില്ലെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയിലെ കേസ് കോടതി റദ്ദാക്കിയത്.
2019ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട്ടെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികൾ തമ്മില്‍ തല്ലുകൂടുന്നത് തടയാന്‍ അധ്യാപകന്‍ ചൂരല്‍ ഉപയോഗിച്ചിരുന്നു. മകനെ തല്ലിയെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാവ് വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പൊലീസ് കേസെടുത്തു. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തല്ലുകൂടിയ കുട്ടികളെ പിടിച്ചു മാറ്റുക മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് അധ്യാപകന്‍ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കൂടാതെ സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞാണ് പരാതിപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു. ഇരയ്ക്ക് ശാരീരിതമായി പരിക്കേറ്റതിന്റെ തെളിവുകളില്ല. വൈദ്യസഹായം വേണ്ടി വന്നിട്ടുമില്ല. അതിനാല്‍, കുട്ടികളെ ചൂരല്‍ ഉപയോഗിച്ച് അടിക്കാന്‍ അധ്യാപകന്‍ ഏറ്റവും കുറഞ്ഞ ബലപ്രയോഗം മാത്രമേ നടത്തിയിട്ടുള്ളൂ എന്നും ജസ്റ്റിസ് സി പ്രതീപ് കുമാര്‍ നിരീക്ഷിച്ചു.
Content Highlights:High Court rules that teachers can use canes in schools if necessary