

ദിവസങ്ങള്‍ക്ക് മുമ്പാണ് രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ നോണ്‍ എസിയില്‍ നിന്നും എസിയിലേക്ക് മോഡിഫൈ ചെയ്ത പ്രൈവറ്റ്ബസ് തീഗോളമായി മാറി ഇരുപത് പേര്‍ വെന്തുമരിച്ചത്. യാത്രക്കാര്‍ക്ക് പുറത്ത് കടക്കാന്‍ കഴിയുന്നതിന് മുമ്പ് ബസ് തീഗോളമാകുകയായിരുന്നു. കടുത്ത ചൂടും ആളിപ്പടരുന്ന തീയും മൂലം രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റൊരപകടത്തില്‍ 32 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ബെംഗളുരു ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ചാണ് അപകടം. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിലാണ് അത്യാഹിതം സംഭവിച്ചത്. ഒരു ബൈക്കുമായി കൂട്ടിയിടിച്ചാണ് ബസില്‍ തീപിടിച്ചെന്നതാണ് പുറത്ത് വരുന്ന വിവരം.
ബസ് അപകടങ്ങളില്‍ വര്‍ഷാവര്‍ഷം നിരവധി പേരുടെ ജീവനുകളാണ് പൊലിയുന്നത്. നമ്മുടെ നാടിനെ കണ്ണീരിലാഴ്ത്തിയ നിരവധി ബസ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തെ നടുക്കിയ ബസ് അപകടങ്ങളിലൂടെ...
2020ലെ ഫെബ്രുവരി മാസം 20-ാം തീയതി കേരളം ഉണര്‍ന്നത് കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ നടന്ന ബസ് അപകടത്തിന്റെ വാര്‍ത്ത കേട്ടുകൊണ്ടാണ്. ബെംഗളുരുവില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. പത്തൊമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അന്ന് പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. ബസിന്റെ പന്ത്രണ്ടോളം സീറ്റുകള്‍ ലോറിയുമായി ഉണ്ടായ കൂട്ടിയിടിയില്‍ തകര്‍ന്ന് തരിപ്പണമായ നിലയിലായിരുന്നു. പത്തുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കേരള രജിസ്‌ട്രേഷനുള്ള കേരളത്തില്‍ നിന്ന് തന്നെ ടൈല്‍സുമായി പോയ ലോറിയാണ് ബസിലിടിച്ചത്. മരിച്ചതിലേറെയും മലയാളികളാണ്. ലോറിയുടെ ടയര്‍ പൊട്ടിയതാണെന്നും അതല്ല ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നും നിഗമനങ്ങളുണ്ടായിരുന്നു.
അതിദാരുണമായ ബസ് അപകടത്തിന്റെ ഉദാഹരങ്ങളില്‍ മലയാളികള്‍ എന്നുമോര്‍ക്കുന്ന ഒന്ന് 2001 മാര്‍ച്ച് 1ന് പൂക്കിപ്പറമ്പിന് സമീപം നടന്ന അത്യാഹിതമാണ്. യാത്രക്കാരെ കുത്തിനറച്ച് അമിതവേഗതയില്‍ പാഞ്ഞ സ്വകാര്യബസിന് നിയന്ത്രണം തെറ്റുന്നു. മുന്നിലുണ്ടായിരുന്ന കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബസിന് തീപിടിച്ച് അന്ന് വെന്തുമരിച്ചത് 41 പേരാണ്. ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോയ പ്രണവം എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 15 പേരെ മാത്രം തിരിച്ചറിഞ്ഞ അപകടത്തില്‍, സീറ്റിലിരുന്നവര്‍ അതേനിലയില്‍ വെന്തുപോയെന്നാണ് പല റിപ്പോര്‍ട്ടുകളിലും പറയുന്നത്. ഇതിന് സമാനമായൊരു അപകടമാണ് 1998 ഒക്ടോബര്‍ 22ന് സംഭവിച്ചത്. രാവിലെ 11.30ഓടെ പാലായില്‍ നിന്ന് തൊടുപുഴയിലേക്ക് പോയ ബസ് മറിഞ്ഞ് തീപിടിച്ച് 15 സ്ത്രീകളും രണ്ടുകുട്ടികളുമാണ് വെന്തുമരിച്ചത്. ഐങ്കൊമ്പ് നോര്‍ത്തിലാണ് അപകടം നടന്നത്.
2001 ജൂലായ് 29ന് ബെംഗളുരു - മൈസൂര്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് 11പേരാണ്. പുലര്‍ച്ചെ 12.30നായിരുന്നു അപകടം. ബെംഗളുരുവില്‍ നിന്നും വടകരയിലേക്ക് പോയ ബസ് ബെംഗളുരുവിലേക്ക് പോയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 2018ല്‍ ഓഗസ്റ്റ് 13ന് കൊല്ലം കൊട്ടിയത്തും ഇതിന് സമാനമായ അപകടമുണ്ടായി. കെഎസ്ആര്‍ടിസി ബസും ലോറിയും ഇത്തിക്കര പാലത്തില്‍ വച്ച് കൂട്ടിയിടിച്ച് മൂന്ന് പേരാണ് മരിച്ചത്. 24 പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്.
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കയറുല്‍പ്പന്നങ്ങള്‍ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് ആലപ്പുഴയിലുണ്ടായ അപകടത്തില്‍ വെന്തുമരിച്ചത് 40ഓളം യാത്രക്കാരാണ്. എഴുപുന്ന പഞ്ചായത്തിലെ ചമ്മനാട്ട് നടന്ന അപകടത്തില്‍പ്പെട്ടത് കൊല്ലത്ത് നിന്നും വന്ന ലോറിയും ആറ്റിങ്ങലിലേക്ക് പോയ ബസുമാണ്. 1994 ഫെബ്രുവരി ആറിനായിരുന്നു സംഭവം. 2013ല്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് നാട്ടുകാര്‍ സ്വകാര്യ ബസ് തീവെച്ച സംഭവവും ഉണ്ടായി. ബന്ധുക്കളായ എട്ടുപേരാണ് അപകടത്തില്‍ മരിച്ചത്. കോഴിക്കോട് നിന്നും തിരൂരിലേക്ക് പോയ ബസ് മലപ്പുറം താനൂരില്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന ഓട്ടോയില്‍ നിന്നും ആളുകളെ പുറത്തെടുക്കാന്‍ വൈകിയതോടെയാണ് നാട്ടുകാര്‍ ബസിന് തീവെച്ചത്.
തിരുവനന്തപുരത്ത് നിന്ന് വിനോദയാത്രക്കെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ബസ് ഇടുക്കി രാജാക്കാടിനടുത്ത് എണ്‍പതടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേരാണ് മരിച്ചത്. 2013 മാര്‍ച്ച് 25ന് നടന്ന അപകടത്തില്‍പ്പെട്ടത് വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങിലെ ബിടെക് അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു. കോട്ടയത്തിന് സമീപം താഴത്തങ്ങാടിയില്‍ ബസ് മീനച്ചിലാറ്റിലേക്ക് മറിഞ്ഞ് പത്തുപേരാണ് മരിച്ചത്. 2010 മാര്‍ച്ച് 23നായിരുന്നു സംഭവം.
Content Highlights: Major Bus Accidents in Kerala