1990കളിൽ സച്ചിൻ ഉയർത്തിയ ക്രിക്കറ്റ് ലഹരിക്കൊപ്പം ഇന്ത്യൻ ഹൃദയം കീഴടക്കിയ കാഡ്ബറി പരസ്യം; Classy Piyush Pande

1990കളിൽ സച്ചിൻ ടെൻഡുൽക്കർ ഉയർത്തിയ ക്രിക്കറ്റ് ലഹരി ടെലിവിഷനിൽ കണ്ടിരുന്ന ഒരു തലമുറയ്ക്ക് അത്രത്തോളം ഹൃദയഹാരിയായിരുന്നു പിയൂഷ് പാണ്ഡെയുടെ കയ്യൊപ്പ് പതിഞ്ഞ കാഡ്ബറിയുടെ ഈ പരസ്യം

1990കളിൽ സച്ചിൻ ഉയർത്തിയ ക്രിക്കറ്റ് ലഹരിക്കൊപ്പം ഇന്ത്യൻ ഹൃദയം കീഴടക്കിയ കാഡ്ബറി പരസ്യം; Classy Piyush Pande
dot image

പിയൂഷ് പാണ്ഡെ വിടപറയുമ്പോള്‍ ഇന്ത്യന്‍ പരസ്യകലയില്‍ വിപ്ലകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഒരു അതുല്യ പ്രതിഭയുടെ ചരിത്രം കൂടിയാണ് പിന്നിലേയ്ക്ക് മറയുന്നത്. പാശ്ചാത്യ സ്വാധീനമുണ്ടായിരുന്ന ഇന്ത്യന്‍ പരസ്യകലയെ ഇന്ത്യന്‍ തനിമകളില്‍ കോര്‍ത്തെടുത്ത നിരവധി ഭാവനകളാണ് പാണ്ഡെയിലൂടെ ചിറക് വിടര്‍ത്തിയത്. 1982 ല്‍ ഓഗില്‍വി & മേത്തര്‍ ഇന്ത്യയില്‍ (ഇപ്പോഴത്തെ ഓഗില്‍വി ഇന്ത്യ) അക്കൗണ്ട് എക്‌സിക്യൂട്ടീവായിട്ടായിരുന്നു പാണ്ഡെയുടെ തുടക്കം. പിന്നീട് ഓഗില്‍വിയുടെ ക്രിയേറ്റീവ് വിഭാഗത്തിലേയ്ക്ക് മാറിയതോടെ തിരുത്തിക്കുറിച്ചത് പാണ്ഡെയുടെ ഭാഗധേയം മാത്രമല്ല ഇന്ത്യന്‍ പരസ്യകലയുടേത് കൂടിയായിരുന്നു.

ഇന്ത്യന്‍ പരസ്യ മേഖലയില്‍ ഏറ്റവും അവിസ്മരണീയമായി മാറിയ ജിംഗിളുകള്‍ പാണ്ഡെ ഒരുക്കിയിട്ടുണ്ട്. ഫെവിക്കോളിന്റെ 'ജോര്‍ ലഗാ കെ ഹൈഷ, ഏഷ്യന്‍ പെയിന്റ്‌സിന്റെ 'ഹര്‍ ഘര്‍ കുച്ച് കെഹ്താ ഹേ' അടക്കമുള്ള പാണ്ഡെയുടെ സര്‍ഗാത്മക ഇടപെടല്‍ ഇന്ത്യന്‍ പരസ്യഭാഷയെ മറ്റൊരു തലത്തിലേയ്ക്ക് മാറ്റി പ്രതിഷ്ഠിച്ചു.

എന്നാല്‍ പാണ്ഡെയുടെ സര്‍ഗാത്മയെ അനുസ്മരിക്കുമ്പോള്‍ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തി നൃത്തം വെയ്ക്കുന്നത് കാഡ്ബറി ഡയറി മിൽക്കിൻ്റെ പരസ്യമാണ്. നീല പ്രിന്റഡ് വസ്ത്രം ധരിച്ച പെണ്‍കുട്ടി ഒഴുകിയെത്തുന്ന ജിംഗിളിന്റെ താളത്തില്‍ മതിമറന്ന് നൃത്തം വെയ്ക്കുന്ന ആ പരസ്യചിത്രം ഇന്ത്യന്‍ പരസ്യമേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് കൂടിയാണ് തുടക്കമിട്ടത്. 1990കളിൽ സച്ചിൻ ടെൻഡുൽക്കർ ഉയർത്തിയ ക്രിക്കറ്റ് ലഹരി ടെലിവിഷനിൽ കണ്ടിരുന്ന ഒരു തലമുറയ്ക്ക് അത്രത്തോളം ഹൃദയഹാരിയായിരുന്നു പിയൂഷ് പാണ്ഡെയുടെ കയ്യൊപ്പ് പതിഞ്ഞ കാഡ്ബറിയുടെ ഈ പരസ്യം.

ക്രിക്കറ്റ് കളി കണ്ട് കാഡ്ബറി ചോക്ലേറ്റ് ആസ്വദിച്ചിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടി തന്റെ പ്രിയപ്പെട്ട കളിക്കാരന്‍ 99 റണ്‍സില്‍ എത്തിനില്‍ക്കെ ഔട്ടോ സിക്‌സോ എന്നറിയാത്ത ഒരു ഷോട്ട് പായിക്കുന്നതും ആകാംക്ഷയെ മറികടന്ന ആ ഷോട്ട് സിക്‌സ് ആകുമ്പോള്‍ നിയന്ത്രണങ്ങളെയെല്ലാം മറികടന്ന് ക്രിക്കറ്റ് മൈതാനത്തേയ്ക്ക് ഓടിക്കയറുന്ന ആ പരസ്യചിത്രം അക്കാലത്ത് ഹിറ്റായിരുന്നു. കുച്ച് ഹാസ് ഹേ ഹം സഭി മേം, കുച്ച് ബാത്ത് ഹേ ഹം സഭീ മേം എന്ന് തുടങ്ങി പരസ്യത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ നിറഞ്ഞ് നില്‍ക്കുന്ന സംഗീതസാന്ദ്രമായ വരികളായിരുന്നു ആ പരസ്യത്തിന്റെ ഹൈലെറ്റ്. ഗ്രൗണ്ടില്‍ പ്രവേശിക്കുന്നത് സുരക്ഷാ ഗാര്‍ഡുകള്‍ തടയാന്‍ ശ്രമിക്കുന്നതും, നിഷ്‌കളങ്കവും കുട്ടിത്തം നിറഞ്ഞതുമായ സന്തോഷത്തോടെ അവള്‍ അവരെ കടന്നുപോകുന്നതും ജനക്കൂട്ടം ആര്‍പ്പ് വിളിക്കുന്നതും അതിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടി ഗ്രൗണ്ടില്‍ എല്ലാം മറന്ന് നൃത്തം വെയ്ക്കുന്നതുമെല്ലാം വളരെ ആസ്വാദ്യകരമായി കാഡ്ബറി എന്ന ബ്രാന്‍ഡിനെ കൃത്യമായ പ്ലെയ്‌സ് ചെയ്യുന്നതായിരുന്നു. സ്‌ക്രീനില്‍
'അസ്‌ലി സ്വാദ് സിന്ദഗി കാ' എന്ന് തെളിഞ്ഞ വരിയും അക്കാലത്ത് ഹിറ്റായിരുന്നു.

Those growing up in the 1990s are unlikely to have forgotten Cadbury Dairy Milk’s chocolate ad set in a cricket stadium where a young woman runs past the security, disrupts the match and dances merrily on the ground to celebrate her boyfriend’s winning runs with a Dairy Milk in her hand.
1990കളിൽ ഹിറ്റായി മാറിയ കാഡ്ബറി പരസ്യം

1994-ലെ ആ കാഡ്ബറി ഡയറി മില്‍ക്കിൻ്റെ പരസ്യം വെറുമൊരു പരസ്യമായിരുന്നില്ല. ഇന്ത്യന്‍ പരസ്യ മേഖലയില്‍ അപൂര്‍വ്വമായി സംഭവിച്ച ഒരുപാട് സര്‍ഗാത്മക ഇടപെടലുകളുടെ കൂട്ടായ്മയില്‍ പിറന്ന ഒന്നായിരുന്നു ആ പരസ്യം. ആ പരസ്യത്തിലെ മോഡല്‍ ഷിമോണ റാഷി ഇന്ത്യന്‍ ജനതയുടെ പ്രണയിനി ആയി മാറിയതും പരസ്യത്തിലെ വരികള്‍ ഇന്ത്യക്കാര്‍ ഏറ്റ് പാടിയതും ചരിത്രമാണ്. ഒരു ബോര്‍ഡിംഗ് പാസിലായിരുന്നു പാണ്ഡെ ആ വരികള്‍ എഴുതിയത്. ആ പരസ്യത്തിന്റെ പിറവിയക്ക് പിന്നിലെ കഥകൂടിയാണ് ആ ബോര്‍ഡിംഗ് പാസ്സിന് പറയാനുള്ളത്.

കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ള ഒരു ട്രീറ്റ് എന്ന നിലയില്‍ മാത്രം പരിഗണിക്കപ്പെടുന്ന പ്രതിച്ഛായ പ്രശ്‌നത്തെ മറികടക്കാന്‍ 1994-ല്‍ കാഡ്ബറി തീരുമാനിച്ചു. മുതിര്‍ന്നവര്‍ക്കിടയില്‍ ഒരു 'ചോക്ലേറ്റ് കൂള്‍' ഉണ്ടാക്കണം എന്നായിരുന്നു പരസ്യങ്ങള്‍ ചെയ്തിരുന്ന ഓഗില്‍വിയോടുള്ള കാഡ്ബറിയുടെ ആവശ്യം. കാഡ്ബറിയുടെ ആവശ്യത്തെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ അതൊരു തിരിച്ചടിയാകുമെന്ന വെല്ലുവിളി ഓഗില്‍വിയ്ക്ക് മുന്നിലെത്തി. ആ സമയത്ത് പിയൂഷ് പാണ്ഡെ അമേരിക്കയില്‍ ദീപാവലിയുടെ ഭാഗമായുള്ള അവധിക്കാല യാത്രയിലായിരുന്നു. കാഡ്ബറിയുടെ ആവശ്യം അറിയിച്ച് ഓഗില്‍വിയുടെ ബോസ് പാണ്ഡെയെ വിളിച്ചു. അസാധാരണമായും അടിയന്തരമായും എന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യകത പാണ്ഡയെ ബോധ്യപ്പെടുത്തി. പാണ്ഡെ ബോംബെയിലേക്കുള്ള അടുത്ത വിമാനം ബുക്ക് ചെയ്തു.

അറ്റ്‌ലാന്റിക്ക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ തന്റെ ബോര്‍ഡിംഗ് പാസിന്റെ പിന്നില്‍ പരസ്യത്തിന്റെ വൈകാരിക കൊളുത്തായി മാറേണ്ടത് എന്താണെന്ന് പാണ്ഡെ കുറിച്ചു 'There's something so real... in everyone. There's something so real... ask anyone..' വീട്ടിലെത്തിയ പാണ്ഡെ തന്റെ സുഹൃത്തും ഇതിഹാസ ജാസ് സംഗീതജ്ഞനുമായ ലൂയിസ് ബാങ്ക്‌സിനെ വിളിച്ചു. വളരെ വേഗം അതിന്റെ കംമ്പോസിംഗ് കഴിഞ്ഞു. ഗാരി ലോയര്‍ ആലപിച്ച ഇംഗ്ലീഷ് പതിപ്പിന്റെ റെക്കോര്‍ഡിംഗ് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയായി. എന്നാല്‍ ഈ ഗാനം ഇന്ത്യന്‍ ശബ്ദത്തില്‍ ആളുകളുടെ കാതുകളെയും ഹൃദയങ്ങളെയും കീഴടക്കണമെന്ന് പാണ്ഡെ തീരുമാനിച്ചു. അങ്ങനെയാണ് ബാങ്ക്‌സിന്റെ കംമ്പോസിംഗ് മീറ്റര്‍ നിലനിര്‍ത്തിക്കൊണ്ട് അദ്ദേഹം ഹിന്ദിയില്‍ വരികള്‍ വീണ്ടും എഴുതി. കുച്ച് ഹാസ് ഹേ ഹം സഭി മേം, കുച്ച് ബാത്ത് ഹേ ഹം സഭീ മേം എന്ന് തുടങ്ങുന്ന ഗാനം പിറക്കുന്നത്. ശങ്കര്‍ മഹാദേവനെ കൊണ്ടാണ് ആ ഗാനം റെക്കോര്‍ഡ് ചെയ്യിച്ചത്.

The Indian advertising industry lost one of its brightest creative minds as Piyush Pandey passed away on Thursday. A name synonymous with storytelling and emotion-driven campaigns, Pandey spent over four decades with Ogilvy India, transforming the face of Indian advertising.
പിയൂഷ് പാണ്ഡെ

പരസ്യത്തില്‍ നൃത്തം ചെയ്യാന്‍ ആവശ്യമായ മോഡലിനെ തിരഞ്ഞെടുത്തപ്പോഴും പരമ്പരാഗത കാഴ്ചപ്പാടുകളെ പാണ്ഡെയും സംഘവും മറികടന്നിരുന്നു. അതിരുകളില്ലാത്ത സന്തോഷം പകര്‍ന്ന് നല്‍കാന്‍ സാധിക്കുന്ന ഒരു ഫെയ്‌സ് എന്നത് മാത്രമായിരുന്നു പാണ്ഡെയുടെ പരിഗണന. ഗ്ലാമറാസായ മോഡലുകളുടെയോ വൈദഗ്ധ്യമുള്ള ഒരു നര്‍ത്തകിയുടെയോ പിന്നാലെ പോകാന്‍ പാണ്ഡെ തയ്യാറായില്ല. വളരെ റഫായി നൃത്തം ചെയ്യാന്‍ കഴിയുന്ന ഒട്ടും പരിശീലനം ലഭിക്കാത്ത മോഡലിനെയായിരുന്നു പാണ്ഡെ മനസ്സില്‍ കണ്ടത്. ആ തിരച്ചിലാണ് ഒടുവില്‍ ഷിമോണ റാഷിയില്‍ എത്തുന്നത്.

മഹേഷ് മത്തായി സംവിധാനം ചെയ്ത പരസ്യം മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് ചിത്രീകരിച്ചത്. ഷിമോണയുടെ രംഗങ്ങള്‍ ഒറ്റ ടേക്കിലാണ് പകര്‍ത്തിയത്. വലിയ രീതിയിലുള്ള റിഹേഴ്‌സലുകളോ റീടേക്കുകളോ ഇല്ലാത്ത ചിത്രീകരണം. അവളും ചോക്ലേറ്റും സംഗീതവും അയത്‌നലളിതമായ ഡാന്‍സ് ചുവടുകളും ഇന്ത്യക്കാരുടെ ഹൃദയത്തില്‍ കയറിക്കൂടി. ഇന്ത്യ സന്തോഷത്തോടെ ചോക്ലേറ്റിനെ പ്രണയിക്കുന്നതാണ് പിന്നീട് കണ്ടത്. ക്രിക്കറ്റ് മത്സരങ്ങള്‍ക്കും വാര്‍ത്താ ബുള്ളറ്റിനുകള്‍ക്കുമിടയില്‍ ഇത് കണ്ടു വളര്‍ന്ന ഒരു തലമുറ കാഡ്ബറി പരസ്യത്തിലെ പെണ്‍കുട്ടിയുടെ അതിരുകളില്ലാത്ത സന്തോഷത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു.

ഈ പരസ്യം എല്ലാ പ്രധാന പരസ്യ അവാര്‍ഡുകളും നേടി. പിന്നീട് അഡ്വര്‍ടൈസിംഗ് ക്ലബ് ബോംബെയുടെ ആബി അവാര്‍ഡുകളില്‍ 'നൂറ്റാണ്ടിന്റെ കാമ്പെയ്ന്‍' എന്ന് ഈ പരസ്യം വിശേഷിപ്പിക്കപ്പെട്ടു. പിന്നീട് ഒന്നര ദശകത്തിന് ശേഷം ആശയത്തില്‍ ലിംഗഭേദം വരുത്തി ഈ പരസ്യം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു യുവാവ് മൈതാനത്തേക്ക് ഓടുന്നതും ഒരു സ്ത്രീ സിക്‌സര്‍ പായിക്കുന്നതുമായിരുന്നു പുതിയ പരസ്യത്തില്‍ ഉണ്ടായിരുന്നത്.

കാഡ്ബറിയുടെ ഈ പരസ്യത്തിന് മുന്‍പും ശേഷവും പിയൂഷ് പാണ്ഡെയുടെ സര്‍ഗാത്മകതയുടെ ആഴവും പരപ്പും ഇന്ത്യന്‍ പരസ്യലോകം കണ്ടു. ഇന്ത്യയുടെ കലാരൂപങ്ങളും സംസ്‌കാരികചിഹ്നങ്ങളും എന്നു വേണ്ട ദൈനംദിനജീവിതത്തിലെ സുഖദു:ഖങ്ങള്‍ വരെ ഓരോ പരസ്യങ്ങളിലും എത്തി. പരസ്യം എന്നാല്‍ നിമിഷനേരങ്ങള്‍കൊണ്ട് കാണുന്നവന്റെ ഉള്ളില്‍ കയറിക്കൂടുന്നതായിരിക്കണം എന്ന അടിസ്ഥാന നിര്‍വചനത്തെ, പിയൂഷ് പാണ്ഡെയോളും പ്രാവര്‍ത്തികമാക്കിയ മറ്റൊരു പ്രതിഭ ഉണ്ടോ എന്ന് സംശയമാണ്.

Content Highlights: Piyush Pandey the man who gave India its most memorable jingles and campaigns

dot image
To advertise here,contact us
dot image