

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മുന്‍കാല തെരഞ്ഞെടുപ്പ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ സമസ്തിപൂരില്‍ നടന്ന റാലിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ബിഹാര്‍ ഇപ്പോള്‍ നിക്ഷേപകരുടെ പ്രിയപ്പെട്ട സംസ്ഥാനമായി മാറി. എല്ലാ ജില്ലകളും യുവാക്കളുടെ സ്റ്റാര്‍ട്ടപ്പുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ബിഹാറിന് നല്ല ഭാവിയുളളതായി ഞാന്‍ കാണുന്നു. ബിഹാറിലെ ജനങ്ങള്‍ സത് ഭരണത്തിനായി വോട്ട് ചെയ്യും. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ബിഹാറിന്റെ വളര്‍ച്ച അതിവേഗമാകും' നരേന്ദ്രമോദി പറഞ്ഞു. ആര്‍ജെഡിയും കോണ്‍ഗ്രസും അഴിമതിക്കാരാണെന്നും അവരുടെ നേതാക്കളെല്ലാം ജാമ്യത്തില്‍ പുറത്തിറങ്ങി നടക്കുന്നവരാണെന്നും മോദി പറഞ്ഞു. ഭാരത് രത്‌ന കര്‍പൂരി താക്കൂറിന്റെ 'ജനനായക്' പദവി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു.
'പരസ്പരം പോരടിക്കുന്നവരുടെ കൂട്ടുകെട്ടാണ് ഇന്‍ഡ്യാ സഖ്യം. ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ അഴിമതിക്കാരാണ്. അതില്‍ പലരും ജാമ്യത്തിലിറങ്ങി നടക്കുകയാണ്. ജെഎംഎം പോലുളള പാര്‍ട്ടികള്‍ക്ക് അവര്‍ സീറ്റ് നല്‍കാതെ അവഗണിച്ചു. എന്നാല്‍ എന്‍ഡിഎ സഖ്യം ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 2005 മുതല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാണ്. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനം ബിഹാറിൻ്റെ വികസനത്തിന് തടസമായി. എന്‍ഡിഎ സര്‍ക്കാരിന് ജെഡിയു സഹകരണം വാഗ്ദാനം ചെയ്തപ്പോള്‍ പിന്തുണ പിന്‍വലിക്കുമെന്ന് ആര്‍ജെഡി ഭീഷണിപ്പെടുത്തി': മോദി പറഞ്ഞു.
ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയാല്‍ നിതീഷ് കുമാറിനെ അവര്‍ ഒരിക്കലും മുഖ്യമന്ത്രിയാക്കില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 'തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം ബിഹാറിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കില്ല. നിതീഷല്ല, ഗുജറാത്തില്‍ നിന്നുളള രണ്ടുപേരാണ് ഇപ്പോള്‍ ബിഹാറിനെ ഭരിക്കുന്നത്': തേജസ്വി യാദവ് പറഞ്ഞു.
തേജസ്വി യാദവാണ് മഹാഗഡ്ബന്ധന്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ മുതിര്‍ന്ന നേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തിയാണ് തേജസ്വി യാദവിനെ മഹാഗഡ്ബന്ധന്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹത്തിന് ദീര്‍ഘമായ ഭാവി മുന്നിലുണ്ടെന്നുമായിരുന്നു അശോക് ഗെഹ്ലോട്ട് പറഞ്ഞത്. ബിഹാറിലെ 243 മണ്ഡലങ്ങളിലേക്കും രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ആറിനും പതിനൊന്നിനുമാണ് വോട്ടെടുപ്പ്. നവംബര്‍ പതിനാലിനാണ് വോട്ടെണ്ണല്‍.
Content Highlights: 'Under Nitish Kumar, NDA will break past records and come to power': Narendra Modi