വിവാഹാലോചന ചർച്ച ചെയ്യാൻ വിളിച്ചുവരുത്തി; യുവതിയുടെ കുടുംബം 26കാരനെ അടിച്ചുകൊന്നു

കേസിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേർ ഇപ്പോഴും ഒളിവിലാണെന്നും ഗുജറാത്ത് പൊലീസ് പറഞ്ഞു

വിവാഹാലോചന ചർച്ച ചെയ്യാൻ വിളിച്ചുവരുത്തി; യുവതിയുടെ കുടുംബം 26കാരനെ അടിച്ചുകൊന്നു
dot image

മുംബൈ: വിവാഹാലോചന ചർച്ച ചെയ്യാനെന്ന വ്യാജേന യുവതിയുടെ കുടുംബം യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ച് കൊലപ്പെടുത്തി. രാമേശ്വർ ഗെങ്കാട്ട് എന്ന 26-കാരനാണ് കൊല്ലപ്പെട്ടത്. ജൂലൈ 22-ന് പൂനെയ്ക്കടുത്തുള്ള പിംപ്രി ചിഞ്ച്‌വാഡിലെ സാങ്‌വി പ്രദേശത്തായിരുന്നു സംഭവം. കേസിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേർ ഇപ്പോഴും ഒളിവിലാണെന്നും ഗുജറാത്ത് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

"രാമേശ്വർ ഗെങ്കാട്ടിനെ മർദിച്ച് കൊലപ്പെടുത്തിയതിന് സ്ത്രീയുടെ പിതാവ് പ്രശാന്ത് സർസാർ ഉൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്," സാങ്‌വിയിലെ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ ജിതേന്ദ്ര കോലി പറഞ്ഞു.

ഇവരുടെ ബന്ധു തന്നെയായിരുന്നു രാമേശ്വർ. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതിനാൽ യുവതിയുടെ കുടുംബം ബന്ധത്തെ എതിർത്തിരുന്നു. പോക്‌സോ കേസുകളടക്കം ഇയാൾക്കെതിരെയുണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പമാണ് യുവാവ് യുവതിയുടെ കുടുംബത്തെ സന്ദർശിച്ചത്. തുടർന്ന് ഇരുകുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യുവതിയുടെ പിതാവും മറ്റുള്ളവരും രാമേശ്വറിനെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചുവെന്ന് പൊലീസ് പറഞ്ഞു.

അടിയേറ്റ് രാമേശ്വറിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാമേശ്വറിന്റെ കുടുംബം നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: Called To Discuss Marriage Proposal Woman's Family Beats Man To Death

dot image
To advertise here,contact us
dot image