
ന്യൂഡൽഹി: യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമർ സെലൻസ്‌കിയുമായി ടെലഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ സംഘടനയുടെ ഉച്ചകോടിയ്ക്കിടെ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ചകൾ നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് മുന്നോടിയായാണ് മോദി-സെലൻസ്കി ടെലഫോൺ സംഭാഷണം നടന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ റഷ്യ-യുക്രെയ്ൻ സംഘർഷം ചർച്ചയായതായാണ് വിവരം. ഇരു രാജ്യങ്ങൾക്കും ഇടയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തതായി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
'പ്രസിഡന്റ് സെലൻസ്‌കി ഇന്ന് നടത്തിയ ഫോൺ കോളിന് നന്ദി. നിലവിലുള്ള സംഘർഷത്തെക്കുറിച്ചും അതിന്റെ മാനുഷിക വശങ്ങളെക്കുറിച്ചും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ ഞങ്ങൾ പങ്കിട്ടു. ഈ ദിശയിലുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പൂർണ്ണ പിന്തുണ നൽകുന്നു' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചത്.
പ്രസിഡന്റ് ട്രംപുമായി ചർച്ച നടത്താനും റഷ്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാനുമുള്ള യുക്രെയ്ൻ്റെ സന്നദ്ധത സംഭാഷണത്തിൽ സെലൻസ്കി വ്യക്തമാക്കി. 'ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഞാൻ സംസാരിച്ചു. യൂറോപ്യൻ നേതാക്കളുടെ സാന്നിധ്യത്തിൽ വാഷിംഗ്ടണിൽ ട്രംപുമായി നടത്തിയ ചർച്ചകളെക്കുറിച്ച് ഞാൻ അദ്ദേഹത്തെ അറിയിച്ചു. അത് ഗുണപരമായതും പ്രധാനപ്പെട്ടതുമായ ഒരു ചർച്ചയായിരുന്നു. യഥാർത്ഥ സമാധാനം എങ്ങനെ കൈവരിക്കാം എന്നതിനെക്കുറിച്ച് പങ്കാളികൾ തമ്മിൽ പങ്കിട്ട കാഴ്ചപ്പാടായിരുന്നു അത്. റഷ്യയുടെ തലവനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സന്നദ്ധത യുക്രെയ്ൻ വ്യക്തമാക്കി' എന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.
റഷ്യ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെക്കുറിച്ചും സെലൻസ്‌കി എടുത്തുപറഞ്ഞു. നയതന്ത്ര പരിഹാരത്തിന് മോസ്കോ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും സിവിലിയന്മാർക്കെതിരായ ആക്രമണം തുടരുകയാണെന്നും സെലൻസ്കി കുറ്റപ്പെടുത്തി. ആക്രമണത്തിൽ ഇരകളായവർക്ക് അനുശോചനം അറിയിച്ചതിന് പ്രധാനമന്ത്രി മോദിയോട് സെലൻസ്‌കി നന്ദി പറയുകയും സമാധാനത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെ പ്രശംസിക്കുകയും ചെയ്തു.
ഈ മാസം ഇത് രണ്ടാം തവണയാണ് സെലൻസ്കിയും മോദിയും തമ്മിൽ ടെലഫോണിൽ സംസാരിക്കുന്നത്. നേരത്തെ ഓഗസ്റ്റ് 11ന് നരേന്ദ്ര മോദി സെലൻസ്‌കിയുമായി ടെലഫോണിൽ സംസാരിച്ചിരുന്നു. ഇരുവരും തമ്മിൽ നടത്തിയ ആശയവിനിമയം സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവന പുറത്തിറക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി ടെലഫോണിൽ സംസാരിച്ചു. യുക്രെയ്‌നുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് യുക്രെയ്ൻ പ്രസിഡന്റ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു. സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ ഉറച്ചതും സ്ഥിരവുമായ നിലപാട് വീണ്ടും ഉറപ്പിച്ചുവെന്നുമായിരുന്നു പ്രതിരോധ മന്ത്രാലയത്തിൻ്റെ പ്രസ്താവന.
അതേസമയം, ഓഗസ്റ്റ് 31 ഞായറാഴ്ച നടക്കുന്ന 2025 എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്. ഉച്ചകോടിക്കിടെ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും കാണുമെന്നാണ് വിവരം.
Content Highlights: Prime Minister Narendra Modi speaks to Ukrainian President Volodymyr Zelensky over phone