
കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അതുല്യയെ ഭര്‍ത്താവ് സതീഷ് ഭീഷണിപ്പെടുത്തുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. 'നിന്നെ കൊന്ന് കൊലവിളിച്ചിട്ട് ജയിലില്‍ പോകും' എന്നാണ് സതീഷ് പറയുന്നത്. തന്റെ കൂടെ ജീവിക്കുവാണെങ്കില്‍ ജീവിക്കുമെന്നും അല്ലെങ്കില്‍ നീ എവിടെയും പോകില്ലെന്നും സതീഷ് പറയുന്നുണ്ട്. വീട്ടില്‍ നിന്ന് പുറത്തുപോയാല്‍ കൊന്നിട്ടേ അടങ്ങുകയുള്ളൂ എന്നും ഇയാള്‍ ഭീഷണിമുഴക്കുന്നുണ്ട്. അതുല്യ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് അതുല്യ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങളെന്ന് കുടുംബം പറഞ്ഞു.
അതുല്യ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കടുത്ത അസഭ്യ വര്‍ഷമാണ് സതീഷ് നടത്തുന്നത്. അതുല്യയെ ഷാര്‍ജയിലെ വീട്ടില്‍ തളച്ചിടാനുള്ള ശ്രമമാണ് സതീഷ് നടത്തുന്നത്. ഷാര്‍ജ വിട്ട് നീയെവിടെയും പോകില്ലെന്നും അല്ലെങ്കിലും നീ എവിടെ പോകാനാണെന്നും വീഡിയോയില്‍ ഇയാള്‍ ചോദിക്കുന്നുണ്ട്. ആര്‍ക്കൊപ്പവും ജീവിക്കാന്‍ അനുവദിക്കില്ല. കുത്തിക്കൊല്ലുമെന്നും ഇയാള്‍ പറയുന്നു. മര്‍ദനമേറ്റ് അതുല്യ നിലവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. പത്ത് വര്‍ഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നുണ്ട്. അതേസമയം ദൃശ്യങ്ങള്‍ പഴയതെന്നാണ് പ്രതിഭാഗം പറയുന്നത്. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ അതുല്യയെ സതീഷ് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ അടങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സതീഷില്‍ നിന്ന് അതുല്യ ക്രൂര പീഡനം നേരിട്ടിരുന്നുവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
പിന്നാലെ അതുല്യ ജീവനൊടുക്കിയതാണെന്ന വാദവുമായി സതീഷും രംഗത്തെത്തി. അതുല്യയെ മര്‍ദ്ദിക്കാറുണ്ടെന്ന് സമ്മതിച്ച സതീഷ് മദ്യലഹരിയില്‍ സംഭവിച്ചതാണെന്നും പറഞ്ഞിരുന്നു. അതുല്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സതീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കം ചുമത്തി ചവറ പൊലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. നാട്ടിലെത്തിയ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍ വിട്ടയച്ചിരുന്നു.
Content Highlights- Satheesh raise threatenting against athulya who found dead in sharjah