കേരളത്തിലെ ദേശീയപാത നിർമാണത്തിൽ ക്രമക്കേട്?; സംശയവുമായി പിഎസി റിപ്പോർട്ട്

ദേശീയപാത അതോറിറ്റിയുടെ പ്രവർത്തനത്തിൽ സമഗ്ര ഓഡിറ്റ് വേണമെന്ന് ശുപാർശ, ഓർഡർ തുകയുടെ പകുതിയ്ക്കാണ് ഉപ കരാർ നൽകുന്നതെന്ന് കണ്ടെത്തൽ

dot image

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളിക്കളയാതെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി(പിഎസി) റിപ്പോർട്ട്. ദേശീയപാത അതോറിറ്റിയുടെ പ്രവർത്തനത്തിൽ സമഗ്ര ഓഡിറ്റ് വേണമെന്ന് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചു. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു വീണ സംഭവം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇവിടെ ഡിസൈനിൽ തകരാർ ഉണ്ടായെന്ന് ദേശീയ പാത അതോറിറ്റി സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനുത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും ശുപാർശയിലുണ്ട്.

ഓരോ സംസ്ഥാനത്തും പാതയുടെ മാതൃക തീരുമാനിക്കുമ്പോൾ വിശാലമായ കൂടിയാലോചനകൾ വേണമെന്നും ഇതിൽ എംപിമാരുൾപ്പടെ ജനപ്രതിനിധികളുമായും സംസ്ഥാന വിദഗ്ധരുമായും കൂടിയാലോചന വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാതയുടെ ഡിസൈൻ തയ്യാറാക്കാനും അംഗീകരിക്കാനുമുള്ള സംവിധാനം ദേശീയപാത അതോറിറ്റിക്ക് വേണം. ടോൾ പിരിവിന് പ്രത്യേക നിയന്ത്രണ അതോറ്റി രൂപീകരിക്കണമെന്നും കെ സി വേണുഗോപാല്‍ എംപി ചെയര്‍മാനായ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

അതേസമയം ദേശീയപാത നിർമാണ ഉപകരാറുകൾ കുറഞ്ഞ തുകയ്ക്ക് നൽകുന്നതിൽ പിഎസി ആശങ്ക രേഖപ്പെടുത്തി. കേരളത്തിൽ ഓർഡർ തുകയുടെ പകുതിയ്ക്കാണ് ഉപകരാർ നൽകുന്നതെന്നാണ് കണ്ടെത്തൽ. ഉപകരാറിന്റെ വിശദമായ വിലയിരുത്തൽ ഗതാഗത മന്ത്രാലയം നടത്തണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. നിർമാണത്തിൽ വീഴ്ച വരുത്തുന്ന കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ഭാവിയിൽ ഇവർക്ക് കരാർ നൽകരുതെന്നും ശുപാർശയുണ്ട്.

Content Highlights : Irregularities in the construction of national highways in Kerala?; Public Accounts Committee report raises doubts


dot image
To advertise here,contact us
dot image