ശ്വാസകോശത്തിന്റെ ആരോഗ്യം വീട്ടില്‍ത്തന്നെ പരിശോധിക്കാം; 'ബോള്‍ട്ട്' ടെസ്റ്റിലൂടെ

വളരെ ലളിതമായ ശ്വസന പരിശോധനയാണ് ബോള്‍ട്ട് ടെസ്റ്റ് അഥവാ ബോഡി ഓക്‌സിജന്‍ ലെവല്‍ ടെസ്റ്റ്

dot image

നിങ്ങളുടെ ശ്വാസകോശം ആരോഗ്യമുള്ളതാണോ എന്നറിയാന്‍ ആഗ്രഹമില്ലേ? എന്നാല്‍ വീട്ടിലിരുന്ന് ഈ ലളിതമായ ടെസ്റ്റ് ചെയ്തുനോക്കൂ. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും.

എന്താണ് ബോള്‍ട്ട് ടെസ്റ്റ്

സാധാരണപോലെ ശ്വാസം എടുത്ത ശേഷം നിങ്ങളുടെ ശ്വാസം സുഖമായി പിടിച്ചുനിര്‍ത്താനുള്ള കഴിവ് ബോള്‍ട്ട് പരിശോധന ഉപയോഗിച്ച് നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് കാര്‍ബണ്‍ഡൈ ഓക്‌സൈഡിനോട് പ്രവര്‍ത്തിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് കാണിച്ച് തരും. ഡോ. സുധീര്‍ കുമാര്‍ എക്‌സില്‍ പങ്കിട്ട പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. ഇത് വെറുമൊരു ശ്വാസം പിടിച്ചുവയ്ക്കല്‍ മത്സരം അല്ല. അതിന് വിപരീതമായി നിങ്ങളുടെ ശ്വസന ആരോഗ്യം അളക്കുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു ശാസ്ത്രീയ പിന്തുണ നല്‍കുന്ന ടെസ്റ്റ് ആണ്.

എങ്ങനെയാണ് ബോള്‍ട്ട് ടെസ്റ്റ് ചെയ്യുന്നത്

ആദ്യം സ്വസ്ഥത ഉളള ഇടത്ത് സുഖകരമായി നിവര്‍ന്ന് ഇരുന്ന് 2, 3 മിനിറ്റ് സാധാരണ രീതിയില്‍ മൂക്കിലൂടെ ശ്വസിക്കുക.

പതുക്കെ വേണം ശ്വാസമെടുക്കാന്‍. ആഴത്തിലുള്ള ശ്വസനം വേണ്ട. പിന്നീട് മൂക്കിലൂടെ സാധാരണ പോലെ ശ്വാസം പുറത്ത് വിടുക. സാവധാനം വേണം ശ്വാസം പുറത്തേക്ക് വിടാന്‍

തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് നാസാദ്വാരങ്ങള്‍ അടയ്ക്കുക.ഉടന്‍തന്നെ സ്റ്റോപ്പ് വാച്ച് ഓണ്‍ ചെയ്യാം.ശ്വസിക്കാനുള്ള ആദ്യത്തെ പ്രേരണ ഉണ്ടാകുന്നതുവരെ ശ്വാസം പിടിച്ച് വയ്ക്കുക. അസ്വസ്ഥതയോ ശ്വാസംമുട്ടലോ ഉണ്ടാകാതെ അപ്പോള്‍ തന്നെ ശ്വാസം പുറത്തുവിടാം.

ടൈമര്‍ നിര്‍ത്തി സെക്കന്റുകള്‍ക്കുള്ളില്‍ എത്ര സമയം ശ്വാസം പിടിച്ച് നിര്‍ത്തിയെന്നുള്ള സ്‌കോര്‍ പരിശോധിക്കുക.ശ്വസിക്കാനുള്ള പ്രേരണ തോന്നുന്നതിന് മുന്‍പ് നിങ്ങള്‍ സുഖകരമായി ശ്വാസം പിടിച്ചുവയ്ക്കുന്ന സമയമാണ് ബോള്‍ട്ട് സ്‌കോര്‍.

ശ്വസന കാര്യക്ഷമത പരിശോധിക്കുന്നത് എങ്ങനെ

20 മുതല്‍ 30 സെക്കന്റ് വരെ - ഈ സമയ പരിധി മിക്ക ആരോഗ്യമുള്ള മുതിര്‍ന്നവരിലും സാധാരണമാണ്. ശ്വസനരീതികളും ശ്വാസകോശ പ്രവര്‍ത്തനവും ആരോഗ്യകരമായ പരിധിക്കുളളിലാണെന്ന് ഇത് സൂചിപ്പിക്കുന്നു.

40 സെക്കന്‍ഡില്‍ കൂടുതല്‍ - 40 സെക്കന്‍ഡില്‍ കൂടുതലുള്ള സ്‌കോറുകള്‍ പലപ്പോഴും എന്‍ഡുറന്‍സ് അത്‌ലറ്റുകള്‍, യോഗ പ്രാക്ടീഷണര്‍മാര്‍, ശ്വസന വ്യായാമങ്ങള്‍ പതിവായി പരിശീലിക്കുന്നവര്‍ എന്നിവരില്‍ കാണപ്പെടുന്നു.

20 സെക്കന്‍ഡില്‍ താഴെ - ഈ സ്‌കോര്‍ ഉള്ളവരുടെ ശ്വസന ശീലങ്ങള്‍ മോശമാണെന്നോ, ശാരീരിക ക്ഷമത കുറവാണെന്നോ, ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരോ ആണെന്ന് മനസിലാക്കാം. നിങ്ങളുടെ ബോള്‍ട്ട് സ്‌കോര്‍ സ്ഥിരമായി കുറവാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് വേണ്ട ചികിത്സ തേടേണ്ടതാണ്.

(ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും ഈ ടെസ്റ്റ് ചെയ്യരുത്. ഈ ലേഖനം വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

Content Highlights :Lung health can be tested at home with the 'Bolt' test

dot image
To advertise here,contact us
dot image