
തിരുവനന്തപുരം: നിലമ്പൂർ-കോട്ടയം, കോട്ടയം- നാഗർകോവിൽ എക്‌സ്പ്രസുകളിൽ രണ്ട് സെക്കൻ്റ് സിറ്റിങ് കോച്ചുകൾ കൂടി അനുവദിച്ചു. കോട്ടയം-കൊല്ലം പാസഞ്ചർ, കൊല്ലം-ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ-കൊല്ലം പാസഞ്ചർ, കൊല്ലം-തിരുവനന്തപുരം പാസഞ്ചർ, തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ എന്നിവയിലും കോച്ചുകൾ കൂടും.
നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസിൽ ഓഗസ്റ്റ് 15 മുതലും കോട്ടയം-നിലമ്പൂർ, നിലമ്പൂർ-കോട്ടയം എക്‌സ്പ്രസുകളിൽ ഓഗസ്റ്റ് 16 മുതലുമാണ് കോച്ചുകൾ കൂടുന്നത്. മറ്റു ട്രെയിനുകളിൽ ഓഗസ്റ്റ് 17 മുതലാണ് അധിക കോച്ചുകൾ ഉണ്ടാവുക. ഇതോടെ ഈ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 14ൽനിന്ന് 16 ആകും.
ഷൊർണൂർ- നിലമ്പൂർ പാതയിലെ തിരക്ക് പരിഗണിച്ച് ട്രെയിനിൽ രണ്ട് റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ പ്രിയങ്ക ഗാന്ധി, ഇടി മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, പി വി അബ്ദുൾ വഹാബ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ കേന്ദ്ര റെയിൽവെ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. നിലമ്പൂർ പാതയിലെ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ നീളക്കുറവാണ് കോച്ചുകൾ കൂട്ടാനുള്ള പ്രധാന തടസമായി പറയുന്നത്. കൂടാതെ പ്ലാറ്റ്‌ഫോമുകളുടെ കുറവും പുതിയ സർവീസുകൾ ലഭിക്കാൻ തടസമാണ്.
Content Highlights: More coaches allowed in Nilambur-Kottayam and Kottayam-Nagercoil Expresses