ശാപം സ്വയമേറ്റതാണോ വേറെ ആരെയെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് കെ മുരളീധരൻ തന്നെ പറയട്ടെ: കെ സി വേണുഗോപാൽ

ദേശീയ പാത നിർമ്മാണത്തിലെ ഉപകരാറുകളിൽ കേരളത്തിൽ ഭീകരമായ അഴിമതി നടന്നിട്ടുണ്ടെന്നും കെ സി വേണുഗോപാൽ ആരോപിച്ചു

dot image

ന്യൂഡൽഹി: കെ കരുണാകരൻ്റെ ശാപമെന്ന കെ മുരളീധരന്റെ പരാമർശത്തോട് പ്രതികരിച്ച് കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. ആരെയാണ് ഉദ്ദേശിച്ച് എന്ന് കെ മുരളീധരൻ തന്നെ പറയട്ടെയെന്നായിരുന്നു കെ സി വേണു​ഗോപാലിൻ്റെ പ്രതികരണം. ശാപം സ്വയമേറ്റതാണോ, വേറെ ആരെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് അദ്ദേഹം തന്നെ പറയട്ടെയെന്ന് പ്രതികരിച്ച കെ സി വേണു​ഗോപാൽ അക്കാര്യത്തെപ്പറ്റി അത്രയേ പ്രതികരിക്കാനുള്ളും എന്നും വ്യക്തമാക്കി.

കെ കരുണാകരന്റെ മനസ്സിൽ വേദന ഉണ്ടാക്കിയവർ പൊങ്ങേണ്ട സമയത്ത് ദേശീയപാത തകർന്നതുപോലെ താഴോട്ട് പതിക്കുകയായിരുന്നുവെന്നും കെ കരുണാകരനിൽ നിന്ന് കിട്ടിയ ശാപമാണ് കാരണമെന്നും കഴിഞ്ഞ ദിവസം കെ മുരളീധരൻ പറഞ്ഞിരുന്നു. രമേശ് ചെന്നിത്തലയെയും കെ സി വേണു​ഗോപാലിനെയും കുറിച്ചായിരുന്നു കെ മുരളീധരൻ്റെ പരാമർശമെന്ന് വ്യാഖ്യാനങ്ങളുണ്ടായിരുന്നു. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന എം എ ജോൺ പുരസ്‌കാര സമർപ്പണ വേദിയിലായിരുന്നു കെ മുരളീധരൻ്റെ പരാമർശം. കെ കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്നും അദ്ദേഹത്തെ വേദിയിലിരുത്തി കെ മുരളീധരൻ പറഞ്ഞിരുന്നു. അതുകൊണ്ട് വി ഡി സതീശൻ്റെ പ്രമോഷന് ഭാവിയിലും തടസം ഉണ്ടാകില്ലെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.

എം പിമാർ സഞ്ചരിച്ച് വിമാനം അടിയന്തരമായി ലാൻ‌ഡ് ചെയ്ത വിഷയം രാഷ്ട്രീയവത്കരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കെ സി വേണു​ഗോപാൽ വ്യക്തമാക്കി. ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് ക്യാപ്റ്റൻ അനൗൺസ് ചെയ്യുന്നത്. ലാൻഡിങ്ങിന് തൊട്ട് മുൻപ് വീണ്ടും പറന്നുയർന്നു. റൺവേയിൽ മറ്റൊരു വിമാനത്തിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ക്യാപ്റ്റൻ തന്നെയാണ് പറഞ്ഞത്. വിഷയത്തിൽ സ്പീക്കർക്കും കേന്ദ്ര മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ടെന്നും ആരെയും കുറ്റപ്പെടുത്താനല്ല പോയതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

കേരളത്തിലെ ദേശീയ പാത തകർന്ന വിഷയത്തിലെ പിഎസി റിപ്പോർട്ടിനെക്കുറിച്ചും കെ സി വേണു​ഗോപാൽ പ്രതികരിച്ചു. ഡിപിആർ തയ്യാറാക്കുന്നതിന് മുൻപ് കൂടിയാലോചനകൾ ഉണ്ടാകണം. സർവീസ് റോഡുകളുടെ നിലവാരം ഉയർത്തണം. സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ടോൾ പിരിക്കുന്നത് നിർത്തിവയ്ക്കണം. നിർമ്മാണം പൂർത്തിയാകാത്ത റോഡുകളിൽ ടോൾ പിരിവ് നിർത്തിവയ്ക്കണം തുടങ്ങിയ ആവശ്യങ്ങളും ദേശീയ പാത വിഷയത്തിൽ കെ സി വേണു​ഗോപാൽ ചൂണ്ടിക്കാണിച്ചു.

കൂരിയാട് ദേശീയ പാതയുടെ തകർച്ചയിൽ ഡിസൈൻ പരാജയം എന്ന് ദേശീയ പാത അതോറിറ്റി സമ്മതിച്ചുവെന്നും കെ സി വേണു​ഗോപാൽ ചൂണ്ടിക്കാണിച്ചു. കൂരിയാട് കണ്ണ് തുറപ്പിക്കുന്ന സംഭവമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും കെ സി വേണു​ഗോപാൽ ചൂണ്ടിക്കാണിച്ചു. ഇപ്പോൾ എടുത്തിരിക്കുന്നത് പേരിനായി ഉള്ള നടപടി മാത്രമാണ്. പദ്ധതിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടിയെടുക്കണമെന്നും കെ സി വേണു​ഗോപാൽ ആവശ്യപ്പെട്ടു. കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട കെ സി വേണു​ഗോപാൽ കേരളത്തിൽ ഉപകരാറുകളിൽ ഭീകരമായ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ചു.

Content Highlights: KC Venugopal responds to K Muraleedharan's statement

dot image
To advertise here,contact us
dot image