
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചർച്ചയാണ് വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ ഇന്ത്യൻ ഇതിഹാസങ്ങൾ ഏകദിന ക്രിക്കറ്റിനോട് വിടപറയുമോ എന്നുള്ളത്. ടെസ്റ്റിൽ നിന്നും ട്വന്റി-20യിൽ നിന്നും നേരത്തെ തന്നെ വിരമിച്ച ഇരുവരും ഏകദിനത്തിൽ മാത്രമാണ് തുടരുന്നത്. എന്നാൽ ഇരുവരും ടെസ്റ്റിൽ നിന്നും വിരമിക്കാൻ പാടില്ലായിരുന്നു എന്ന് പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും അനലിസ്റ്റുമായ ആകാശ് ചോപ്ര.
2024 ട്വന്റി-20 ലോകകപ്പ് വിജയിച്ചതിന് ശേഷമാണ് ഇരുവരും ടി-20യോട് വിടപറഞ്ഞത്. ഇംഗ്ലണ്ട് പരമ്പരക്ക് തൊട്ടുമുന്നെ ടെസ്റ്റിൽ നിന്നും വിരമിച്ചു. എന്നാൽ ഇരുവരും ടെസ്റ്റിൽ തുരണമെന്നാണ് ചോപ്രയുടെ അഭിപ്രായം. 'സത്യം എന്താണെന്ന് പറഞ്ഞാൽ ടെസ്റ്റിൽ നിന്നുമല്ലായിരുന്നു ഇരുവരും വിരമിക്കേണ്ടിയിരുന്നത്. ടെസ്റ്റിൽ തുടരുകയും ഏകദിനത്തിൽ നിന്നും വിരമിക്കുകയും ചെയ്യുന്നതായിരുന്നു ഇരുവർക്കും നല്ലത്.
ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് കഴിഞ്ഞ 12 മാസത്തിനിടെ വെറും ആറ് ഏകദിനത്തിൽ മാത്രമാണ് ഇന്ത്യ കളിച്ചത്. ഒരു വർഷം നിങ്ങൾ ആറ് ടെസ്റ്റ് മാത്രം കളിച്ചാലും അത് 30 ദിവസത്തെ ക്രിക്കറ്റാണ്. എന്നാൽ ഏകദിനം അങ്ങനെയല്ല. അത് ആറ് ദിവസത്തെ മാത്രം കളിയാണ്.
ഐപിഎല്ലിന് ശേഷം 100 ദിവസത്തിന് ശേഷമായിരിക്കും ഇവർ അടുത്ത ഏകദിനത്തിൽ ഇവർ കളിക്കുന്നത്. നിങ്ങൾ കളിക്കുന്നില്ല, നിങ്ങൾ പരിശീലിക്കുന്നത് പോലുമില്ല,' തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു.
ഈ സാഹചര്യത്തിൽ ഇരുവരും എങ്ങനെയാണ് തയ്യാറെടുക്കുക എന്ന് മനസിലാകുന്നില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റിൽ നിന്നും വിരമിച്ചതിനാൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നതിലും അർത്ഥമില്ല.
Content Highlights- Akash Chopra says Virat and Rohit retired from wrong format