
ന്യൂഡല്‍ഹി: 'വോട്ട് ചോരി' ആരോപണത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദേശീയതലത്തില്‍ നിരവധി സീറ്റുകളില്‍ ഇത്തരത്തില്‍ വോട്ട് മോഷണമുണ്ടായിട്ടുണ്ടെന്നും അത് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയാവുന്ന കാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറയാണെന്നും അത് നടപ്പിലാക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഒരു സീറ്റിലല്ല, ഒരുപാട് സീറ്റുകളിലാണ്. ദേശീയതലത്തില്‍ ആസൂത്രിതമായി ചെയ്തതാണ്. അത് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയാം നമുക്കുമറിയാം. ആദ്യം തെളിവുകളുണ്ടായിരുന്നില്ല. ഇപ്പോള്‍ തെളിവുകളുണ്ട്. ഞങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറയാണ്. ഒരാള്‍ക്ക് ഒരു വോട്ട് നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. അവര്‍ അത് ചെയ്തില്ല. ഭരണഘടനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളത് തുടര്‍ന്നുകൊണ്ടേയിരിക്കും'- രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയും പ്രതിപക്ഷവും ഉയർത്തിയ വോട്ട് മോഷണ ആരോപണം വസ്തുതാപരമായി തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യാ മുന്നണി ഉന്നയിച്ച അവകാശവാദങ്ങളിൽ വസ്തുതാ പരിശോധന നടത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ബിഹാറിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടുള്ള പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (SIR) സുതാര്യതയുണ്ടെന്ന തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന രേഖകളുടെ ഒരു പട്ടികയും തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവെച്ചിട്ടുണ്ട്. ആർജെഡി, കോൺഗ്രസ്, സിപിഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ വീഡിയോ സാക്ഷ്യപത്രങ്ങൾ ഉൾപ്പെടെ തെളിവുകളായി തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചു.
Content Highlights: Rahul Gandhi against election commission on vote chori