
വഡോദര: ഭർത്താവിന് ബീജം കുറവായതിനാൽ കുഞ്ഞുണ്ടാവാൻ 40കാരിയെ ബലാത്സംഗം ചെയ്ത് ഭർതൃപിതാവും ഭർതൃസഹോദരിയുടെ ഭർത്താവും. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗർഭം അലസിയതിന് പിന്നാലെയാണ് നവപുര പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത്. പ്രതികൾക്കെതിരെ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുത്തു. തന്റെ സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. 2024 ഫെബ്രുവരിയിലാണ് യുവതി വിവാഹിതയായത്. തുടർന്ന് ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം.
ഏതാനും ആഴ്ചകൾക്കുശേഷം, പ്രായക്കൂടുതൽ കാരണം ഗർഭിണിയാകാൻ കഴിഞ്ഞേക്കില്ലെന്ന് ഭർതൃവീട്ടുകാർ അവരോട് പറയുകയായിരുന്നു. ദമ്പതികൾ വന്ധ്യതാ ചികിത്സയ്ക്ക് പോകണമെന്നും നിർദ്ദേശിച്ചു. ഭർത്താവിന്റെ ബീജസംഖ്യ വളരെ കുറവാണെന്നും അതിനാൽ അവർക്ക് ഗർഭിണിയാകാൻ കഴിയില്ലെന്നും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കി. വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിൽ അവർ ഐവിഎഫ് നടത്തി. പക്ഷേ ഫലപ്രദമായില്ല. തുടർന്ന് ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചെങ്കിലും ഭർതൃവീട്ടുകാർ സമ്മതിച്ചില്ല.
2024 ജൂലൈയിൽ, അവർ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ ഭർതൃപിതാവ് അകത്തു കടന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നിലവിളിച്ചപ്പോൾ മർദ്ദിച്ചെന്നും പീഡനത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞപ്പോൾ തനിക്ക് ഒരു കുട്ടി വേണമെന്നും പരാതി പറയരുതെന്നുമായിരുന്നു മറുപടിയെന്നും യുവതി പറയുന്നു. ബലാത്സംഗത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ തന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.
ഭർതൃപിതാവ് പലതവണ ബലാത്സംഗം ചെയ്തു, ഗർഭിണിയായില്ലെന്നും യുവതി പരാതിയിൽ പറയുന്നു. തുടർന്ന് 2024 ഡിസംബറിൽ ഭർതൃസഹോദരിയുടെ ഭർത്താവ് പലതവണ ബലാത്സംഗം ചെയ്തു. ജൂണിൽ പരാതിക്കാരി ഗർഭിണിയായി. എന്നാൽ ജൂലൈയിൽ ഗർഭം അലസി. തുടർന്നാണ് ജൂലൈ അവസാനത്തോടെയാണ് അവർ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി ഞായറാഴ്ചയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
Content Highlights: father in law and relative assaulted woman in gujarat