അശോക് ​ഗെഹ്‌ലോട്ട് സർക്കാരിന്റെ കാലത്തെ അധ്യാപക നിയമനം; ക്രമക്കേട് ആരോപിച്ച് 123 അധ്യാപകർക്കെതിരെ കേസ്

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നടന്ന നിയമനങ്ങളുടെ വകുപ്പുതല അവലോകനം നടത്താൻ സംസ്ഥാനത്തെ എല്ലാ വകുപ്പുകളോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് എസ്‌ഒജി അഡീഷണൽ ഡയറക്ടർ ജനറൽ വി കെ സിംഗ് അറിയിച്ചു

dot image

ജയ്പൂർ: അശോക് ​ഗെഹ്‌ലോട്ട് സർക്കാരിന്റെ കാലത്ത് 2018 ലും 2022 ലും നടന്ന രാജസ്ഥാൻ അധ്യാപക യോഗ്യതാ പരീക്ഷയിൽ (REET ) അനധികൃത മാർഗങ്ങളിലൂടെ ജോലി നേടിയെന്ന ആരോപണത്തിൽ 123 അധ്യാപകർക്കെതിരെ കേസെടുത്തു. രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ് (SOG) ഞായറാഴ്ച കേസെടുത്തത്. അധ്യാപകരെ നിയമിച്ചതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവരം അഭ്യന്തര പരിശോധനയിൽ ഉന്നയിക്കപ്പെട്ടതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ടവരുടെ പട്ടിക രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന് സമർപ്പിക്കുകയായിരുന്നു.

റിക്രൂട്ട്മെൻ്റ് നടപടിക്രമങ്ങളിൽ പ്രതികൾ ആൾമാറാട്ടക്കാരെ ഉപയോഗിച്ചു, വ്യാജ രേഖകൾ സമർപ്പിച്ചു, മറ്റ് രീതിയിലുള്ള ക്രമക്കേടുകൾ നടത്തിയെന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കേസെടുത്തിരിക്കുന്ന അധ്യാപകരിൽ 95 ശതമാനത്തിലധികവും ജാലോർ ജില്ലയിൽ നിന്നുള്ളവരാണ്.‌ അശോക് ​ഗെഹ്‌ലോട്ട് സർക്കാരിന്റെ കാലത്ത് 2018 ലും 2021 ലും REET പരീക്ഷകൾ നടത്തി. പേപ്പർ ചോർച്ചയെക്കുറിച്ചുള്ള വ്യാപകമായ ആരോപണങ്ങളെത്തുടർന്ന് 2021 ലെ പരീക്ഷ പിന്നീട് റദ്ദാക്കി. 2022 ൽ ഒരു പുതിയ പരീക്ഷ നടത്തിയിരുന്നു. അത് ഇപ്പോൾ സൂക്ഷ്മപരിശോധനയിലാണ്.

ഐപിസി സെക്ഷൻ 419 (ആൾമാറാട്ടം), 420 (വഞ്ചന), 467 (വിലപ്പെട്ട സെക്യൂരിറ്റി വ്യാജമായി നിർമ്മിക്കൽ), 471 (വ്യാജ രേഖ ഉപയോഗിക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന), 2022 ലെ രാജസ്ഥാൻ പബ്ലിക് എക്സാമിനേഷൻ (നിയമനത്തിലെ അന്യായമായ മാർഗങ്ങൾ തടയുന്നതിനുള്ള നടപടികൾ) ആക്ടിന്റെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് അധ്യാപകർക്കെതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നടന്ന നിയമനങ്ങളുടെ വകുപ്പുതല അവലോകനം നടത്താൻ സംസ്ഥാനത്തെ എല്ലാ വകുപ്പുകളോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് എസ്‌ഒജി അഡീഷണൽ ഡയറക്ടർ ജനറൽ വി കെ സിംഗ് അറിയിച്ചു. 'ഈ നിർദ്ദേശത്തെത്തുടർന്ന്, വിദ്യാഭ്യാസ വകുപ്പ് സംശയാസ്പദമായ 123 നിയമനങ്ങളുടെ പട്ടിക സമർപ്പിച്ചു. ഞങ്ങൾ അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ കേസും വ്യക്തിഗതമായി അന്വേഷിക്കു'മെന്നും സിം​ഗ് വ്യക്തമാക്കി.

Content Highlights: Case against 123 teachers in Rajasthan over irregularities in recruitment exam

dot image
To advertise here,contact us
dot image