ബിഹാർ ഉപമുഖ്യമന്ത്രിക്ക് രണ്ട് വോട്ടർ ഐഡി നമ്പറുകൾ; നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നോട്ടീസിന് മറുപടി നൽകുമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്

dot image

പട്ന: രണ്ട് വോട്ടർ ഐഡി നമ്പറുകൾ കൈവശം വെച്ചുവെന്ന വിവാദത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. ഓഗസ്റ്റ് 14നകം വിഷയത്തിൽ വിശദീകരണം നൽകാനാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബാൻകി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് നൽകിയത്.

AFS0853341, IAF3939337 എന്നിങ്ങനെ രണ്ട് വോട്ടർ ഐഡികളാണ് വിജയ് കുമാർ സിൻഹയ്ക്ക് ഉള്ളത്. പട്ന ജില്ലയിലെ ബൻകിപുർ മണ്ഡലത്തിൽ, 405-ാം ബൂത്തിലാണ് സിൻഹയുടെ AFS0853341 എന്ന നമ്പർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലഖിസറയ്‌ മണ്ഡലത്തിലാണ് IAF3939337 എന്ന നമ്പർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണം നടക്കുമ്പോൾ പോലും സിൻഹയുടെ പേരിൽ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു. നോട്ടീസിന് മറുപടി നൽകുമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

രണ്ട് മണ്ഡലത്തിലും തന്റെ പേര് ഉണ്ടായിരിക്കെത്തന്നെ താൻ വോട്ട് ചെയ്തത് ലഖിസറയ്‌ മണ്ഡലത്തിലാണ് എന്ന് സിൻഹ വ്യക്തമാക്കിയിരുന്നു. ഒരു നമ്പർ ഡിലീറ്റ് ചെയ്യാൻ വേണ്ട നടപടിക്രമങ്ങൾ കൈകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആണ് ഉപമുഖ്യമന്ത്രിക്ക് രണ്ട് ഐഡി നമ്പറുകൾ ഉള്ള വിവരം പുറത്തുകൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉപമുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Content Highlights: bihar deputy cm served notice for possessing two ID cards

dot image
To advertise here,contact us
dot image