'നോട്ടീസ് കാണിച്ച് ഭയപ്പടുത്താമെന്ന് വിചാരിക്കേണ്ട, ഞങ്ങൾ അങ്ങനെ വിടുന്ന പ്രശ്നമില്ല'; കെ സി വേണുഗോപാൽ

ബിജെപിക്ക് വേണ്ടി ഏജന്റ് പണി എടുക്കുന്ന ജോലിയാണോ തെരഞ്ഞെടുപ്പ് കമ്മീഷൻ്റേതെന്നും കെ സി വേണുഗോപാൽ ചോദിച്ചു

dot image

തിരുവനന്തപുരം: വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിക്ക് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെ സി വേണുഗോപാൽ വിമർശനവുമായി രംഗത്തെത്തിയത്. നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷൻ കമ്മീഷൻ വിചാരിക്കേണ്ട എന്നും തങ്ങൾ അങ്ങനെ വിടുന്ന പ്രശ്നമില്ല എന്നും കെ സി പറഞ്ഞു. ജനാധിപത്യം കൊലചെയ്യപ്പെടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിൽക്കുന്നുവെന്നും എത്ര വലിയ സ്വർണപാത്രം കൊണ്ടുവന്നാലും സത്യം മൂടിവെയ്ക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ സ്വയം അന്വേഷണം നടത്താതെ തങ്ങളോട് തെളിവ് ചോദിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. രാഹുലിനെ ആദ്യം കമ്മീഷൻ ഭീഷണിപ്പെടുത്തി. എന്നാൽ ഇന്നത് മയപ്പെടുത്തി തെളിവ് നൽകണമെന്നാക്കി. ചോദ്യം ചോദിച്ചാൽ നടപടിയെടുക്കുമെങ്കിൽ അവർ എടുക്കട്ടെ. ബിജെപിക്ക് വേണ്ടി ഏജന്റ് പണി എടുക്കേണ്ട ജോലിയാണോ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളതെന്നും കെ സി വേണുഗോപാൽ ചോദിച്ചു. മോദി പ്രധാനമന്ത്രിയായത് ഈ വെട്ടിപ്പിലൂടെയാണ് എന്നും കെ സി കൂട്ടിച്ചേർത്തു.

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് നേരത്തെ കര്‍ണ്ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് അയച്ചിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ശകുന്‍ റാണിയെന്ന വോട്ടര്‍ രണ്ട് തവണ വോട്ട് ചെയ്തതിന് തെളിവില്ലെന്നും ആരോപണത്തിന് അടിസ്ഥാനമായ രേഖകള്‍ ഹാജരാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

'തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങളാണ് താങ്കള്‍ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയതെന്ന് പറഞ്ഞു. ശകുന്‍ റാണി രണ്ട് തവണ വോട്ട് ചെയ്തതായി പോളിംഗ് ഓഫീസഫറുടെ ഡാറ്റയുണ്ടെന്നും താങ്കള്‍ അവകാശപ്പെട്ടു. എന്നാല്‍ ആരോപിക്കുന്നതുപോലെ രണ്ട് തവണ വോട്ട് ചെയ്തിട്ടില്ലെന്നാണ് ശകുന്‍ റാണി പറയുന്നത്. താങ്കള്‍ ഉയര്‍ത്തിയ ടിക് മാര്‍ക്ക് ചെയ്ത വിവരങ്ങള്‍ പോളിംഗ് ഓഫീസറുടേതല്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടു. അതിനാൽ ശകുന്‍ റാണിയോ മറ്റാരെങ്കിലുമോ രണ്ട് തവണ വോട്ട് ചെയ്തതിന് തെളിവ് വേണം', എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രാഹുലിന് അയച്ച നോട്ടീസില്‍ പറയുന്നു.

Content Highlights: KC Venugopal against election commission on notice against rahul gandhi

dot image
To advertise here,contact us
dot image