
ബെംഗളൂരു: ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളെയും സ്ത്രീകളെയും കുഴിച്ചിട്ടിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്‍ മെല്ലെപ്പോക്കുമായി കര്‍ണാടക പൊലീസ്. ജൂലൈ നാലിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല. മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി കൊടുത്തിട്ടും പൊലീസ് തെളിവെടുപ്പ് നടത്തുന്നില്ലെന്നും ആരോപണമുണ്ട്.
പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതുപ്രവര്‍ത്തകന്‍ വിനോദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കുഴിച്ചുമൂടിയെന്ന് പറയപ്പെടുന്ന സ്ഥലത്ത് ശുചീകരണ തൊഴിലാളി ഇന്നലെ അഭിഭാഷകനൊപ്പമെത്തിയിട്ടും പൊലീസ് വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്നലെ ആ സ്ഥലത്ത് വന്ന് ഒരു മണിക്കൂറോളം പൊലീസ് അധികാരികളെ ഇയാള്‍ കാത്തു നിന്നു. പൊലീസ് അന്വേഷണം വൈകിപ്പിക്കുകയാണ്. പൊലീസ് നടപടികളെടുക്കുന്നില്ല. ഇതു സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ വരുന്നുണ്ട്. കൊലപാതക പരമ്പരകളില്‍ അന്വേഷണം നടത്തുന്നതില്‍ പൊലീസ് വൈമുഖ്യം കാണിക്കുകയാണ്', വിനോദ് പറഞ്ഞു.
ശുചീകരണ തൊഴിലാളിക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്ന് കോടതി പറഞ്ഞിരുന്നെങ്കിലും തൊഴിലാളിയെ കാണുന്നില്ലെന്ന മൊഴിയാണ് എസ് പി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. 2004ല്‍ തന്റെ മകളെ കാണുന്നില്ലെന്ന് പറഞ്ഞ് പരാതി നല്‍കാന്‍ വന്ന സുജാത ഭട്ടെന്ന സിബിഐയിൽ സ്റ്റെനോഗ്രാഫറായ അമ്മയോട് പൊലീസ് ക്രൂരമായി പെരുമാറിയ വിവരവും അദ്ദേഹം പങ്കുവെച്ചു.
അതേസമയം സംഭവത്തില്‍ കര്‍ണാടക വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ധര്‍മസ്ഥലയില്‍ കാണാതായ സ്ത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും വിശദമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് ദക്ഷിണ കന്നഡ എസ്പിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കമ്മീഷന്‍ കത്തയച്ചു. അടിയന്തരമായി ഇടപെടണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളുടെ മരണമോ കാണാതായതോ ആയ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ ധര്‍മസ്ഥലയിലെ തൊഴിലാളികള്‍ പ്രതികരിച്ചിട്ടില്ലെന്ന് നിരവധി കുടുംബങ്ങള്‍ ആരോപണമുന്നയിച്ചിരുന്നുവെന്നും കമ്മീഷന്‍ കത്തില്‍ പറയുന്നു. '20 വര്‍ഷത്തെ കാലയളവില്‍ കാണാതായ കുട്ടികളില്‍ എത്ര പേരെ കണ്ടെത്തി? എത്ര പേരെ കണ്ടെത്താന്‍ സാധിച്ചില്ല? അസ്വാഭാവിക മരണം, കൊലപാതകം, ബലാത്സംഗം എന്നീ കേസുകളില്‍ എന്ത് നടപടിയെടുത്തു?' എന്നീ ചോദ്യങ്ങളും കമ്മീഷന്‍ എസ്പിയോട് ചോദിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യം.
'ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും മൃതദേഹം ഞാന്‍ ദഹിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ട്,' എന്ന ധര്‍മസ്ഥലയിലെ മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുണ്ടാക്കിയിരുന്നു. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്നാണ് ഇയാള്‍ ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത്.
അവസാനം സംസ്‌കരിച്ച മൃതദേഹങ്ങള്‍ പുറത്തെടുത്ത് അവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്. ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Dharmasthala Case Karnataka Police negligence on investigation