ഇമോഷണല്‍ സീനെന്ന് വിചാരിച്ച് എടുത്ത സീനിന് ചിരിയാണ് വന്നത്, സൗബിന്റെ ആ സീന്‍ കട്ട് ചെയ്തതായിരുന്നു; ദിലീഷ്

'മഹേഷിന്റെ പ്രതികാരത്തില്‍ സൗബിന്റെ ആ സീന്‍ കട്ട് ചെയ്തതായിരുന്നു, പിന്നീട് വെച്ചപ്പോള്‍ അത് ഹിറ്റായി'

dot image

ഫഹദ് ഫാസില്‍ നായകനായി ദിലീഷ് പോത്തന്‍ സംവിധാനംചെയ്ത ചിത്രമാണ് 'മഹേഷിന്റെ പ്രതികാരം'. ചിത്രത്തില്‍ ഒരുപാട് ചിരിപ്പിച്ച രംഗങ്ങളിലൊന്നായിരുന്നു സൗബിനും അലന്‍സിയറും തമ്മിലുള്ള സംഭാഷണം. ‘ഇത്രക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബി’ എന്ന് ചോദിക്കുന്ന രംഗത്തില്‍ താന്‍ ആദ്യം തൃപ്തനല്ലായിരുന്നെന്ന് പറയുകയാണ് ദിലീഷ് പോത്തന്‍. ആദ്യം സിനിമയിൽ നിന്ന് കട്ട് ചെയ്ത സീൻ പിന്നീട് ബിജിബാല്‍ വിളിച്ച് പറഞ്ഞാണ് കൂട്ടിച്ചേർത്തതെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘മഹേഷിന്റെ പ്രതികാരത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ സൗബിന്റെ ക്യാരക്ടറും അലന്‍സിയറും തമ്മിലുള്ള സീന്‍ ആദ്യം ഒഴിവാക്കിയതായിരുന്നു. ഷൂട്ട് ചെയ്തപ്പോള്‍ ഒരു കുഴപ്പവും ആ സീനിന് തോന്നിയില്ല. പക്ഷേ, എഡിറ്റിങ് ടേബിളിലെത്തിയപ്പോള്‍ എന്തോ ഒരു വ്യത്യാസം തോന്നി. ഇമോഷണല്‍ സീനെന്ന് വിചാരിച്ച് എടുത്ത സീനിന് ചിരിയാണ് വന്നത്.

തിയേറ്ററില്‍ ഇത് കാണുന്ന ഓഡിയന്‍സിനും എനിക്കുണ്ടായ അതേ കണ്‍ഫ്യൂഷന്‍ ഉണ്ടാകുമോ എന്ന് വിചാരിച്ച് ആ സീന്‍ കട്ട് ചെയ്ത് കളഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് ബിജിബാല്‍ എന്നെ വിളിച്ചു. ‘ആ സീന്‍ കാണുന്നില്ലല്ലോ’ എന്ന് ചോദിച്ചു. ‘അത് ശരിയായി തോന്നിയില്ല, അതുകൊണ്ട് കളഞ്ഞു’ എന്ന് ഞാന്‍ ബിജിയേട്ടനോട് പറഞ്ഞു.

‘അത് കളയുന്നത് എന്തിനാ, ഗംംഭീര സീനാണ്. തിയേറ്ററില്‍ എന്തായാലും വര്‍ക്കാകും’ എന്ന് പറഞ്ഞിട്ട് എന്നോട് ആ സീന്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. റിലീസിന് കുറച്ച് ദിവസം മാത്രമേയുള്ളൂ. അപ്പോഴാണ് ആ സീന്‍ വീണ്ടും ചേര്‍ത്തത്. ബിജി ചേട്ടന്‍ പറഞ്ഞതുപോലെ അത് വര്‍ക്കായി. എല്ലാ ക്രെഡിറ്റും പുള്ളിക്കുള്ളതാണ്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlights: Dileesh Pothan says the scene where Soubin laughs in maheshinte prathikaram was cut

dot image
To advertise here,contact us
dot image