
ഇന്ത്യയിലെ പകുതി നായികമാരും പ്രിയങ്ക ചോപ്രയെ പോലെ ആകാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക അഭിനയിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവര്‍ക്കും ആഗ്രഹമുണ്ടെന്നും നടൻ മാധവന്‍. എത്ര വലിയ ഉയരത്തില്‍ എത്തിയാലും എല്ലാവരോടും ഒരുപോലെയാണ് പ്രിയങ്ക പെരുമാറുന്നതെന്നും താന്‍ നടിയുടെ ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയങ്ക അഭിനയിച്ച ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം ഹെഡ്സ് ഓഫ് സ്റ്റേറ്റ് പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. പ്രിയങ്കയുടെ ഈ നേട്ടം തനിക്ക് മാത്രമല്ല, ഇന്ത്യയ്ക്കും അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറയുന്നു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'പ്രിയങ്ക അത്ര ചെറിയ പുള്ളിയൊന്നുമല്ല. ഹോളിവുഡില്‍ പോയാണ് അവള്‍ ഒരു ലീഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതും ആ സിനിമയില്‍ അവള്‍ ഒരു ആക്ഷന്‍ ഹീറോയിന്‍ ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇന്ത്യയിലെ പകുതി നായികമാരും അവളെ പോലെ ആകാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും പ്രിയങ്കയുടെ സ്ഥാനത്ത് അത്രയും വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമാകാന്‍ ഇഷ്ടമായിരിക്കും. പ്രിയങ്ക എത്ര വലിയ സ്ഥാനത്തെത്തിയാലും പണ്ട് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് മറ്റുള്ളവരുമായി ഇടപഴകുന്നത്. ഞാന്‍ എന്നും അവളുടെ ആരാധകനായിരിക്കും. പ്രിയങ്കയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്,’ മാധവന്‍ പറഞ്ഞു.
അതേസമയം, ഹോളിവുഡ് താരങ്ങളായ ജോൺ സീന, ഇദ്രിസ് എൽബ, പ്രിയങ്ക ചോപ്ര എന്നിവർ ഒന്നിക്കുന്ന 'ഹെഡ്സ് ഓഫ് സ്റ്റേറ്റ്' എന്ന ആക്ഷൻ-കോമഡി ചിത്രമാണ് ഹെഡ്സ് ഓഫ് സ്റ്റേറ്റ്'. ഇല്യാ നൈഷുള്ളർ സംവിധാനം ചെയ്ത 'ഹെഡ്സ് ഓഫ് സ്റ്റേറ്റ്' ഒരു ആഗോള ഗൂഢാലോചനയെ തടയാൻ ഒന്നിക്കുന്ന രണ്ട് രാഷ്ട്ര തലവന്മാരുടെയും ഒരു എംഐ6 ഏജന്റിന്റെയും കഥ പറയുന്നു.
Content Highlights: Actor Madhavan says he is proud of Priyanka Chopra's achievement