
തത്ക്കാല്‍ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒടിപിയിലൂടെ ആധാര്‍ വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് നിര്‍ബന്ധിതമാക്കിയിരിക്കുകയാണെന്ന് നോര്‍ത്തേണ്‍ റെയില്‍വേ, ജമ്മുകശ്മീര്‍ സീനിയര്‍ ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജര്‍ ഉജിത് സിംഗാള്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈ പതിനഞ്ച് മുതലാണ് പുതിയ മാറ്റം നിലവില്‍ വന്നിരിക്കുന്നത്.
മികച്ചതും സുതാര്യവുമായ സേവനം തത്കാല്‍ ടിക്കറ്റുകളിലൂടെ യാത്രക്കാര്‍ക്ക് ലഭ്യമാക്കാനും അവരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാനും ഉപഭോക്താക്കള്‍ക്ക് കൃത്യമായി പ്രയോജനം ലഭിക്കാനുമാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അംഗീകൃത ഏജന്റുമാരില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം സൃഷ്ടിക്കുന്ന ഒടിപിയുടെ ആധികാരികത ഉറപ്പുവരുത്തണം. ബുക്കിംഗ് സമയം ഏത് മൊബൈലാണോ ഉപയോഗിക്കുന്നത് അതിലേക്കാകും ഒടിപി എത്തുക. അതിനാല്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സിം കാര്‍ഡുള്ള മൊബൈലായിരിക്കണം ഉപയോഗിക്കേണ്ടത്.
റിസര്‍വേഷന്റെ ആദ്യ സമയങ്ങളില്‍ ബള്‍ക്ക് ബുക്കിംഗ് ഒഴിവാക്കാനായി ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ടിക്കറ്റിംഗ് ഏജന്റ്‌സിന് ബുക്കിങ് വിന്‍ഡോയില്‍ ആദ്യ മുപ്പത് മിനിറ്റ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. അതായത് എസി ക്ലാസിന് രാവിലെ 10 മുതല്‍ 10.30വരെയും നോണ്‍ എസിക്ക് രാവിലെ 11 മുതല്‍ 11.30വരെയാകും നിയന്ത്രണം.
Content Highlights: Changes in Tatkal Ticket Booking