അഹമ്മദാബാദ് വിമാനാപകടം: വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെതിരെ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

അന്വേഷണം നടക്കുമ്പോഴുളള ഇത്തരം റിപ്പോര്‍ട്ടുകള്‍ നിരുത്തരവാദിത്തപരമാണെന്നും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പറയുന്നു

dot image

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ ക്യാപ്റ്റനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെതിരെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ രംഗത്ത്. അഹമ്മദാബാദ് വിമാന അപകടത്തില്‍ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ട് എന്താണ് സംഭവിച്ചത് എന്ന് മാത്രമാണ് പറയുന്നതെന്നും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അന്തിമമായ നിഗമനത്തിലേക്ക് ഇപ്പോള്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നും യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുമെന്നും ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അറിയിച്ചു. അന്വേഷണം നടക്കുമ്പോഴുളള ഇത്തരം റിപ്പോര്‍ട്ടുകള്‍ നിരുത്തരവാദിത്തപരമാണെന്നും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കൂട്ടിച്ചേര്‍ത്തു.

രണ്ട് എഞ്ചിനിലേക്കുമുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് വാള്‍സ്ട്രീറ്റ് ജേണൽ പുറത്തുവിട്ടത്. ബ്ലാക്ക് ബോക്‌സ് റെക്കോര്‍ഡില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരുടെയും സംഭാഷണത്തെ ചൂണ്ടിയാണ് വാള്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട്. ബ്ലാക്ക് ബോക്‌സ് പരിശോധിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ഉദ്ധരിച്ചാണ് വാള്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട്. 'ബോയിംഗ് 787 ഡ്രീംലൈനറിന്റെ സഹ പൈലറ്റ് എന്തുകൊണ്ടാണ് റണ്‍വേയില്‍ നിന്ന് വിമാനം ഉയര്‍ന്നതിന് പിന്നാലെ സ്വിച്ചുകള്‍ കട്ട് ഓഫ് സ്ഥാനത്തേക്ക് മാറ്റിയതെന്ന് കൂടുതല്‍ പരിചയസമ്പന്നനായ ക്യാപ്റ്റനോട് ചോദിച്ചു. പിന്നാലെ സഹപൈലറ്റ് ആശ്ചര്യം പ്രകടിപ്പിക്കുകയും പിന്നീട് പരിഭ്രാന്തനാകുകയും ചെയ്തു. അപ്പോഴും ക്യാപ്റ്റന്‍ ശാന്തനായി തുടരുകയായിരുന്നു', എന്നാണ് സംഭാഷണത്തിലെ വിവരങ്ങള്‍ വെച്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ആഴ്ച പുറത്ത് വന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ടില്‍ അപകടത്തിന്റെ കാരണം ഇന്ധന സ്വിച്ചുമായി ബന്ധപ്പെട്ടതാണെന്ന് മനസിലായിരുന്നെങ്കിലും ഏത് പൈലറ്റാണ് ഇത് ചെയ്തതെന്ന് വ്യക്തമായിരുന്നില്ലെന്നാണ് വാള്‍ സ്ട്രീറ്റിൻ്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഒരു പൈലറ്റ് എന്തിനാണ് സ്വിച്ച് മാറ്റിയതെന്ന് ചോദിച്ചുവെന്നും മറ്റൊരാള്‍ അത് നിഷേധിച്ചെന്നുമാണ് എഎഐബിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതെന്ന് വാള്‍ സ്ട്രീറ്റ് പറയുന്നുണ്ട്.

ജൂണ്‍ പന്ത്രണ്ടിനാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടത്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ബിജെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ്സിലും പിജി വിദ്യാര്‍ത്ഥികള്‍ അടക്കം താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന 242 ല്‍ 241 പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ബ്രിട്ടീഷ് പൗരവും ഇന്ത്യന്‍ വംശജനുമായ രമേഷ് വിശ്വാസ് കുമാര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Content Highlights: Aircraft Accident Investigation Bureau against Wall Street Journal report on Ahmedabad Plane Crash

dot image
To advertise here,contact us
dot image