പതിറ്റാണ്ടുകൾ നീണ്ട പീഡനകൊലപാതകങ്ങൾ ! സ്‌കൂൾ വിദ്യാർത്ഥികളടക്കം ഇരകൾ, വെളിപ്പെടുത്തലിൽ ഞെട്ടി കർണാടക

ധര്‍മസ്ഥലയില്‍ നടന്ന ഒരു ബലാത്സംഗക്കൊലക്കേസിനെ കുറിച്ച് വീഡിയോ ചെയ്തതിന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കര്‍ണാടക സൈബര്‍ സെല്‍ യൂട്യൂബര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്

dot image

'ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്‌കൂൾ വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും മൃതദേഹം ഞാൻ ദഹിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ട്,' പറയുന്നത് ബെംഗളൂരുവിലെ ധർമസ്ഥലയിലെ മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ്. കഴിഞ്ഞ ദിവസമാണ് പൊലീസിനെ ഞെട്ടിച്ച് കൊണ്ടാണ് ദളിത് തൊഴിലാളി വെളിപ്പെടുത്തൽ നടത്തിയത്. 1998-നും 2014-നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്നാണ് ഇയാൾ ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയത്.

സംഭവം നടന്ന് ഒരു പതിറ്റാണ്ടിനുശേഷമുളള ഈ തുറന്നുപറച്ചിൽ കുറ്റബോധം താങ്ങാൻ കഴിയാതെയാണെന്നും ക്രൂരമായി കൊലചെയ്യപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണമേർപ്പെടുത്തണമെന്നും വ്യക്തിത്വം വെളിപ്പെടുത്തരുതെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ജൂലൈ 3-ന് തൊഴിലാളി നൽകിയ പരാതിയിൽ ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്നാണ് ദക്ഷിണ കന്നഡ എസ്പി അരുൺ കെ അറിയിച്ചത്.

താൻ അവസാനം സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് അവയുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. 'ഞാൻ സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കണം' എന്നായിരുന്നു ഇയാളുടെ ആവശ്യം. 11 വർഷം മുൻപ് ഏതുനിമിഷവും കൊല്ലപ്പെടാമെന്ന ഭയം മൂലം കുടുംബത്തോടൊപ്പം നാടുവിട്ട ആ തൊഴിലാളി ഇത്രയും നാൾ പേരും വിവരവും മറച്ചുവെച്ച് ജീവിച്ചുവരികയായിരുന്നു.

നേത്രാവതി നദീയുടെ തീരത്ത് അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യുകയായിരുന്നു 1995 മുതൽ 2014 ഡിസംബർ വരെ മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായ വ്യക്തിയുടെ ജോലി. ആദ്യമൊക്കെ നദീതീരത്തുനിന്ന് മൃതദേഹം ലഭിക്കുമ്പോൾ അവ ആത്മഹത്യ ചെയ്തവരുടേതോ നദിയിൽ മുങ്ങിമരിച്ചവരുടേതോ ആണെന്നാണ് അദ്ദേഹം കരുതിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയുമെല്ലാം മൃതദേഹങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ ലഭിക്കുന്ന മൃതദേഹങ്ങൾ കൂടുതലും സ്ത്രീകളുടേതായിരുന്നു. അതും വിവസ്ത്രമായ മൃതദേഹങ്ങൾ. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെയും പാടുകൾ ആ മൃതശരീരങ്ങളിലുണ്ടായിരുന്നു.

പിന്നീട് നടന്ന സംഭവങ്ങൾ അദ്ദേഹം പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്, '1998-ൽ രഹസ്യമായി മൃതദേഹങ്ങൾ മറവുചെയ്യാൻ എന്റെ സൂപ്പർവൈസർ എന്നോട് ആവശ്യപ്പെട്ടു. അത് ചെയ്യാനാകില്ലെന്നും പൊലീസിൽ അറിയിക്കുമെന്നും പറഞ്ഞപ്പോൾ ക്രൂരമായി മർദിച്ചു. വിവരം പുറത്തുപറഞ്ഞാൽ എന്നെയും എന്റെ കുടുംബത്തെയും ഇതുപോലെ കൊന്ന് കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് സൂപ്പർവൈസർ നിരവധി മൃതദേഹങ്ങൾ എന്നെക്കൊണ്ട് മറവുചെയ്യിച്ചു. പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളുടെ മൃതദേഹങ്ങൾ ഞാൻ കണ്ടു.

ഇന്നും എന്റെ കണ്ണിൽ നിന്നും മായാത്ത ഒരു സംഭവമുണ്ടായത് 2010-ലാണ്. കല്ലേരി പെട്രോൾ പമ്പിന് 500 മീറ്റർ അകലെയായി ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടു. പന്ത്രണ്ടോ പതിനഞ്ചോ വയസുമാത്രം പ്രായമുളള പെൺകുട്ടി സ്‌കൂൾ യൂണിഫോമിലായിരുന്നു. അർധനഗ്‌നയായിരുന്ന പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. കുഴിയെടുത്ത് സ്‌കൂൾ ബാഗുൾപ്പെടെ കുട്ടിയെ കുഴിച്ചുമൂടാനായിരുന്നു നിർദേശം. മറ്റൊരിക്കൽ ആസിഡ് ഒഴിച്ച് വികൃതമാക്കി ന്യൂസ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ ഒരു ഇരുപതു വയസു തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടു. ആ മൃതദേഹം ദഹിപ്പിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിലുളള യുവാക്കളുടെ മൃതദേഹങ്ങളും മറവുചെയ്യേണ്ടിവന്നിട്ടുണ്ട്.'

അങ്ങനെ ഈ കുറ്റകൃത്യങ്ങൾക്ക് സാക്ഷിയായി വർഷങ്ങളോളം അദ്ദേഹത്തിന് ക്ഷേത്രത്തിൽ ജോലി ചെയ്യേണ്ടിവന്നു. ഒടുവിൽ 2014-ൽ സ്വന്തം കുടുംബത്തിനും അത്തരത്തിലൊരു ദുരനുഭവമുണ്ടായി. കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൂപ്പർവൈസറുടെ അടുത്തയാൾ പീഡിപ്പിച്ചു. ഇതോടെയാണ് അദ്ദേഹം കുടുംബത്തോടെ നാടുവിടാൻ തീരുമാനിച്ചത്. വേട്ടക്കാരെ ശിക്ഷിച്ച് ഇരകൾക്ക് നീതി വാങ്ങിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ആരോപണവിധേയരെല്ലാം ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ്. എതിർക്കുന്നവരെ ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയാൽ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു അന്തിമോപചാരങ്ങളുമില്ലാതെ മറവുചെയ്യപ്പെട്ടവർക്ക് ആചാരങ്ങൾ പാലിച്ച് ബഹുമാനത്തോടെയുളള അന്ത്യാഞ്ജലി നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും അയാൾ പറഞ്ഞു. പേരുകൾ വെളിപ്പെടുത്തുന്നതിന് മുൻപ് താൻ കൊല്ലപ്പെട്ടാൽ കേസിലെ വിവരങ്ങൾ സംരക്ഷിക്കാനായി പരാതിയുടെ കോപ്പി സുപ്രീംകോടതി അഭിഭാഷകൻ കെവി ധനഞ്ജയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു. ഓരോ ദിവസവും ആയിരക്കണക്കിന് ഭക്തർ എത്തുന്ന ധർമസ്ഥലയിലെ ക്ഷേത്രം സംബന്ധിച്ചാണ് ഗുരുതര ആരോപണമുയർന്നിരിക്കുന്നത്. ഇനി അറിയേണ്ടത് ഈ വെളിപ്പെടുത്തലിൽ എന്ത് നടപടിയുണ്ടാകും എന്നാണ്. ഈ വെളിപ്പെടുത്തലുകൾ സത്യമാണെങ്കിൽ പതിറ്റാണ്ടുകളായി ക്രൂര ബലാത്സംഗത്തിനും പീഡനത്തിനുമിരയായി കൊല്ലപ്പെട്ടവർ ആരാണ്? എന്തിനാണ്, ആരാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. ഉത്തരങ്ങൾ ലഭിക്കേണ്ട ചോദ്യങ്ങൾ നിരവധിയാണ്.

അതേസമയം, ധര്‍മസ്ഥലയില്‍ നടന്ന ഒരു ബലാത്സംഗക്കൊലക്കേസിനെ കുറിച്ച് വീഡിയോ ചെയ്തതിന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കര്‍ണാടക സൈബര്‍ സെല്‍ യൂട്യൂബര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എംഡി സമീര്‍ എന്ന യൂട്യൂബര്‍ക്കാണ് നോട്ടീസയച്ചിരിക്കുന്നത്. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് ബെംഗളൂരുവിലെ സമീറിന്റെ വസതിയിലെത്തിയിരുന്നു.

2025 ഫെബ്രുവരി 27-ന് സമീര്‍ അപ്പ്‌ലോഡ് ചെയ്ത വീഡിയോയില്‍ 2012-ല്‍ മഞ്ചുനാഥേശ്വര കോളേജില്‍ വെച്ച് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സൗജന്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. ധര്‍മാധികാരി വീരേന്ദ്ര ഹെഗ്‌ഡെയുടെ അനന്തരവനാണ് ഈ കൊലപാതകത്തിന് പിന്നിലെന്നും ധര്‍മസ്ഥലത്ത് അരങ്ങേറുന്ന കുറ്റകൃത്യങ്ങളില്‍ ധര്‍മാധികാരിക്ക് പങ്കുണ്ടെന്നും വീഡിയോയില്‍ സമീര്‍ ആരോപിച്ചു. സി ബി ഐ അന്വേഷിച്ചിരുന്ന ഈ കേസില്‍ പ്രതിയായ സന്തോഷ് റാവുവിനെ 2023 ജൂണില്‍ ബെംഗളൂരു സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസ് കര്‍ണാടക ഹൈക്കോടതിയില്‍ ഇപ്പോഴും പരിഗണനയിലാണ്. സന്തോഷിനെ കേസില്‍ കുടുക്കിയതാണ് എന്നാണ് സൗജന്യയുടെ മാതാപിതാക്കളുള്‍പ്പെടെ പറഞ്ഞത്. ഇതേക്കുറിച്ചുളള സമീറിന്റെ വീഡിയോ 10 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.

Content Highlights: Manjunatha Swamy Temple in Dharmasthala and the decades-long rape and murders: What's behind the revelation?

dot image
To advertise here,contact us
dot image