ധർമസ്ഥലയിലെ വെളിപ്പെടുത്തൽ; സാക്ഷിയെ കാണാനില്ലെന്ന് പൊലീസ്, നിഷേധിച്ച് സാക്ഷിയുടെ അഭിഭാഷകൻ

പൊലീസ് പറയുന്നത് തെറ്റാണെന്നും പരാതികാരന്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു

dot image

മംഗളൂരു: ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിയെ കാണാനില്ലെന്ന് പൊലീസ്. സാക്ഷി സംരക്ഷണ നിയമപ്രകാരം പൊലീസ് സംരക്ഷണം ഒരുക്കാമെന്ന് അറിയിച്ചിട്ടും ആളെ കണ്ടെത്താനായില്ല എന്നാണ് പൊലീസ് പക്ഷം. എന്നാല്‍ പൊലീസിന്റെ വാദം സാക്ഷിയുടെ അഭിഭാഷകന്‍ തള്ളി. പൊലീസ് പറയുന്നത് തെറ്റാണെന്നും പരാതികാരന്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു.

പരാതികാരന് സംരക്ഷണം ഒരുക്കാമെന്ന് വാഗ്ദാനം നൽകിയിട്ടും ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നതെന്ന് അറിയിച്ചിട്ടില്ല എന്ന് പൊലീസ് ഉന്നയിക്കുമ്പോള്‍ ജൂലൈ 13 ന് തന്നെ ഇ മെയില്‍ വഴി താമസ വിവരങ്ങള്‍ കൈമാറിയെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിലെ മെല്ലെ പോക്കിനെതിരെ ഇതിനകം തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി കൊടുത്തിട്ടും പൊലീസ് തെളിവെടുപ്പ് നടത്തുന്നില്ലെന്നും കൃത്യം നടന്ന സ്ഥലത്ത് പൊലീസ് തിരച്ചിൽ നടത്തിയില്ലായെന്നും ആരോപണമുണ്ട്.

അതേസമയം സംഭവത്തില്‍ കര്‍ണാടക വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ധര്‍മസ്ഥലയില്‍ കാണാതായ സ്ത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും വിശദമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് ദക്ഷിണ കന്നഡ എസ്പിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കമ്മീഷന്‍ കത്തയച്ചു. അടിയന്തരമായി ഇടപെടണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ മരണമോ കാണാതായതോ ആയ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ ധര്‍മസ്ഥലയിലെ തൊഴിലാളികള്‍ പ്രതികരിച്ചിട്ടില്ലെന്ന് നിരവധി കുടുംബങ്ങള്‍ ആരോപണമുന്നയിച്ചിരുന്നുവെന്നും കമ്മീഷന്‍ കത്തില്‍ പറയുന്നു. '20 വര്‍ഷത്തെ കാലയളവില്‍ കാണാതായ കുട്ടികളില്‍ എത്ര പേരെ കണ്ടെത്തി? എത്ര പേരെ കണ്ടെത്താന്‍ സാധിച്ചില്ല? അസ്വാഭാവിക മരണം, കൊലപാതകം, ബലാത്സംഗം എന്നീ കേസുകളില്‍ എന്ത് നടപടിയെടുത്തു?' എന്നീ ചോദ്യങ്ങളും കമ്മീഷന്‍ എസ്പിയോട് ചോദിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യം.

'ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും മൃതദേഹം ഞാന്‍ ദഹിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ട്,' എന്ന ധര്‍മസ്ഥലയിലെ മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുണ്ടാക്കിയിരുന്നു. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്നാണ് ഇയാള്‍ ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത്.

അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്. ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights- Dharmasthala revelation; Police deny that Sakshi is missing, Sakshi's lawyer denies

dot image
To advertise here,contact us
dot image