
സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും റാപ്പര്‍ വേടനെയും അയാളുടെ ആശയങ്ങളെയും പേടിച്ച് പരക്കം പായുകയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. അതുകൊണ്ടാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ബി.എ മലയാളം-ഭാഷയും സാഹിത്യവും പഠന ബോര്‍ഡ് മൂന്നാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്ന വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന റാപ് കവിതയെ നട്ടാല്‍ കുരുക്കാത്ത ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചത്. റാപ്പര്‍ വേടന്റെ പാട്ടുകളെയും അതിന്റെ രാഷ്ട്രീയത്തെയും ഭയക്കുന്നവര്‍ വേടനെ കാണുന്നിടത്തെല്ലാം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കും. അതിനെ വെറും വിദ്വേഷമായി മാത്രം കണ്ടാല്‍ മതിയെന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ മലയാളം യു ജി ബോര്‍ഡ് തീരുമാനിച്ചതോടെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് കാലിടറി. സിലബസിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ഭാഷാ വിഭാഗം ഡീനും, പിന്നീട് അക്കാദമിക് കൗണ്‍സിലും പഠിച്ച് തിരുത്തുകയാണ് വേണ്ടത്. അങ്ങനെയാണ് സര്‍വ്വകലാശാല ആക്ടിലും സ്റ്റാറ്റിറ്റിയൂട്ടിലും പറയുന്നത്. അല്ലാതെ പുറത്ത് നിന്ന് ഒരാള്‍ക്കും സിലബസിനെക്കുറിച്ച് പരാതി ഉന്നയിക്കാനാവില്ലെന്നും, അതിന് നിയമസാധുതയില്ലെന്നും യുജി ബോര്‍ഡ് ചെയര്‍മാന്‍ എംഎസ് അജിത് വ്യക്തമായും കൃത്യമായും പ്രസ്താവിച്ചതോടെ സംഘപരിവാറിന്റെ 18-ാമത്തെ അടവും പിഴച്ചിരിക്കുകയാണ്.
കുറച്ചൊന്ന് പിറകിലേക്ക് തിരിഞ്ഞുനോക്കിയാല്‍ സമാന ചരിത്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കുമാരനാശാന്റെ ദുരവസ്ഥ എന്ന രചന കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ബിഎ മലയാളം സിലബസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാറിനെ എങ്ങനെ പൊള്ളിച്ചോ, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും അളവില്‍ കുറയാതെ അതേ പൊള്ളല്‍ അവര്‍ അനുഭവിക്കുന്നുണ്ട്. ദുരവസ്ഥയില്‍ കലാപകാരികളില്‍ നിന്ന് രക്ഷപെട്ടെത്തിയ നമ്പൂതിരി യുവതിയായ സാവിത്രി, ചാത്തന്‍ എന്ന പുലയന്റെ കുടിലില്‍ എത്തുന്നതും, അവര്‍ക്കിടയില്‍ ഉണ്ടാകുന്ന ബന്ധവുമാണ് കാവ്യത്തിന്റെ ഇതിവൃത്തം. എന്നാല്‍ അന്നത്തെ കഥാപാത്രങ്ങള്‍ അന്തര്‍ജനവും, പുലയനുമായത് സംഘപരിവാറിനെ ചൊടിപ്പിച്ചു. ഉടന്‍ അവര്‍ വാളെടുത്ത് രംഗത്തെത്തി. സിലബസില്‍ ഇത് ഉള്‍പ്പെടുത്താന്‍ പാടില്ലെന്നായി.. സദാചാരമായിരുന്നു അന്ന് അതിന് അവര്‍ കണ്ടെത്തിയ ന്യായീകരണം.
അന്ന് കുമാരനാശാന്റെ ദുരവസ്ഥ വിലക്കിയ സംഘപരിവാര്‍, ഇന്ന് വേടനെയും ഗൗരി ലക്ഷ്മിയെയും വേട്ടയാടുന്നു. കഴിഞ്ഞ എട്ട്- ഒന്‍പത് മാസങ്ങളായി സംഘപരിവാറിന്റെ ഉറക്കം കെടുത്തുകയാണ് വേടന് ലഭിക്കുന്ന ജനപിന്തുണ. വേടനെയും അവന്റെ ആശയങ്ങളെയും കേരളത്തിലെ യുവതലമുറ നെഞ്ചേറ്റിയത്, ഞാന്‍ പാണനല്ല, പറയനല്ല, പുലയനല്ലെന്ന് ഒരുമിച്ച് പാടിയത്, ഒക്കെയും സംഘപരിവാറിന്റെ പേടി സ്വപ്നമായി മാറാന്‍ കാരണമായിരുന്നു. എന്നാല്‍ ഈ പ്രശ്‌നം ഒന്നടക്കി, വേടനെതിരെ കുറേ വിദ്വേഷപരാമര്‍ശങ്ങളും അധിക്ഷേപ വര്‍ഷങ്ങളും ചൊരിഞ്ഞ് സംഘപരിവാര്‍ നിര്‍വൃതി അടഞ്ഞിരിക്കുമ്പോള്‍ അതാ.. അടുത്ത പ്രശ്‌നം. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ബി.എ മലയാളം-ഭാഷയും സാഹിത്യവും പഠന ബോര്‍ഡ് മൂന്നാം സെമസ്റ്ററില്‍ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നു. വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന റാപ് കവിത ബിജെപി അനുഭാവികള്‍ക്കും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റിക്കും അത്രയ്ക്കങ്ങ് ദഹിച്ചില്ല.
വേടന്റെ ആശയങ്ങള്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച അജണ്ട ആളുകള്‍ക്ക് മനസിലായി എന്ന് സംഘപരിവാറിനും അറിയാമായിരുന്നു. ഇനി അത് പ്രയോഗിക്കാന്‍ പറ്റില്ല.. പിന്നെ എന്ത് എന്ന ചിന്തയിലിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരാശയം തലയില്‍ കത്തിയത്. റാപ്പ് അത്രയ്ക്കങ്ങ് ജനകീയമല്ലെന്ന് ചൂണ്ടിക്കാട്ടി, കുട്ടികള്‍ക്ക് പഠിച്ചാല്‍ മനസിലാവില്ലെന്ന് പറഞ്ഞ് ഒരു പരാതിയങ്ങ് കൊടുക്കാം.. സവര്‍ണതയുടെ പത്തിക്കടിക്കുന്ന കവിത ആയതിനാലാണ് സിലബസില്‍ നിന്നൊഴിവാക്കാന്‍ വെമ്പല്‍ കൊള്ളുന്നത് എന്ന് ആര്‍ക്കും മനസിലാകില്ലെന്ന് ഒരു ചെറിയ തെറ്റിദ്ധാരണയുടെ പേരിലെടുത്ത തീരുമാനം. പക്ഷെ ആ ചുവടാണ് പിഴച്ചു പോയത്.
വേടന്റെ പാട്ട് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു, ഗൗരി ലക്ഷ്മിയുടെ പാട്ടില്‍ ഭക്തി മാറിപ്പോയി തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വേടന്റെ പാട്ടുകള്‍ സമൂഹത്തിന് ഏത് വിധത്തിലാണ് ദോഷം ചെയ്യുന്നത് എന്ന ചോദ്യം അപ്പോഴും ബാക്കിയാവുകയാണ്. കേരളത്തിലെ പുതുതലമുറയ്ക്ക് ഈ നാടിന്റെ യാഥാര്‍ത്ഥ്യത്തെ ഏറ്റവും ലളിതമായി മനസിലാക്കാന്‍ വേടന് കഴിഞ്ഞതിലെ അമര്‍ഷമാണ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നത്. ഗൗരി ലക്ഷ്മിയുടെ പാട്ടിലെ ഭക്തി നഷ്ടപ്പെട്ടതാണോ, അതോ അവര്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം പേടിപ്പെടുത്തുന്നതാണോ സംഘപരിവാറിന്റെ യഥാര്‍ത്ഥ പ്രശ്‌നം. ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക് രാജ്യമാണ്. ഈ രാജ്യത്ത് ഒരാളുടെ ഭക്തി എങ്ങനെ ആവണമെന്ന് മറ്റൊരാള്‍ക്ക് തീരുമാനിക്കാനാവില്ല.. പിന്നെ എങ്ങനെ ഗൗരിയുടെ പാട്ട് ഭക്തി നഷ്ടപ്പെടുത്തുന്നതാണ് എന്ന് പറയാനാവും?
വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന എന്ന ഗാനത്തിന്റെയും, മൈക്കിള്‍ ജാക്‌സന്റെ ' They Don't Care About Us' എന്ന ഗാനത്തിന്റെയും സംഗീതപരമായ സവിശേഷതകള്‍ താരതമ്യം ചെയ്യാനായിരുന്നു സിലബസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വേടന്റെ പാട്ട് വായ്ത്താരിയാണെന്നും ചില സ്ഥലങ്ങളില്‍ വസ്തുതാപരമായ പ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡോ എം എം ബഷീര്‍ വ്യക്തമാക്കിയത്. കഥകളി പദവും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള താരതമ്യപഠനം നടത്താന്‍ മലയാളം ബി.എ വിദ്യാര്‍ത്ഥികള്‍ക്കാവില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഗൗരീലക്ഷമിയുടെ 'അജിത ഹരേ' ദൃശ്യാവിഷ്‌കാരം പഠിക്കേണ്ടതില്ല എന്ന് നിര്‍ദ്ദേശിക്കുന്നത്. വേടനും ഗൗരിലക്ഷ്മിയും സിലബസില്‍ നിന്ന് ഒഴിവാകുമെന്ന് സര്‍വകലാശാല നിയമങ്ങളെ പറ്റി വലിയ ധാരണയില്ലാത്തവര്‍ കരുതിയിരിക്കുമ്പോഴാണ് ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കാലിക്കറ്റ് സര്‍വകലാശാല അധ്യാപകരും സിന്‍ഡിക്കേറ്റ് അംഗങ്ങളും രംഗപ്രവേശം ചെയ്തത്. പ്രതികരണം ലളിതമായിരുന്നു; ഡോ.എം.എം.ബഷീറിന്റെ റിപ്പോര്‍ട്ട് നിയമവിരുദ്ധമാണ്. സിലബസില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശം തരാനോ അതില്‍ ഇടപെടാനോ അക്കാദമിക് കൗണ്‍സിലിന് മാത്രമേ കഴിയു.. വൈസ് ചാന്‍സിലര്‍ക്ക് ഇതിനായി പുറത്ത് നിന്നൊരാളെ നിര്‍ദ്ദേശിക്കാനോ അയാളുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് സിലബസില്‍ മാറ്റം വരുത്താനോ കഴിയില്ല എന്ന് മനസ്സിലായതോടെ യോദ്ധയിലെ ജഗതിയുടെ ക്യാരക്ടര്‍ പറയുന്നത് പോലെ 'കലങ്ങിയില്ല'എന്ന അവസ്ഥയിലാണ് സംഘം.
Content Highlights: Sangh Parivar strategy to exempt Vedans rap from calicut university