
ബെംഗളൂരു: 'ദയവ് ചെയ്ത് എന്റെ മകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി തന്ന് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ എന്നെ അനുവദിക്കണം. അനന്യയുടെ ആത്മാവിന് ശാന്തി ലഭിക്കണം. എന്റെ അവസാന നാളുകള്‍ സമാധാനത്തോടെയിരിക്കാന്‍ അനുവദിക്കണം', കഴിഞ്ഞ ദിവസം ധര്‍മസ്ഥലയിലെത്തിയ 60 കഴിഞ്ഞ ഒരമ്മയുടെ അപേക്ഷയാണിത്. ബലാത്സംഗം ചെയ്യപ്പെട്ട നിരവധി കുട്ടികളെയും സ്ത്രീകളെയും സംസ്‌കരിച്ചിട്ടുണ്ടെന്ന ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കര്‍ണാടകയില്‍ നിന്ന് വരുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വീണ്ടും തന്റെ മകള്‍ക്ക് വേണ്ടി പോരാടാനിറങ്ങിയ അമ്മയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ധര്‍മസ്ഥല ക്ഷേത്രത്തിന് സമീപത്ത് നിന്ന് മകളെ കാണാതായെന്നും മകളുടെ മൃതദേഹത്തിന്റെ അസ്ഥികൂടങ്ങളെങ്കിലും കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സുജാത ഭട്ടെന്ന അമ്മ വീണ്ടും പൊലീസില്‍ പരാതി നല്‍കിയത്. കൊല്‍ക്കത്തയില്‍ സിബിഐയില്‍ സ്റ്റെനോഗ്രാഫറായി ജോലി ചെയ്തിരുന്ന സുജാത ഭട്ടാണ് ഒരിടവേളയ്ക്ക് ശേഷം മകളെ തിരിഞ്ഞ് ധര്‍മസ്ഥലയിലെത്തിയത്.
2003ലാണ് കൂട്ടുകാരൊടൊപ്പം ധര്‍മസ്ഥലയിലെത്തിയ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായ മകള്‍ അനന്യയെ കാണാതായതെന്നാണ് സുജാത ഭട്ട് പറയുന്നത്. അനന്യയെ കാണുന്നില്ലെന്ന് പറഞ്ഞ് അനന്യയുടെ സഹപാഠി സുജാതയെ വിളിച്ച് പറയുകയായിരുന്നു. തുടര്‍ന്ന് കോളേജ് ഹോസ്റ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ അനന്യ കണ്ടിട്ട് രണ്ട് മൂന്ന് ദിവസമായെന്നായിരുന്നു ഹോസ്റ്റലില്‍ നിന്ന് ലഭിച്ച മറുപടി.
ഉടന്‍ തന്നെ സുജാത ഭട്ട് ധര്‍മസ്ഥലയിലെത്തുകയും മകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയുമായിരുന്നു. അനന്യയുടെ ഫോട്ടോ കാണിച്ച് അവര്‍ നടത്തിയ തിരച്ചിലില്‍ അനന്യയെ പോലൊരാളെ ധര്‍മസ്ഥല ക്ഷേത്രത്തിലെ സ്റ്റാഫുകളുടെ കൂടെ പോകുന്നത് കണ്ടെന്ന് സമീപ വാസികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അന്നത്തെ ബെല്‍താനഗഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. മകള്‍ ഒളിച്ചോടിപ്പോയതാകുമെന്ന് പറഞ്ഞ പൊലീസ് അസഭ്യം പറഞ്ഞ് അവരെ പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നാലെ ധര്‍മസ്ഥലയിലെ ധര്‍മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയെയും സഹോദരന്‍ ഹര്‍ഷേന്ദ്ര കുമാറിനെയും കണ്ടെങ്കിലും തഴയുകയായിരുന്നുവെന്നാണ് സുജാത ഭട്ട് പറയുന്നത്.
'അന്ന് രാത്രി ക്ഷേത്രത്തിന് മുമ്പില്‍ ഇരിക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച നാല് ക്ഷേത്ര സ്റ്റാഫുകള്‍ അനന്യയെ കുറിച്ചുള്ള വിവരം അറിയാമെന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് വന്നു. പിന്നാലെ എന്നെ തട്ടിക്കൊണ്ടുപോയി. കെട്ടിയിട്ടു. വാ മൂടി കെട്ടി. ക്ഷേത്രത്തിനടുത്തുള്ള ഇരുട്ടുമുറിയില്‍ ഒരു രാത്രി മുഴുവന്‍ ഒളിപ്പിച്ചു. നിശബ്ദമായിരിക്കാന്‍ ഭീഷണിപ്പെടുത്തി', സുജാത പറയുന്നു. തുടര്‍ന്ന് മൂന്ന് മൂന്ന് മാസത്തോളം സുജാത കോമയിലായിരുന്നു. തലയില്‍ എട്ട് തുന്നലുണ്ടായിരുന്ന സുജാതയ്ക്ക് അഗാഡി ആശുപത്രിയിലെത്തിയപ്പോഴാണ് ബോധം വന്നത്. അന്നത്തെ തട്ടിക്കൊണ്ടുപോകലില്‍ തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് പാസ്ബുക്ക് തുടങ്ങി വ്യക്തിപരമായ പല സാധനങ്ങളും കാണാതായെന്നും അവര്‍ പറയുന്നു.
വര്‍ഷങ്ങളോളം ഈ പേടിയിലാണ് കഴിഞ്ഞതെന്ന് പറയുന്ന സുജാത ധര്‍മസ്ഥലയിലെ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ തന്റെ മകളെയും ഇത്തരത്തില്‍ സംസ്‌കരിച്ചിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണ് വീണ്ടും പരാതിയുമായി എത്തിച്ചേര്‍ന്നിരിക്കുന്നത്. മതാചാരങ്ങള്‍ക്ക് അനുസൃതമായി മകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ സംസ്‌കരിക്കാന്‍ വേണ്ടി കണ്ടുപിടിച്ച് തരണമെന്ന അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സുജാത മുന്നോട്ട് വെക്കുന്നത്. വീരേന്ദ്ര ഹെഗ്ഗഡെയെയും ശ്രീ ഹര്‍ഷേന്ദ്ര കുമാറിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും താനും നുണപരിശോധനയ്ക്ക് വിധേയമാകാമെന്നും അവര്‍ പറയുന്നു.
Content Highlights: Darmasthala case mother who come with missing complaint face brutal attack years ago