
പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് ആണ്ട്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ കുര്‍ബാനയും ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടക്കുകയാണ്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം 'ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം' രാവിലെ 9 ന് പള്ളി ഗ്രൗണ്ടില്‍ നടക്കും.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുക. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും രാഹുല്‍ ഗാന്ധി പൊതുസമ്മേളന വേദിയിലേക്ക് എത്തുക.
ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി സ്മൃതി തരംഗത്തിന്റെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. ഉമ്മന്‍ചാണ്ടി നടപ്പിലാക്കിയ 'ശ്രുതിതരംഗം' പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. അനുസ്മരണ പരിപാടിക്ക് ശേഷം രാഹുല്‍ഗാന്ധി തിരുവനന്തപുരത്ത് തിരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിക്കാനാണ് രാഹുല്‍ഗാന്ധി എത്തുന്നത്. രണ്ടു മണിയോടെ വഴുതക്കാട് എ കെ ആന്റണിയുടെ വസതിയില്‍ രാഹുല്‍ഗാന്ധി എത്തും. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച എ കെ ആന്റണി തിരുവനന്തപുരം വസതിയില്‍ വിശ്രമത്തിലാണ്. ഏറെ കാലത്തിന് ശേഷമാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
Content Highlights: Rahul Gandhi will inaugurate oommen chandy death anniversary