
പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ വമ്പൻ പ്രഖ്യാപനങ്ങളുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഓഗസ്റ്റ് ഒന്നുമുതൽ സംസ്ഥാനത്തെ മുഴുവൻ ഗാർഹിക ഉപയോക്താക്കൾക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപനം. എക്സിലൂടെയാണ് നിതീഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. തുടക്കം മുതൽ തങ്ങൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുകയാണ്. സർക്കാരിന്റെ തീരുമാനം ബിഹാറിലെ 1.67 കോടി കുടുംബങ്ങൾക്ക് ഗുണകരമാകുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
"തുടക്കം മുതൽ ഞങ്ങൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നു. 2025 ഓഗസ്റ്റ് 1 മുതൽ സംസ്ഥാനത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കളും 125 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് പണം നൽകേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു," അദ്ദേഹം എക്‌സിൽ കുറിച്ചു.
ഗാർഹിക ഉപഭോക്താക്കളുടെ സമ്മതത്തോടെ വീടുകളുടെ മുകളിലോ അടുത്തുള്ള പൊതു സ്ഥലങ്ങളിലോ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'കുതിർ ജ്യോതി' പദ്ധതി പ്രകാരം വളരെ ദരിദ്രരായ കുടുംബങ്ങൾക്ക് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഈ വർഷം ഒക്ടോബറിലോ നവംബറിലോ ആവും ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികൾ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് ജൂലൈ എട്ടിന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. 'സംസ്ഥാന സർക്കാർ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളിൽ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് മാത്രമായി 35% സംവരണം ഏർപ്പെടുത്തും' എന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം. 'പൊതു സേവനങ്ങളിൽ എല്ലാ തലങ്ങളിലും വകുപ്പുകളിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനാണ് സർക്കാരിന്റെ ശ്രമം. കൂടുതൽ സ്ത്രീകൾ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുകയും ബിഹാറിലെ ഭരണത്തിലും ഭരണനിർവ്വഹണത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യ'മെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തിരുന്നു. പട്നയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്.
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ ബിഹാർ യൂത്ത് കമ്മീഷന്റെ രൂപീകരണവും നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. ബിഹാറിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും, അവരെ പരിശീലിപ്പിക്കുന്നതിനും, അവരെ ശാക്തീകരിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനായി ബിഹാർ യൂത്ത് കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം.
Content Highlights: Nitish Kumar announces 'free electricity' for Bihar consumers ahead of assembly poll