കന്നഡയുടെ ഉത്ഭവം തമിഴിൽ നിന്നെന്ന പരാമർശം; കമൽ ഹാസന്‍റെ ചിത്രങ്ങൾ കത്തിച്ചും തിയേറ്റർ ഉപരോധിച്ചും പ്രതിഷേധം

കമല്‍ ഹാസന്‍ മാനസിക രോഗിയാണ് എന്നാണ് കര്‍ണാടകയിലെ ബിജെപി നേതാവ് ആര്‍ അശോക പറഞ്ഞത്

dot image

ചെന്നൈ: കന്നഡ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന പരാമര്‍ശത്തിൽ നടന്‍ കമല്‍ ഹാസനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കര്‍ണാടകയിലെ ബെലഗാവിയില്‍ നടനെതിരെ പ്രതിഷേധമുണ്ടായി. കന്നഡ അനുകൂല സംഘടനയായ കന്നഡ രക്ഷണ വേദികെയുടെ നേതൃത്വത്തിൽ ഐനോക്‌സ് തിയറ്റര്‍ ഉപരോധിച്ചു. കമല്‍ ഹാസന്റെ ചിത്രങ്ങള്‍ കത്തിച്ചു. നടന്‍ മാപ്പുപറയണമെന്നാണ് സംഘടനയുടെ ആവശ്യം. നിരവധി രാഷ്ട്രീയ നേതാക്കളും നടന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. കന്നഡ ഭാഷയ്ക്ക് വലിയൊരു ചരിത്രമുണ്ടെന്നും അതിനെക്കുറിച്ച് പാവം കമല്‍ ഹാസന് അറിയില്ലെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.

കമല്‍ ഹാസന്‍ മാനസിക രോഗിയാണ് എന്നാണ് കര്‍ണാടകയിലെ ബിജെപി നേതാവ് ആര്‍ അശോക പറഞ്ഞത്. വസ്തുതാവിരുദ്ധമായ പ്രസ്താവനയാണ് കമല്‍ ഹാസന്‍ നടത്തിയതെന്നും കമലിന്റെ പരാമര്‍ശം കന്നഡ ഭാഷയുടെ സാംസ്‌കാരിക സ്വത്വത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. കമല്‍ ഹാസന്‍ കര്‍ണാടകയെയും കന്നഡയെയും ആവര്‍ത്തിച്ച് അപമാനിക്കുകയാണെന്ന് പറഞ്ഞ ആര്‍ അശോക, നടന്റെ സിനിമകള്‍ സംസ്ഥാനത്ത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

തന്റെ ഏറ്റവും പുതിയ ചിത്രമായ 'തഗ് ലൈഫി'ന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'എന്റെ ജീവിതവും കുടുംബവും തമിഴ് ഭാഷയാണ്' എന്നര്‍ത്ഥം വരുന്ന 'ഉയിരേ ഉറവേ തമിഴേ' എന്ന വാചകത്തോടെയാണ് കമല്‍ ഹാസന്‍ പരിപാടിയില്‍ തന്റെ പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്ത തെലുങ്ക് നടന്‍ ശിവരാജ് കുമാറിനെ പരാമര്‍ശിച്ച് 'ഇത് ആ നാട്ടിലുളള എന്റെ കുടുംബമാണ്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ എനിക്കുവേണ്ടി വന്നിരിക്കുന്നത്. അതുകൊണ്ടാണ് ഉയിരേ ഉറവേ തമിഴേ എന്ന് ഞാന്‍ പ്രസംഗം ആരംഭിച്ചതുതന്നെ. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്നാണ് ജനിച്ചത്. അതിനാല്‍ നിങ്ങളും അതിലുള്‍പ്പെടുന്നു'- എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്.

Content Highlights: Protest against kamal haasan for kannada originated from tamil remark

dot image
To advertise here,contact us
dot image