
കള്ളക്കടത്തെന്ന് ആരോപിച്ച് എണ്ണക്കപ്പൽ ഫ്രാൻസ് പിടിച്ചെടുത്തത് വാർത്തയായിരുന്നു. അതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു യൂറോപ്യൻ യൂണിയനും ബ്രിട്ടനും റഷ്യക്ക് എണ്ണ കയറ്റുമതിയിൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. റഷ്യൻ എണ്ണ അനധികൃതമായി കടത്തിയെന്ന് ആരോപിച്ചായിരുന്നു ഫ്രാൻസിന്റെ നടപടി. യൂറോപ്യൻ യൂണിയന്റെ കരിമ്പട്ടികയിലുള്ള ബൊറാകേയ് എന്ന കപ്പലാണ് ഫ്രാൻസ് പിടിച്ചെടുത്തത്. ഈ വാർത്തകൾക്ക് പിന്നാലെ പല ചോദ്യങ്ങളും ഉയർന്നിരുന്നു. റഷ്യയുടെ എണ്ണ വിൽപ്പനയെ യൂറോപ്യൻ യൂണിയൻ ഇങ്ങനെ ലക്ഷ്യം വെക്കുന്നത് എന്തിനു വേണ്ടിയാണ് എന്ന്? ലോകമെമ്പാടും രഹസ്യമായി എണ്ണ കയറ്റുമതി ചെയ്യാൻ റഷ്യ ഉപയോഗിക്കുന്നത് ഏതു വഴിയാണ്, ഏതു തരം കപ്പലുകൾ ആണ് അതിനായി റഷ്യ ഉപയോഗിക്കുന്നത് എന്നൊക്കെയുള്ള ചർച്ചകൾ ഇപ്പോൾ സജീവമായിരിക്കുകയാണ്.
റഷ്യയുടെ ഷാഡോ ഫ്‌ലീറ്റിനെ ലക്ഷ്യമിട്ടാണ് യൂറോപ്യൻ യൂണിയൻ നീക്കങ്ങൾ നടത്തിയതെന്ന് ആണ് റിപ്പോർട്ടുകൾ. എന്താണ് റഷ്യയുടെ ഈ ഷാഡോ ഫ്‌ളീറ്റ്? ലോകമെമ്പാടും റഷ്യൻ എണ്ണ രഹസ്യമായി കടത്താൻ ഉപയോഗിക്കുന്ന ടാങ്കറുകളുടെ രഹസ്യ ശൃംഖലയെ വിളിക്കുന്ന പേരാണ് ഷാഡോ ഫ്‌ളീറ്റ് എന്നത്. യൂറോപ്യൻ യൂണിയൻ ഈ അടുത്തിടെ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചതും പുടിന്റെ ആ ഷാഡോ ഫ്ലീറ്റിനെ തന്നെ. മോസ്കോ കള്ളക്കടത്ത് കപ്പലുകൾ വഴി എണ്ണ കടത്തുന്നത് തടയുക, റഷ്യയുടെ യുദ്ധ തന്ത്രത്തിന്റെ വരുമാന സ്രോതസ്സുകൾ ഇല്ലാതാക്കുക എന്നൊക്കെയാണ് ഉപരോധങ്ങൾ കൊണ്ട് വന്നതിലൂടെ യൂറോപ്യൻ യൂണിയൻ ലക്ഷ്യമിട്ടത്. ഇനി എന്താണീ ഷാഡോ ഫ്‌ളീറ്റ് എന്ന് വിശദമായി നോക്കാം.
പഴയ കാലത്ത് എണ്ണ ഇടപാടുകൾ നടത്താൻ ഉപയോഗിച്ചിരുന്ന എണ്ണ ടാങ്കറുകൾ ആണ് റഷ്യയുടെ ഷാഡോ ഫ്‌ലീറ്റിൻ്റെ ഭാഗമായുള്ളത്. ഉപരോധങ്ങൾ മറികടന്ന് ലോകമെമ്പാടും രഹസ്യമായി എണ്ണ കയറ്റുമതി ചെയ്യാൻ റഷ്യ ഈ സംവിധാനം ഉപയോഗിക്കുന്നു. ഈ കപ്പലുകൾ പലപ്പോഴും അവ സഞ്ചരിക്കുന്ന പാത മറ്റു ലോക രാജ്യങ്ങൾ അറിയാതെ മറച്ചു വെക്കുകയാണ് പതിവ്. ഇടയ്ക്കിടെ പതാകൾ മാറ്റുകയും, വ്യാജ പേരുകളിലോ ഉടമസ്ഥതയിലോ പ്രവർത്തിക്കുകയും ചെയ്യും. ട്രാക്ക് ചെയ്യപ്പെടാത്തതും, ശരിയായി രജിസ്റ്റർ ചെയ്യപ്പെടാത്തതും, അന്താരാഷ്ട്ര ഷിപ്പിംഗ് നിയമങ്ങൾ പാലിക്കാത്തവയുമായത് കൊണ്ടാണ് അവയെ "ഷാഡോ ഫ്ലീറ്റ്" എന്ന് വിളിക്കുന്നത്. പുട്ടിന്റെ സീക്രട്ട് ഓയിൽ അർമാഡ എന്നാണ് ഷാഡോ ഫ്‌ളീറ്റ് അറിയപ്പെടുന്നത്. നിയമവിരുദ്ധമോ അനിയന്ത്രിതമോ ആയ ഷിപ്പിംഗ് പ്രവർത്തനങ്ങളെ വിവരിക്കുന്ന ഒരു പൊതുവായ പേരാണ് അർമാഡ എന്നത്. റഷ്യ, വെനിസ്വേല, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എണ്ണ കൊണ്ടുപോകുന്ന വലിയ കൂട്ടം ടാങ്കറുകളെ പലപ്പോഴും ഈ പേരിട്ടാണ് വാർത്തകളിൽ വിവരിക്കാറുള്ളതും.
എന്ന് തൊട്ടാണ് റഷ്യ ഈ സംവിധാനം തുടങ്ങിയത്?
2022-ൽ റഷ്യ യുക്രൈനിലേക്ക് പൂർണ്ണ തോതിലുള്ള അധിനിവേശം നടത്തിയതിനു ശേഷം EU, UK, US എന്നിവയുൾപ്പെടെ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് ക്രെംലിനുള്ള പ്രധാന പണ സ്രോതസ്സായ എണ്ണ കയറ്റുമതി ലക്ഷ്യമിട്ട് ആയിരുന്നു ഈ ഉപരോധങ്ങൾ. അന്ന് തൊട്ട് റഷ്യയ്ക്ക് ചില രാജ്യങ്ങൾക്ക് ബാരലിന് 60 ഡോളറിൽ കൂടുതൽ എണ്ണ വിൽക്കാൻ കഴിയില്ലായിരുന്നു. റഷ്യയുടെ എണ്ണ വ്യാപാരത്തിൽ സഹായിക്കുന്നതിൽ നിന്ന് യൂറോപ്പിലെ ചില ഷിപ്പിംഗ് കമ്പനികൾക്ക് വിലക്കും ഉണ്ടായിരുന്നു. എന്നാൽ തങ്ങളുടെ വരുമാനത്തിന്റെ പ്രധാന വഴിയായ എണ്ണ വ്യാപാരം നിർത്താൻ റഷ്യ തയ്യാറായിരുന്നില്ല. അതിനാൽ, നിയമങ്ങൾ പാലിക്കാതെ എണ്ണ വിറ്റ് പണം സമ്പാദിക്കുന്നത് തുടരാൻ, റഷ്യ ഈ ഷാഡോ ഫ്ലീറ്റ് എന്ന രഹസ്യ വഴി തിരഞ്ഞെടുക്കുകയായിരുന്നു.
അന്താരാഷ്ട്ര ഷിപ്പിംഗ് നിയമങ്ങൾ പാലിക്കാത്തതുകൊണ്ട് തന്നെ തങ്ങളുടെ കപ്പൽ ഏതു പാതയിലൂടെ സഞ്ചരിക്കുന്നു എന്ന് മറ്റുള്ളവരെ അറിയിക്കാൻ റഷ്യ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്. രഹസ്യമായി സഞ്ചരിക്കേണ്ട സമയത് അവർ ഈ സിഗ്നൽ സ്വിച്ച് ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു ദിവസം പനാമയുടെ പതാകയ്ക്ക് കീഴിൽ "ഷിപ്പ് എ" ആയി ഒരു കപ്പൽ രജിസ്റ്റർ ചെയ്യപ്പെട്ടേക്കാം, അടുത്ത ആഴ്ച അത് ലൈബീരിയയുടെ പതാകയ്ക്ക് കീഴിൽ "ഷിപ്പ് ബി" ആയി മാറിയേക്കാം. പരിശോധകരുടെ കണ്ണുവെട്ടിക്കാനും, ആരുടെ കപ്പൽ ആണെന്ന് തിരിച്ചറിയാതിരിക്കാനും റഷ്യക്ക് ഈ സംവിധാനത്തിലൂടെ സാധിക്കും. പിന്നീട് ഗ്രീസ്, മലേഷ്യ പോലുള്ള സ്ഥലങ്ങളിൽ നിന്ന് ഒരു കപ്പലിലെ കുറച്ച് എണ്ണ സമുദ്രത്തിന്റെ മധ്യത്തിൽ വച്ച് മറ്റൊന്നിലേക്ക് മാറ്റുന്ന പ്രക്രിയ നടക്കും. 15 വർഷത്തിലേറെ പഴക്കമുള്ളതും ഗ്രീസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാങ്ങിയതുമായ കപ്പലുകൾ ആണ് റഷ്യ ഇതിനായി ഉപയോഗിക്കുന്നതും.
ഈ സംവിധാനം വളരെ വിദഗ്ദ്ധമായി റഷ്യക്ക് ചെയ്യാൻ സാധിക്കുന്നുണ്ട് എങ്കിലും ഷാഡോ ഫ്ലീറ്റിന്റെ പ്രവർത്തനങ്ങൾ എണ്ണ ചോർച്ച, സമുദ്ര അപകടങ്ങൾ എന്നിവയുൾപ്പെടെ നിരവധി സംഭവങ്ങൾക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ അനധികൃത എണ്ണ ഗതാഗതത്തിൽ ഏർപ്പെട്ട 100 കപ്പലുകൾക്ക് യുകെ ഉപരോധം ഏർപ്പെടുത്തുകയും 342 കപ്പലുകളെ യൂറോപ്യൻ യൂണിയൻ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി, സുരക്ഷാ ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എങ്കിലും റഷ്യ ഈ സംവിധാനം ഇന്നും തുടരുക തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. ഉപരോധങ്ങൾ കർശനമായാൽ റഷ്യക്ക് ഈ സംവിധാനം നിർത്തേണ്ടി വരുമോ എന്ന ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്.
Content Highlights : What is Russia's shadow fleet? How does the shadow fleet work ?