
ബഹ്‌റൈനിലെ പുരുഷ ജീവനക്കാര്‍ക്കുള്ള ഒരു ദിവസത്തെ പിതൃത്വ അവധി മൂന്ന് ദിവസമാക്കാനുള്ള പാര്‍ലമെന്റിന്റെ നീക്കം പുനപരിശോധിക്കണമെന്ന് സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് അമിതമായ പരിഗണന നല്‍കുന്നത് സാമ്പത്തിക സുസ്ഥിരതയെയും മത്സരശേഷിയെയും ദുര്‍ബലപ്പെടുത്തുമെന്നും തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ആനുപാതിക തത്ത്വം ലംഘിക്കാന്‍ കാരണമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കുഞ്ഞ് ജനിക്കുമ്പോള്‍ സ്വകാര്യമേഖലയിലെ പുരുഷ ജീവനക്കാര്‍ക്ക് നിലവില്‍ ഒരു ദിവസത്തെ പിതൃത്വ അവധി നല്‍കുന്നുണ്ട്. ഇത് മൂന്ന് ദിവസമായി നീട്ടാനുളള പാര്‍ലമെന്റിന്റെ നീക്കത്തിനെതിരെയാണ് ബഹ്‌റൈന്‍ സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. കുഞ്ഞ് ജനിച്ചതിനുശേഷമുള്ള ആദ്യ ദിവസങ്ങളില്‍ അമ്മക്ക് വൈകാരികവും പ്രായോഗികപരവുമായ പിന്തുണ നല്‍കുന്നതില്‍ പിതാവിന് സുപ്രധാന പങ്കുണ്ടെന്നും ഗൃഹനാഥന്‍ എന്ന നിലയില്‍ കുട്ടിയുടെ രജിസ്‌ട്രേഷന്‍ പോലുള്ള അത്യാവശ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അവധി മൂന്ന് ദിവസമായി നീട്ടാന്‍ പാര്‍ലമെന്റ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ചെറുകിട-ഇടത്തരം സംരംഭങ്ങളിലും സുപ്രധാന മേഖലകളിലുമുള്ള തൊഴിലുടമകള്‍ക്ക് ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത, പ്രവര്‍ത്തനപരമായ വെല്ലുവിളികള്‍ എന്നിവ ചൂണ്ടികാട്ടി ഇതുമായി ബന്ധപ്പെട്ട ഭേദഗതി പുനരാലോചിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
നിര്‍ദിഷ്ട ഭേദഗതി സദുദ്ദേശ്യപരമാണെങ്കിലും അനാവശ്യമാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. ആരോഗ്യസംരക്ഷണം, ഗതാഗതം, സുരക്ഷ, ഉല്‍പാദനം തുടങ്ങിയ സുപ്രധാന മേഖലകളിലെ ഷിഫ്റ്റ് അടിസ്ഥാനമാക്കിയുള്ള ജോലി സാഹചര്യങ്ങളില്‍, ആസൂത്രണം ചെയ്യാത്ത അവധികള്‍ അസന്തുലിതാവസ്ഥക്കും ഉല്‍പാദനക്ഷമത കുറയാനും കാരണമാകും. പകരം തൊഴിലാളികളെ വെക്കുന്നതിനുള്ള ഉയര്‍ന്ന ചെലവിലേക്കും ഇത് നയിക്കും. വാര്‍ഷിക അവധി, മാതൃത്വ അവധി, ഒരു ദിവസത്തെ പിതൃത്വ അവധി എന്നിവ ഉള്‍പ്പെടുന്ന നിലവിലെ നിയമ ചട്ടക്കൂട്, തൊഴില്‍ ആവശ്യകതകളും കുടുംബപരമായ കടമകളും തമ്മില്‍ ന്യായമായ സന്തുലിതാവസ്ഥ പാലിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
Content Highlights: Rethink jobs law change call, Bahrain Govt to Parliament