
തന്റെ പുതിയ ചിത്രമായ പെറ്റ് ഡിറ്റക്ടീവിന്റെ പ്രൊമോഷൻ ഭാഗമായി ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിനെ ഫോണിൽ വിളിച്ച് രാവണപ്രഭു റിലീസ് തീയതി മാറ്റാമോയെന്നാണ് ഷറഫുദ്ധീൻ ആദ്യം ചോദിക്കുന്നത്. തന്റെ കൈയ്യിലുള്ള പൈസ മുഴുവൻ ഇട്ടിട്ടാണ് ഈ സിനിമ ചെയ്തതെന്നും രണ്ടു മോഹൻലാലിനെ താങ്ങാൻ കഴിയില്ലെന്നും നടൻ പറഞ്ഞു. 'ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ' എന്ന രാവണപ്രഭുവിലെ മാസ്സ് ഡയലോഗ് പറഞ്ഞാണ് മോഹൻലാൽ ഫോൺ നിർത്തുന്നത്. അതുകൊണ്ട് പെറ്റ് ഡിറ്റക്ടീവിന്റെ റിലീസ് ഒക്ടോബർ പത്താം തീയതിയിലേക്ക് മാറ്റിയെന്നും ഷറഫുദ്ധീൻ പറഞ്ഞു.
മോഹൻലാലിനെ ഫോണിൽ വിളിച്ച് റിലീസ് തീയതി മാറ്റാമോ എന്ന് അപേക്ഷിക്കുന്ന ഒരു തമാശ വീഡിയോയാണ് ഷറഫുദ്ധീൻ ഇപ്പോൾ പങ്കുവെച്ചത്. ആരാധകരും സിനിമാപ്രേമികളും ഇരുകയ്യും നീട്ടിയാണ് ഈ പ്രോമോ വീഡിയോയയെ സ്വീകരിച്ചത്. 'ഷറഫുദ്ധീൻ കലക്കി', 'ഇതിലും മികച്ച പ്രൊമോഷൻ വേറെയില്ല', 'പ്രൊമോഷൻ ചെയ്യാൻ എനിക്ക് ഒരുത്തന്റെയും ആവശ്യമില്ല', എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.
ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു പക്കാ ഫൺ എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിലെ ഷറഫുദ്ദീൻ്റെ കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിക്കുമെന്നും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. ഒക്ടോബർ 16 ന് സിനിമ ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും.
കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിൻ്റെ ഓരോ പ്രമോഷണൽ കണ്ടൻ്റുകളും സൂചിപ്പിക്കുന്നത്. കുട്ടികളെ ഏറെ ആകർഷിക്കുന്ന ദൃശ്യങ്ങൾ ഇതിലെ ഗാനങ്ങളുടെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്.
അതേസമയം, രാവണപ്രഭുവിനെ ആഘോഷിക്കുന്ന ആരാധകരുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. റീലീസ് ചെയ്ത് രണ്ട് ദിവസം പൂർത്തിയാകുമ്പോൾ സിനിമയുടെ കളക്ഷൻ കണക്കുകളാണ് പുറത്തു വരുന്നത്. 1.45 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റീലീസ് ചെയ്ത് ആദ്യ ദിവസം 70 ലക്ഷം ആയിരുന്നു സിനിമയുടെ കളക്ഷൻ എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
രണ്ടാം ദിവസം 72 ലക്ഷത്തിലധികം സിനിമ നേടിയിട്ടുണ്ടെന്നാണ് സൂചന. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് 1.42 കോടിയാണ്. ഇന്നലത്തെ കളക്ഷനോടെ സിനിമ 2 കോടി മറകടക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത.
Content Highlights: Sharafudheen shares a promo video of his new movie with a reference to ravanaprabhu