
ന്യൂ ഡൽഹി: അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖമാകുമെന്ന് സൂചന. സംസ്ഥാന നേതൃത്വം ഇതുവരെയ്ക്കും ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെങ്കിലും ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ നേരിടാൻ ഗൗരവ് ഗൊഗോയിനെപ്പോലെ ഒരാൾ തന്നെ വേണമെന്ന് തീരുമാനമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ജോർഹത് എംപിയാണ് മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ കൂടിയായ ഗൗരവ് ഗൊഗോയ്. രണ്ട് ദിവസം മുൻപാണ് ദേശീയ നേതൃത്വം ഗൗരവിനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. പത്ത് വർഷമായി ബിജെപി ഭരിക്കുന്ന അസമിനെ കോൺഗ്രസിന്റെ 'കൈ'ക്കലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന വലിയ ഉത്തരവാദിത്വമാണ് ഇനി ഗൗരവിന്റെ മുൻപിലുള്ളത്.
രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയാണ് ഗൗരവ്. നിലവിലെ ബിജെപി മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഹിമന്ത ബിശ്വ ശർമയോട് നേരിട്ട് ഏറ്റുമുട്ടാൻ സാധിക്കുന്ന ഒരു നേതാവ് എന്ന പ്രതിച്ഛായയാണ് ഗൗരവിന് തുണയായത്. പാകിസ്ഥാനിൽ ജോലി ചെയ്തിരുന്ന ഗൊഗോയ്‌യുടെ ഭാര്യയെ ചൊല്ലി വലിയ വിവാദം ഉണ്ടായിരിക്കെ കൂടിയാണ് ഗൗരവിന്റെ നിയമനം. ഈ വിവാദങ്ങളെ സമർത്ഥമായി നേരിടാൻ ഗൗരവിന് കഴിഞ്ഞിരുന്നു.
ഗൗരവിന്റെ പിതാവ് തരുൺ ഗൊഗോയ് കോൺഗ്രസ് തലപ്പത്തിരുന്ന കാലത്താണ് ഹിമന്ത ബിശ്വ ശർമ്മ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. തരുണ്‍ ഗൊഗോയിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും, ഗൗരവിനെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനവുമായിരുന്നു കാരണം. ശേഷം ഗൊഗോയ് കുടുംബത്തെ എല്ലാ രീതിയിലും ഹിമന്ത ആരോപണങ്ങളാൽ ആക്രമിച്ചിരുന്നു.
ഗൗരവിന്റെ നിയമനത്തിൽ സംസ്ഥാന നേതൃത്വവും സന്തോഷത്തിലാണ്. അഴിമതി ആരോപണങ്ങൾ ഇല്ലാത്ത, ചെറുപ്പക്കാരനായ ഒരു നേതാവ് എന്ന പ്രതിച്ഛായ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ വർഷങ്ങളിൽ നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് മറ്റ് രാഷ്ട്രീയപാർട്ടികളിൽ ചേർന്നിരുന്നു.
ഇക്കാരണത്താൽ പല നേതാക്കളും ഇപ്പോഴും പാർട്ടിയുടെ സംശയനിഴലിലാണ്. ഇങ്ങനെയെല്ലാമിരിക്കെ എല്ലാവർക്കും സ്വീകാര്യനായ ഗൗരവിന്റെ വരവ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. വിവിധ സാമൂഹിക സമവാക്യങ്ങൾ ഉൾകൊണ്ടുകൊണ്ടാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ നിയമിച്ചിരിക്കുന്നത്. മുസ്ലിം, ആദിവാസി, ഹിന്ദു വിഭാഗത്തിൽപ്പെട്ട മൂന്ന് വർക്കിങ് പ്രസിഡന്റുമാരെയാണ്, അഹോം വിഭാഗത്തിൽനിന്നുളള ഗൗരവിനൊപ്പം നിയമിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്.
Content Highlights: Gourav Gogoi to be the CM candidate of congress at Assam