
ഭോപ്പാല്‍: താഴ്ന്ന ജാതിക്കാരനായ യുവാവിനെക്കൊണ്ട് ബ്രാഹ്മണ യുവാവിന്റെ കാല്‍ കഴുകിയ വെള്ളം കുടിപ്പിച്ചു. സംഭവത്തില്‍ കുശ്വാഹ വിഭാഗത്തില്‍പ്പെട്ടയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ള പര്‍ഷോത്തം കുശ്വാഹയെ ബ്രാഹ്‌മണനായ അന്നു പാണ്ഡെയുടെ കാലുകള്‍ കഴുകാനും ഗ്രാമവാസികളുടെ മുന്നില്‍ വച്ച് ആ വെള്ളം കുടിക്കാനും നിര്‍ബന്ധിച്ചത്. 5,100 രൂപ പിഴ ചുമത്തിയതിന് കൂടാതെയാണ് കാല്‍ കഴുകിയ വെള്ളം കുടിക്കാനും നിര്‍ബന്ധിച്ചത്.
ദാമോ ജില്ലയിലെ സതാരിയ ഗ്രാമത്തില്‍ മദ്യ നിരോധനം നടപ്പാക്കിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ അന്നു പാണ്ഡെ എന്ന ബ്രാഹ്‌മണ യുവാവ് മദ്യം വില്‍ക്കുന്നത് തുടര്‍ന്നു. സംഭവം ഗ്രാമവാസികള്‍ പിടിച്ചതോടെ അവര്‍ തന്നെ ശിക്ഷയും വിധിച്ചു. പരസ്യമായി ക്ഷമാപണം നടത്താനും 2,100 രൂപ പിഴയടയ്ക്കാനുമായിരുന്നു തീരുമാനം. പാണ്ഡെ പിഴയടയ്ക്കുകയും ഗ്രമാവാസികളോട് ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിന് പിന്നാലെ പാണ്ഡെ ചെരുപ്പ് മാല ധരിച്ച് നില്‍ക്കുന്നു എന്ന തരത്തില്‍ ഒരു എഐ ചിത്രം ഉണ്ടാക്കിയ പര്‍ഷോത്തം അത് ഗ്രാമത്തിലാകെ പ്രചരിപ്പിച്ചു. മിനിട്ടുകള്‍ക്കകം ചിത്രം ഡിലീറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും ആളുകള്‍ക്കിടയിലെത്തിയിരുന്നു. ഇതേതുടര്‍ന്ന് തങ്ങളെ അപമാനിച്ചു എന്ന് ആരോപിച്ച് ഗ്രാമത്തിലെ ബ്രാഹ്‌മണ വിഭാഗം രംഗത്തെത്തി.
പര്‍ഷോത്തം പ്രായശ്ചിത്തം ചെയ്യണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഇവരുടെ സമ്മര്‍ദത്തിന് വഴങ്ങിയ പര്‍ഷോത്തം മുട്ടുകുത്തിയിരുന്ന് പാദം കഴുകുകയും ആ വെള്ളം കുടിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ പാണ്ഡെ തന്റെ കുടുംബത്തിന്റെ ഗുരുവാണെന്നും ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും പര്‍ഷോത്തം പറഞ്ഞു. ഇതിനെ രാഷ്ട്രീയമാക്കരുത് എന്ന് വ്യക്തമാക്കിക്കൊണ്ട് അന്നു പാണ്ഡെയും രംഗത്തെത്തി.
Content Highlight; Brahmin Forces Man to Drink Foot-Wash Water Over Alcohol Dispute