
വിനോദസഞ്ചാരികൾക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന തിരക്കേറിയ ദിവസങ്ങളിലേക്ക് കടക്കാൻ ദുബായ്. ജൈറ്റെക്സ് മേള, ദുബായ് സഫാരി പാർക്ക്, ഗ്ലോബൽ വില്ലേജ് എന്നിങ്ങനെ മൂന്ന് പ്രധാന പരിപാടികൾക്കാണ് ആഗോള നഗരം ഈയാഴ്ച വേദിയാകുന്നത്. ദുബായിലുടെനീളം ഈയാഴ്ച വലിയ ജനത്തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നഗരം കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ മേളകളിലൊന്നാണ് ജൈറ്റെക്‌സ്. ലോകത്ത് പുത്തൻ സാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങൾ വിദഗ്ധർ മേളയിൽ പ്രദർശിപ്പിക്കും. നൂതന സാങ്കേതിക വിദ്യയെ ഇഷ്ടപ്പെടുന്നവർക്ക് പുറമെ, നിക്ഷേപകർ, സർക്കാർ സ്ഥാപനങ്ങൾ എന്നിവർ ജൈറ്റെക്സിലേക്ക് എത്തിച്ചേരും. ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ജൈറ്റക്സ് പ്രദർശനം നടക്കുക. അടുത്ത വർഷം മുതൽ പരിപാടി ദുബായ് എക്സ്പോ സിറ്റിയിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 13 മുതൽ 17 വരെയാണ് ജൈറ്റെക്‌സ് മേള നടക്കുക.
ദുബായ് സഫാരി പാര്‍ക്കിന്റെ പുതിയ സീസണിന് ഈയാഴ്ച തുടക്കമാകും. ഈ മാസം 16ന് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറക്കും. സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് സഫാരി പാര്‍ക്ക് വീണ്ടും തുറക്കുന്നത്.
വൈല്‍ഡ് റൂള്‍സ് അഥവാ കാടിന്റെ നിയമം എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സീസണ്‍ പ്രവര്‍ത്തിക്കുക. പുതിയ വിദ്യാഭ്യാസ സംരംഭങ്ങള്‍, വിപുലീകരിച്ച സന്ദര്‍ശകാനുഭവങ്ങള്‍, മൃഗങ്ങളുമായുള്ള സംവേദനാത്മക കൂടിക്കാഴ്ചകള്‍ എന്നിവയുമായിട്ടാണ് ദുബായ് പാര്‍ക്ക് മടങ്ങിയെത്തുന്നത്.
ദുബായുടെ ബഹുസാംസ്കാരിക ഫെസ്റ്റിവൽ പാർക്കായ ഗ്ലോബൽ വില്ലേജിനും ഈയാഴ്ച തുടക്കമാകും. ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണാണ് ഇത്തവണ അരങ്ങേറാനൊരുങ്ങുന്നത്. ഒക്ടോബർ 15-ന് വൈകുന്നേരം ആറ് മണിക്കാണ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുക. ഗ്ലോബൽ വില്ലേജിന്റെ ഇത്തവണത്തെ ആപ്തവാക്യം 'എ മോർ വണ്ടർഫുൾ വേൾഡ്' എന്നതാണ്. സാംസ്കാരിക വിനിമയം, ആഗോള വിനോദം, കുടുംബ വിനോദം എന്നിവയുടെ മൂന്ന് പതിറ്റാണ്ടുകളാണ് ഇത്തവണ ആഘോഷിക്കുന്നത്. ആദ്യമായി തുറന്നതു മുതലുള്ള പാർക്കിൻ്റെ വളർച്ചയെ പ്രതിഫലിപ്പിക്കുകയെന്നതും ഇത്തവണത്തെ ആപ്തവാക്യത്തിലൂടെ ലക്ഷ്യമിടുന്നു.
Content Highlights: Some of the biggest events return this week in Dubai