ഓപറേഷൻ ബ്ലൂസ്റ്റാർ തെറ്റായ തീരുമാനമായിരുന്നു, ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവന്‍ നൽകേണ്ടിവന്നു; പി ചിദംബരം

ചിദംബരത്തിന്‍റെ പ്രസ്താവന ആയുധമാക്കാൻ ബിജെപി, മുതിർന്ന നേതാവിന്‍റെ വെളിപ്പെടുത്തലിൽ വെട്ടിലായി കോൺഗ്രസ്

ഓപറേഷൻ ബ്ലൂസ്റ്റാർ തെറ്റായ തീരുമാനമായിരുന്നു, ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവന്‍ നൽകേണ്ടിവന്നു; പി ചിദംബരം
dot image

ന്യൂഡൽഹി: അമൃത്സറിലെ സുവർണക്ഷേത്രത്തിൽ 1984ൽ ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരം നടത്തിയ ഓപറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ആ തീരുമാനം അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരുന്നില്ലെന്നും തെറ്റായ തീരുമാനത്തിലൂടെ ഇന്ദിരയ്ക്ക് തന്റെ ജീവൻ തന്നെ വിലയായി നൽകേണ്ടിവന്നുവെന്നും ചിദംബരം പറഞ്ഞു. ഹിമാചൽ പ്രദേശിലെ കസൗളിയിൽ നടന്ന സാഹിത്യോത്സവ ചടങ്ങിൽ പത്രപ്രവർത്തകൻ ഹരീന്ദർ ബവേജയുടെ 'ദേ വിൽ ഷൂട്ട് യു മാഡം' എന്ന പുസ്തകത്തെകുറിച്ചുള്ള ചർച്ച മോഡറേറ്റ് ചെയ്യുന്നതിനിടെയായിരുന്നു ചിദംബരത്തിന്റെ പരാമർശം.

'ഇവിടെയുണ്ടായിരുന്ന ഏതെങ്കിലും സർവീസ് ഉദ്യോഗസ്ഥരോട് അനാദരവ് കാണിക്കുന്നില്ല, സുവർണക്ഷേത്രം തിരിച്ചുപിടിക്കാനുള്ള ഓപറേഷൻ ബ്ലൂസ്റ്റാർ സൈനിക നീക്കം തെറ്റായ മാർഗമായിരുന്നു. തെറ്റായ വഴിയായിരുന്നു. സൈന്യത്തെ പുറത്തുനിർത്തിക്കൊണ്ട് അത് തിരിച്ചുപിടിക്കാനുള്ള ശരിയായ മാർഗം കുറച്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ കാണിച്ചുകൊടുത്തു. എന്നാൽ ആ തെറ്റിന് ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവൻ വിലയായി നൽകേണ്ടിവന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഇന്ദിരയുടെ മാത്രം തെറ്റായിരുന്നില്ല. സൈന്യം, പൊലീസ്, രഹസ്യാന്വേഷണ വിഭാഗം, സിവിൽ സർവീസ് എന്നിവരുടെ കൂട്ടായ തീരുമാനമായിരുന്നു അത്' എന്നാണ് ചിദംബരം പറഞ്ഞത്.

ഓപറേഷൻ ബ്ലൂ സ്റ്റാർ വിഡ്ഢിത്തമായിരുന്നുവെന്ന് കോൺഗ്രസിന് മനസിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നുവെന്ന് ബിജെപി പരിഹസിച്ചു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതും അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തിന്റെ ഫലമായാണോ എന്ന് കോൺഗ്രസ് പറയുമോ എന്നായിരുന്നു ബിജെപി വക്താവ് അമിത് മാളവ്യയുടെ പ്രതികരണം. വിഷയം രാഷ്ട്രീയ ആയുധമാക്കി ഉയർത്താനാണ് ബിജെപിയുടെ ശ്രമം. എന്നാൽ മുതിർന്ന നേതാവിന്‍റെ വെളിപ്പെടുത്തലിൽ വെട്ടിലായിരിക്കയാണ് കോണ്‍ഗ്രസ്.

1984ൽ സുവർണക്ഷേത്രത്തിൽ തമ്പടിച്ച തീവ്രമത പ്രഭാഷകനും ഖലിസ്താൻ വിഘടനവാദ നേതാവുമായ ജർണൈൽ സിഭ് ഭിദ്രൻ വാലയെയും കൂട്ടാളികളെയും ഒഴിപ്പിക്കാനാണ് ഓപറേഷൻ ബ്ലൂസ്റ്റാർ നടത്തിയത്. ഈ സൈനിക നടപടിക്ക് പിന്നാലെയാണ് ഇന്ദിരയെ സിഖ് അംഗരക്ഷകർ വെടിവെച്ച് കൊന്നത്. പിന്നാലെ സിഖുകാർക്കെതിരെ വ്യാപക അക്രമം നടക്കുകയും നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു.

Content Highlights: Congress leader P Chidambaram calls Indira Gandhi's Operation Blue Star a mistake

dot image
To advertise here,contact us
dot image