വീട്ടില്‍ അതിഥിയായി മുതല,വിവരമറിയിച്ചിട്ടും വനംവകുപ്പ് എത്തിയില്ല;ഒടുവില്‍ രക്ഷകനായി ഹയാത്ത് ഖാന്‍ ടൈഗര്‍

അധികാരികളെ വിവരമറിയിച്ചെങ്കിലും വളരെ നേരം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരോ വനം വകുപ്പോ എത്താത്തതിനെ തുടര്‍ന്നാണ് ഹയാത്ത് ഖാന്‍ വന്നത്

വീട്ടില്‍ അതിഥിയായി മുതല,വിവരമറിയിച്ചിട്ടും വനംവകുപ്പ് എത്തിയില്ല;ഒടുവില്‍ രക്ഷകനായി ഹയാത്ത് ഖാന്‍ ടൈഗര്‍
dot image

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ട ജില്ലയില്‍ ബഞ്ചാരി ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് എട്ടടി നീളമുള്ള മുതല കയറി. പരിഭ്രാന്തരായ കുടുംബം മുതലയെ പിടിക്കൂടാന്‍ അധികാരികളെ വിവരമറിയിച്ചെങ്കിലും വളരെ നേരം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരോ വനം വകുപ്പ് ഉദ്യോഗസ്ഥരോ എത്തിയിരുന്നില്ല. തുടര്‍ന്ന്, ഗ്രാമത്തില്‍ ആകെ ഭയം നിറഞ്ഞതോടെ മൃഗസ്‌നേഹിയായ ഹയാത്ത് ഖാന്‍ ടൈഗറെത്തി മുതലയെ പിടിക്കൂടി സുരക്ഷിതമായി ചമ്പല്‍ നദിയിലേക്ക് തുറന്നുവിടുകയായിരുന്നു. ഹയാത്ത് ഖാന്‍ മുതലയെ തോളിലേറ്റി നടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ ഏറെ വൈറലായിരുന്നു. ഗ്രാമവാസികള്‍ ചുറ്റും നിന്ന് ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കാണാം.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. എട്ടടി നീളവും 80 കിലോഗ്രാം ഭാരവുമുള്ള മുതല വീട്ടിലേക്ക് മുന്‍വാതിലിലൂടെ കയറുകയായിരുന്നു. ആ സമയം സ്വീകരണമുറിയിലായിരുന്ന കുടുംബം, മുതലയെ കണ്ടതും ഭയന്ന് പുറത്തേക്ക് ഓടി. ശേഷം, ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചെങ്കിലും ആരുംതന്നെ എത്താത്തതിനാല്‍ ഇറ്റാവയിലെ മൃഗസ്‌നേഹിയായ ഹയാത്ത് ഖാന്‍ ടൈഗറിനെ വിളിച്ചു. വിവരമറിഞ്ഞ ഹയാത്ത് ഖാന്‍ ഉടന്‍ തന്നെ എത്തി മുതലയെ പിടിക്കൂടുകയും ചെയ്തു.

ഏകദേശം, ഒരു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് മുതലയെ പിടിക്കൂടാനായത്. ആദ്യം തന്നെ, മുതലയുടെ ആക്രമണം തടയാന്‍ അതിന്റെ വായില്‍ ടേപ്പ് ഒട്ടിക്കുകയും കൈയും കാലും കയറുകൊണ്ട് ബന്ധിച്ചുമാണ് വീട്ടില്‍ നിന്ന് മാറ്റിയത്. ഒരു വര്‍ഷത്തിനിടെ ബഞ്ചാരി ഗ്രാമത്തില്‍ നിന്ന് പിടിക്കൂടുന്ന മൂന്നാമത്തെ മുതലയാണിത്. ഗ്രാമത്തിലെ ഒരു കുളം മുതലകളുടെ ആവാസകേന്ദ്രമായി മാറിയിട്ടുണ്ടെന്നും മുതലകളുടെ എണ്ണം കൂടുന്നത് തങ്ങളുടെ ജീവിതം ദുഷ്‌കരമാക്കിയെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായു മുതലകള്‍ കാരണം കുളത്തിലെ വെള്ളം ഉപയോഗിക്കാനും മറ്റും കഴിയുന്നില്ല. തങ്ങളുടെ ഈ പ്രശ്‌നത്തിന് തക്കതായ പരിഹാരം വേണമെന്നാണ് അവരുടെയെല്ലാം ആവശ്യം.

Content Highlights: An eight-foot-long crocodile entered a house in Banjari village in Rajasthan's Kota district.

dot image
To advertise here,contact us
dot image