'പാർലമെന്റ് സെൻട്രൽ ഹാളിൽ സവർക്കറുടെ ചിത്രം വെച്ചതിന് സമാനം'; ചിന്ത വാരിക വിവാദത്തിൽ രൂക്ഷ വിമര്‍ശനവുമായി CPI

പുന്നപ്ര - വയലാര്‍ ചരിത്രത്തില്‍ ടിവി തോമസിനെ അപ്രസക്തനാക്കാന്‍ സിപിഐഎം ശ്രമം നടത്തുന്നെന്നും സിപിഐ ആരോപിച്ചു

'പാർലമെന്റ് സെൻട്രൽ ഹാളിൽ സവർക്കറുടെ ചിത്രം വെച്ചതിന് സമാനം'; ചിന്ത വാരിക വിവാദത്തിൽ രൂക്ഷ വിമര്‍ശനവുമായി CPI
dot image

ആലപ്പുഴ: ചിന്ത വാരികയുടെ വിവാദ പുന്നപ്ര വയലാര്‍ പ്രത്യേക പതിപ്പ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസറിന് മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി സോളമന്‍ രംഗത്തെത്തി. ചരിത്രരേഖ തയ്യാറാക്കാന്‍ മറ്റൊരു പാര്‍ട്ടിയുടെ നേതാവിനെ വയ്‌ക്കേണ്ട ഗതികേട് സിപിഐക്കില്ല എന്നായിരുന്നു തോമസ് ഐസക്കിനുള്ള വിമര്‍ശനം. എല്ലാ നേതാക്കളും തുല്യരെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പറയുന്നു. എല്ലാ നേതാക്കളും തുല്യരല്ലെന്നും സമരത്തില്‍ രക്തസാക്ഷികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത് എന്നുമാണ് സിപിഐ ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടിയത്.

സമരത്തില്‍ മുഖ്യ പങ്കുവഹിക്കാത്തവരുടെ ചിത്രങ്ങളും ഫോട്ടോയും ആദ്യം നല്‍കി. വി എസ് അച്യുതാനന്ദന്‍, പി കെ ചന്ദ്രാനന്ദന്‍ എന്നിവരുടെ പേരാണ് ആദ്യം. പുന്നപ്ര - വയലാര്‍ ചരിത്രത്തില്‍ ടിവി തോമസിനെ അപ്രസക്തനാക്കാന്‍ സിപിഐഎം ശ്രമം നടത്തുന്നെന്നും സിപിഐ ആരോപിച്ചു. ടി വി തോമസിന്റെ ചിത്രം ചിന്ത വാരികയില്‍ നല്‍കിയത് ഒമ്പതാമതായാണ്. ഇത് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ചിത്രം വച്ചതിനു സമാനമാമെന്നായിരുന്നു കടുത്ത ഭാഷയിലുള്ള വിമര്‍ശനം. ചിലരെ സമരനായകരായി പ്രതിഷ്ടിക്കാന്‍ സിപിഐഎം ശ്രമിക്കുന്നു എന്നും പുന്നപ്ര വയലാര്‍ സമരം സംഘടിപ്പിച്ചത് സിപിഐ ആണെന്നും സോളമന്‍ പറഞ്ഞു.

സിപിഐഎം വാരികയായ ചിന്തയുടെ പുന്നപ്ര-വയലാര്‍ സമരവാര്‍ഷിക പതിപ്പില്‍ സമരനായകരുടെ ചിത്രങ്ങളുടെ ക്രമത്തിന്റെ പേരിലാണ് പത്രാധിപരായ ഐസകിനുനേരെ വിമര്‍ശനം തുടങ്ങിയത്. സമരനായകരായിരുന്ന ടി വി തോമസിന്റെയും സി കെ കുമാരപ്പണിക്കരുടെയും പ്രധാന്യം കുറച്ചെന്നുകാട്ടിയാണ് വിമര്‍ശനം. 2025ല്‍ പ്രസിദ്ധീകരിച്ച പുന്നപ്ര-വയലാര്‍ ഡയറക്ടറിയിലെ ഉള്ളടക്കത്തിലേക്ക് വിമര്‍ശനം എത്തിയതോടെയാണ് വിവാദം കനത്തത്. പിണറായി വിജയനായിരുന്നു 2025ല്‍ വയലാറിലെ രക്തസാക്ഷി വാരാചരണ സമാപന സമ്മേളനത്തില്‍ ഡയറക്ടറി പുറത്തിറക്കിയത്. പിന്നാലെ രേഖ തയ്യാറാക്കാന്‍ ഐസക്കിനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് സിപിഐ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ രേഖ തയ്യാറാക്കാന്‍ ഐസക്കിനെ ചുമതലപ്പെടുത്തിയത് സിപിഐഎം ആണെന്നും ഐസകിനെ ആര് ചുമതലപ്പെടുത്തിയെന്ന് ചോദിക്കാന്‍ സിപിഐ ആരാണെന്നും ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് അല്‍പ്പത്തരം ആണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞിരുന്നു.

Content Highlights: The CPI has hardened its stand over the controversy surrounding Chintha weekly's Punnapra-Vayalar special edition. CPI district secretary Solomon responded to CPM district secretary R Nasser, criticising the decision to involve a leader from another party in preparing historical records. He said the CPI was not in a position where it needed another party's leader for such work. Responding to the CPM's claim that all leaders were equal, Solomon argued that martyrs should receive greater importance when documenting the history of the struggle.

dot image
To advertise here,contact us
dot image