'ഈ സ്വഭാവം അംഗീകരിക്കാനാകില്ല'; ഉപഭോക്താവിനോട് കന്നട സംസാരിക്കാൻ വിസമ്മതിച്ച ബാങ്ക് മാനേജർക്കെതിരെ നടപടി

വിഷയം രാഷ്ട്രീയനേതൃത്വം ഏറ്റെടുത്തതോടെയാണ് മാനേജർക്കെതിരെ നടപടിയുണ്ടായത്

dot image

ബെംഗളൂരു: ഇടപാടുകാരനോട് കന്നടയിൽ സംസാരിക്കാൻ വിസമ്മതിച്ച ബാങ്ക് മാനേജർക്കെതിരെ നടപടിയെടുത്ത് എസ്ബിഐ. കർണാടക മുഖ്യമന്ത്രിയും സ്ഥലം എംപിയുമടക്കം നിരവധി പേർ മാനേജരുടെ നിലപാടിൽ പ്രതിഷേധിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ബാങ്ക് മാനേജറെ സ്ഥലം മാറ്റിയത്. ഉപഭോക്താക്കളോട് ഇത്തരത്തിൽ പെരുമാറുന്നവർക്കെതിരെ യാതൊരു ദയയും ഉണ്ടാകില്ലെന്നും, ബഹുമാനത്തോടെയും അന്തസ്സോടെയും മാത്രമേ പെരുമാറാനാകൂ എന്നും ചൂണ്ടികാട്ടിയാണ് മാനേജർക്കെതിരെ എസ്ബിഐ നടപടിയെടുത്തത്. ഉപഭോക്താക്കളോട് പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും എസ്ബിഐ ആവശ്യപ്പെട്ടു.

ബെംഗളൂരുവിലെ ചന്ദാപുരയിലെ എസ്ബിഐ ശാഖയിലായിരുന്നു സംഭവം. ഇടപാടിനായി വന്ന ഉപഭോക്താവ് മാനേജരോട് ഇത് കർണാടകയാണെന്നും കന്നഡ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇന്ത്യയാണെന്ന് പറഞ്ഞുകൊണ്ട് കസ്റ്റമറുടെ ആവശ്യം മാനേജർ നിരസിക്കുകയായിരുന്നു. എന്നാൽ കസ്റ്റമർ ഇതേകാര്യം ആവർത്തിച്ചു. നിങ്ങൾ ഒരിക്കലും കന്നട സംസാരിക്കില്ലേയെന്ന് കസ്റ്റമർ ചോദിച്ചപ്പോൾ 'ഇല്ല, ഞാൻ ഹിന്ദി സംസാരിക്കും', എന്നായിരുന്നു മാനേജറുടെ മറുപടി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

വിഷയം രാഷ്ട്രീയനേതൃത്വം ഏറ്റെടുത്തതോടെയാണ് മാനേജർക്കെതിരെ നടപടിയുണ്ടായത്. മാനേജരുടെ ഈ സ്വഭാവം അംഗീകരിക്കാനാകാത്തതാണെന്നും കന്നഡയും ഇംഗ്ലീഷും സംസാരിക്കാൻ വിമുഖത പ്രകടിപ്പിക്കുന്നത് അപലപനീയമാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. തുടർന്ന് മാനേജരെ സ്ഥലംമാറ്റാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

ബിജെപി എംപി തേജസ്വി സൂര്യയും ബാങ്ക് മാനേജർക്കെതിരെ രംഗത്തുവന്നിരുന്നു. ബാങ്ക് മാനേജർക്കെതിരെ എസ്ബിഐ കടുത്ത നടപടിയെടുക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് താൻ ബന്ധപ്പെട്ടവരെ വിളിച്ചിരുന്നുവെന്നും എംപി പറഞ്ഞു. തുടർന്ന് കർണാടകയിലെ എല്ലാ ബാങ്കുകളും കന്നടയിൽ തന്നെ ഉപഭോക്താക്കൾക്ക് സർവീസ് നൽകണമെന്നും തേജസ്വി ആവശ്യപ്പെട്ടു.

Content Highlights: Action against bank manager for not speaking in Kannada

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us