ഇസ്രയേൽ തിരഞ്ഞെടുപ്പ്: വിദേശ ഇടപെടലിൻ്റെ തെളിവുകൾ ഷിൻ ബെത്തിന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്

അറബ് വോട്ടർമാരെ സ്വാധീനിക്കാൻ ഇന്ധന കാർഡുകൾ ഉപയോഗിച്ച് കൈക്കൂലി നൽകിയെന്ന ആരോപണത്തിനും അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താനായിട്ടില്ല

ഇസ്രയേൽ തിരഞ്ഞെടുപ്പ്: വിദേശ ഇടപെടലിൻ്റെ തെളിവുകൾ ഷിൻ ബെത്തിന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്
dot image

ടെൽഅവീവ്: കഴിഞ്ഞ മാസം നടന്ന ഇസ്രയേൽ തിരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങളുടെ ഇടപെടലുണ്ടായെന്ന ആരോപണങ്ങൾക്ക് ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെത്തിന് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഷിൻ ബെത്ത് മേധാവി ഡേവിഡ് സിനിയും ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തത്. പലസ്തീൻ അതോറിറ്റിയിൽ നിന്ന് ഇസ്രയേലിലെ അറബ് പാർട്ടികൾക്ക് ലക്ഷക്കണക്കിന് ഷെക്കൽ പണം കൈമാറിയെന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണ്. എന്നാൽ ഇതുവരെ അത്തരത്തിലുള്ള പണമിടപാടുകൾ നടന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇസ്രയേലിലെ മുതിർന്ന രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഇതുവരെ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും പണം കൈമാറിയതിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അറബ് വോട്ടർമാരെ സ്വാധീനിക്കാൻ ഇന്ധന കാർഡുകൾ ഉപയോഗിച്ച് കൈക്കൂലി നൽകിയെന്ന ആരോപണത്തിനും അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താനായിട്ടില്ല. ഇസ്രയേലിലെ പ്രമുഖ ഇന്ധന കമ്പനികളുമായി ബന്ധപ്പെട്ട പരിശോധയിൽ ഇന്ധന കാർഡുകളുടെ ഉപയോഗത്തിൽ അസാധാരണമായ ഇടപാടുകളൊന്നും കണ്ടെത്തിയില്ലെന്നും ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, അന്വേഷണത്തിൽ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാവുന്ന യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് ഇസ്രയേൽ അറ്റോർണി ജനറൽ ഗാലി ബഹരവ്-മിയാര ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റമുണ്ടാക്കാൻ കഴിയുന്ന തരത്തിലുള്ള ഇടപെടലുകൾ നടന്നുവെന്ന ആരോപണങ്ങൾക്കും തെളിവുകളില്ലെന്ന് അവർ പറഞ്ഞു. പൊലീസും ഷിൻ ബെത്തും അടുത്ത ദിവസങ്ങളിൽ അന്വേഷണ റിപ്പോർട്ടുകൾ അറ്റോർണി ജനറലിന് സമർപ്പിക്കുമെന്നും ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഖത്തറിൽനിന്നോ മറ്റേതെങ്കിലും അറബ് രാജ്യത്തുനിന്നോ പണം കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ഇസ്രയേലിലെ പലസ്തീൻ വംശജരായ വോട്ടർമാരുടെ പോളിങ് ശതമാനം വർധിപ്പിക്കാൻ പണം ഉപയോഗിച്ചെന്നായിരുന്നു നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ ആരോപണം. എന്നാൽ ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും പാർട്ടി പുറത്തുവിട്ടിരുന്നില്ല.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഖത്തറിനെ ലക്ഷ്യമിട്ട് ഇസ്രയേലിൽ നടന്നുവരുന്ന പ്രചാരണങ്ങളുടെ തുടർച്ചയാണ് പുതിയ ആരോപണങ്ങളെന്നും ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലി സ്വാധീന വിദഗ്ധരും രാഷ്ട്രീയ ഉപദേഷ്ടാക്കളും ചേർന്ന് ഖത്തറിനെ ലക്ഷ്യമിട്ട് രഹസ്യ പ്രചാരണം നടത്തിയിരുന്നതായി നേരത്തേ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ ഇടപെടൽ നടത്തിയെന്ന ആരോപണങ്ങൾ ഖത്തർ നിഷേധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള ഇടപെടലുകളോ സാമ്പത്തിക സഹായങ്ങളോ നൽകിയെന്ന ആരോപണങ്ങൾ ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരിയാണ് നേരത്തെ നിഷേധിച്ചത്.

ഒക്ടോബർ 27-ന് നടന്ന തിരഞ്ഞെടുപ്പിൽ പലസ്തീൻ വംശജർ നേതൃത്വം നൽകുന്ന പാർട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ഡേവിഡ് സിനിയും നെതന്യാഹുവും പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾക്ക് 19 സീറ്റുകൾ ലഭിച്ചിരുന്നു. ഇതോടെ നെതന്യാഹുവിനെ എതിർക്കുന്ന ജൂത പാർട്ടികൾക്ക് അറബ് പാർട്ടികളുടെ പിന്തുണയോടെ പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കാനും നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാനും കഴിയുന്ന സാഹചര്യമുണ്ടായി.

Content Highlights: Israel's Shin Bet intelligence agency reportedly found no evidence of foreign interference in the country's elections, according to a report

dot image
To advertise here,contact us
dot image