

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ബസ്തറിൽ ദീപാവലി സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 'ദിമാഗി നക്സലുകൾ'എന്ന മോദിയുടെ പരാമർശത്തോടാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാജ്യവിരുദ്ധർ ആരാണ്, വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളവർ ആരാണ് എന്നീ വിഷയങ്ങളിൽ തന്നോട് സംവാദത്തിന് തയ്യാറാകാൻ പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി വീണ്ടും വെല്ലുവിളിച്ചു.
'നിങ്ങളുടെ മുഖങ്ങൾ എല്ലാം വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ നുണകൾ നിങ്ങൾ വിശ്വസിച്ചില്ല. അദ്ദേഹം ഞങ്ങളെ നക്സലുകൾ എന്ന് വിളിച്ചു' എന്നായിരുന്നു സിആർപിഎഫിനെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ച എക്സ് പോസ്റ്റിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. നക്സലിസവുമായി ബന്ധപ്പെട്ട് സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെയായിരുന്നു രാഹുലിന്റെ പ്രതികരണം.
സായുധ നക്സലുകളെ വനമേഖലകളിൽനിന്ന് തുടച്ചുനീക്കിയെങ്കിലും ഭീഷണി പൂർണമായി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സായുധ നക്സലുകൾ ഇല്ലാതായെങ്കിലും 'ദിമാഗി നക്സലുകൾ' നിരവധി സംഘടനകളുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടെന്നായിരുന്നു ദീപാവലി ദിനത്തിൽ ബസ്തറിൽ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മോദിയുടെ പ്രതികരണം.
നക്സലുകൾ ഇല്ലാതായെങ്കിലും ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്ന കാര്യം നാം ഓർക്കണം. ഇന്നും അവർ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഈ ദിമാഗി നക്സലുകൾ നിരവധി രാഷ്ട്രീയ പാർട്ടികളിലും വിവിധ സംഘടനകളിലും നുഴഞ്ഞുകയറിയിട്ടുണ്ട്. അവരെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. മാവോയിസ്റ്റ് ഭീകരത ഇല്ലാതാക്കാൻ സ്വീകരിച്ച ശരിയായ നയങ്ങളുടെയും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും വിജയമാണ് ഇതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.
ബസ്തറിലെ നക്സൽ വിരുദ്ധ പോരാട്ടത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. നക്സൽ ബാധിത പ്രദേശങ്ങളുടെ വ്യാപ്തി ഒരുകാലത്ത് 20 സംസ്ഥാനങ്ങളിലായി 230-ലധികം ജില്ലകളിലേക്ക് വ്യാപിച്ചിരുന്നുവെന്നും സൂര്യാസ്തമയത്തോടെ ജനജീവിതം നിശ്ചലമാകുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു. ആയിരക്കണക്കിന് ഗ്രാമങ്ങളും കോടിക്കണക്കിന് ജനങ്ങളും നക്സൽ ഭീഷണി നേരിട്ടു. പ്രതിവർഷം ഏകദേശം 2,000 നക്സൽ ആക്രമണങ്ങൾ നടന്നിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നക്സൽ വിഷയവുമായി ബന്ധപ്പെട്ട് മുൻ സർക്കാരുകളെയും പ്രധാനമന്ത്രി വിമർശിച്ചിരുന്നു. നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ രക്തംകൊണ്ട് ഈ മണ്ണ് കുതിർന്നപ്പോഴും കൊട്ടാരങ്ങളിൽ താമസിച്ചിരുന്ന പ്രമാണിമാരിൽനിന്ന് ഒരു ദുഃഖനിശ്വാസം പോലും ഉയർന്നില്ല. അവരുടെ കണ്ണുകളിൽനിന്ന് ഒരു തുള്ളി കണ്ണുനീർ പോലും പൊഴിഞ്ഞില്ല. മിക്കവാറും എല്ലാ ദിവസവും രാജ്യത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ഇത്തരം ആക്രമണങ്ങൾ നടന്നുകൊണ്ടിരുന്നു എന്നായിരുന്നു മുൻ സർക്കാരുകളെ വിമർശിച്ചുകൊണ്ടുള്ള മോദിയുടെ പരാമർശം.
നേരത്തെ ആഗസ്റ്റിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിലും മോദി 'ദിമാഗി നക്സലുകൾ' എന്ന പരാമർശം നടത്തിയിരുന്നു. സായുധ നക്സലിസം ഇല്ലാതാക്കാൻ രാജ്യത്തിന് കഴിഞ്ഞെങ്കിലും അവരുടെ ആശയങ്ങളെ പിന്തുണയ്ക്കുന്നവർ അക്രമം പ്രോത്സാഹിപ്പിക്കാൻ അവസരങ്ങൾ തേടുകയാണെന്നായിരുന്നു അന്നത്തെ മോദിയുടെ പ്രസ്താവന.
Content Highlights: Rahul Gandhi challenges Prime Minister Narendra Modi to an open debate over the 'Dimagi Naxal' remark made on Diwali, questioning the Prime Minister's comments and stance towards soldiers