

ലഖ്‌നൗ: അയോധ്യയില്‍ നടക്കുന്ന വികസനവും ഉത്തര്‍പ്രദേശിന്റെ ചരിത്രപൈതൃകം വീണ്ടെടുക്കാനുള്ള ഭരണനടപടികളും സ്വന്തം രാഷ്ട്രീയ അസ്തിത്വത്തെ തകര്‍ക്കുമെന്ന ഭയത്താല്‍ സമാജ്‌വാദി പാര്‍ട്ടിയും (എസ്.പി) കോണ്‍ഗ്രസും അയോധ്യയ്‌ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ ജംഗിള്‍ തിന്‍കോണിയയില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അയോധ്യയിലും സംസ്ഥാനത്തുടനീളവും നടക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കടുത്ത അസഹിഷ്ണുതയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

'ഭയം കാരണമാണ് ചിലര്‍ ഇപ്പോള്‍ അയോധ്യയെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നത്. വികസനത്തിന്റെയും പൈതൃക സംരക്ഷണത്തിന്റെയും ഈ കുതിപ്പ് ഇതേപടി മുന്നോട്ടുപോയാല്‍ എസ് പിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയം എന്നന്നേക്കുമായി കുഴിച്ചുമൂടപ്പെടുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് അവര്‍ അയോധ്യയെ ലക്ഷ്യമിട്ട് വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നത്,' യു പി മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ സംസ്ഥാനത്തിന് അസ്തിത്വ പ്രതിസന്ധി സൃഷ്ടിച്ചവര്‍ക്ക്, വികസന കുതിപ്പ് ഇതേ ശക്തിയോടെയും ഐക്യത്തോടെയും തുടരുമ്പോള്‍ സ്വന്തം രാഷ്ട്രീയ അസ്തിത്വം തന്നെ അപകടത്തിലാകുന്ന അവസ്ഥ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര നിര്‍മാണത്തെ മുന്‍പ് ശക്തമായി എതിര്‍ക്കുകയും അയോധ്യയിലേക്കുള്ള ഭക്തരുടെ വരവ് തടയാന്‍ ശ്രമിക്കുകയും ചെയ്ത കോണ്‍ഗ്രസും എസ് പിയും, അയോധ്യയുടെ വികസനം തടയാന്‍ കഴിയാതെ വന്നതോടെയാണ് വ്യാജപ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് യോഗി ആരോപിച്ചു. റോഡുകള്‍, വൈദ്യുതി, വിമാനത്താവള സൗകര്യങ്ങള്‍, റെയില്‍വേ കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളില്‍ വലിയ പുരോഗതിയാണ് അയോധ്യ കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ അഖിലേഷ് യാദവ് രാമക്ഷേത്രം സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിച്ചും യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. രാമഭക്തരോട് മാപ്പ് പറഞ്ഞ ശേഷം മാത്രം അയോധ്യയിലേക്ക് വരണമെന്നായിരുന്നു യോഗി പറഞ്ഞത്. 'അയോധ്യയെ രക്തരൂക്ഷിതമാക്കിയവര്‍ ഇന്ന് അയോധ്യ സന്ദര്‍ശിക്കാനെത്തുകയാണ്. അവര്‍ രാമഭക്തരോടും സന്യാസിമാരോടും തങ്ങളുടെ പ്രവർത്തികളില്‍ ആദ്യം മാപ്പുപറയണം. ഭഗവാന്‍ ശ്രീരാമന്‍ സര്‍വചരാചരങ്ങളെയും സംരക്ഷിക്കുന്നവനാണ്, അദ്ദേഹം എല്ലാവരോടും ക്ഷമിക്കും. അയോധ്യ ഇന്ന് ത്രേതായുഗത്തിന്റെ ഓര്‍മകള്‍ക്ക് ജീവന്‍ നല്‍കുകയാണ്. ഒരുകാലത്ത് ശ്രീരാമന്റെ പേര് വിളിച്ചതിന് ആളുകള്‍ ലാത്തിച്ചാര്‍ജിനും വെടിവെപ്പിനും ഇരയായ, അവഗണിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന അതേ നഗരം ഇന്ന് പുരാതന പ്രതാപം വീണ്ടെടുത്ത് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുകയാണ്, ' യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം, രാമക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട സമീപകാല വിവാദം ഉയര്‍ത്തിക്കാട്ടി അഖിലേഷ് യോഗിക്ക് മറുപടിയും നല്‍കിയിരുന്നു. സംഭാവന മോഷണത്തിലെ സത്യവും കെട്ടുകഥയും എപ്പോള്‍ വേര്‍തിരിക്കുമെന്നാണ് അയോധ്യയിലെ ജനങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ? മോഷണത്തിന് പിന്നിലെ പ്രധാന പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 12ന് കനൗജില്‍ നിന്നുള്ള ലോക്‌സഭാംഗം അഖിലേഷ് യാദവും ഭാര്യയും മെയിന്‍പുരി എം പിയുമായ ഡിംപിള്‍ യാദവും രാമക്ഷേത്രത്തിലും ഹനുമാന്‍ഗഢിലും ദര്‍ശനം നടത്തുമെന്ന് എസ്പി നേതാവ് പവന്‍ പാണ്ഡെ നേരത്തെ അറിയിച്ചിരുന്നു. 2027 ഫെബ്രുവരിയോടെ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അയോധ്യ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പാണ്ഡെയെ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് പാണ്ഡെ സംഘടിപ്പിച്ച ഭാഗവത കഥയില്‍ പങ്കെടുക്കാന്‍ അഖിലേഷ് അയോധ്യയിലെത്തിയിരുന്നെങ്കിലും ക്ഷേത്രം സന്ദര്‍ശിച്ചിരുന്നില്ല.
Content Highlight: Uttar Pradesh Chief Minister Yogi Adityanath has accused the Samajwadi Party and Congress of spreading misinformation against Ayodhya, alleging that they fear the city's development and efforts to restore Uttar Pradesh's historical heritage could threaten their political existence. He made the remarks while addressing a Diwali celebration event at Jungle Tikonia in Gorakhpur.