

ഈവര്‍ഷം ജൂണിലാണ് 16 വര്‍ഷം നീണ്ട പ്രതാപകരമായ അന്താരാഷ്ട്ര കരിയറിന് വില്യംസണ് വിരാമമിട്ടത്. 19,346 റണ്‍സുമായി (48 സെഞ്ചുറികളും 6 ഇരട്ട സെഞ്ചുറികളും) അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡോടെയാണ് അദ്ദേഹം പടിയിറങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിലും 33 സെഞ്ചുറികളും 6 ഇരട്ട സെഞ്ചുറികളും അടക്കം 9,515 റണ്‍സോടെ ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായി അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചു. ടെസ്റ്റില്‍ 10,000 റണ്‍സ് എന്ന നേട്ടത്തിന് 500-ല്‍ താഴെ റണ്‍സ് മാത്രം അകലെ നില്‍ക്കെ അദ്ദേഹം വിരമിച്ചത് പലര്‍ക്കും അത്ഭുതമായിരുന്നു. (ഇന്ത്യയുടെ വിരാട് കോഹ്ലിയും 2025-ല്‍ 9,230 ടെസ്റ്റ് റണ്‍സോടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു).
'ബിറ്റ്വീന് ടു ബിയേഴ്സ്' പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് തലേദിവസം വിരാട് കോഹ്ലിയുമായി നടത്തിയ സംഭാഷണം തീരുമാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സഹായിച്ചതെന്ന് വില്യംസണ് വെളിപ്പെടുത്തിയത്. നീണ്ട കരിയര്‍, ക്യാപ്റ്റന്‍സി ഉത്തരവാദിത്തങ്ങള്‍, കുടുംബജീവിതം എന്നിങ്ങനെ ക്രിക്കറ്റിലെ സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുന്ന രണ്ടുപേര്‍ എന്ന നിലയില്‍, കളിയില്‍ നിന്ന് മാറിനില്‍ക്കുമ്പോഴുള്ള വികാരങ്ങളും വെല്ലുവിളികളും പങ്കുവെക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഈ സംഭാഷണമാണ് വിരമിക്കാനുള്ള സമയമായെന്ന് വില്യംസണെ ബോധ്യപ്പെടുത്തിയത്.
'ഞാന്‍ വിശ്വസിക്കുന്ന, എനിക്ക് വളരെ അടുത്ത സുഹൃത്തുക്കളായ ചിലരോട് സംസാരിച്ചിരുന്നു. വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് തലേദിവസം വിരാടുമായി ഞാന്‍ സംഭാഷണം നടത്തി. ഇത്രയും കാലം ഞങ്ങള്‍ കളിയില്‍ അനുഭവിച്ച കാര്യങ്ങള്‍ പങ്കുവെച്ചപ്പോള്‍ അത് ശരിക്കും കണ്ണാടിയില്‍ നോക്കുന്നത് പോലെയായിരുന്നു' -വില്യംസണ് പറഞ്ഞു.
'അദ്ദേഹം ഇപ്പോഴും കുറച്ചൊക്കെ കളിക്കുന്നുണ്ടെങ്കിലും വലിയ ചില തീരുമാനങ്ങള്‍ അദ്ദേഹം എടുത്തതാണ്. സ്വന്തം ടീമില്‍ പോലും കൃത്യമായി ഒരേ കാലയളവില്‍ കളിച്ചവര്‍, ഒരേ സമയത്ത് ക്യാപ്റ്റന്‍സി വഹിച്ചവര്‍, ഒരേ സമയത്ത് കുട്ടികളുണ്ടായവര് വേറെ കാണില്ല. ഞങ്ങള്‍ ഒരു സമാന്തര ജീവിതം നയിക്കുകയായിരുന്നു. വ്യത്യസ്ത ലോകങ്ങളിലാണെങ്കിലും ഞങ്ങള്‍ക്ക് സവിശേഷമായ ഒരു ബന്ധമുണ്ടായിരുന്നു. ഞങ്ങളുടെ ഉള്ളിലെ വികാരങ്ങളും ചിന്തകളും പങ്കുവെക്കാനും പരസ്പരം മനസ്സിലാക്കാനും കഴിഞ്ഞത് വളരെ മികച്ചൊരു അനുഭവമായിരുന്നു. ഫോണ്‍ വെച്ച് കഴിഞ്ഞ് ഭാര്യ റൂമിലേക്ക് വന്നപ്പോള്‍, 'ഇത് വിരമിക്കാനുള്ള സമയമാണ്' എന്ന് ഞാന്‍ അവളോട് പറഞ്ഞു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
16 വര്‍ഷത്തെ കരിയറിന് ശേഷം ക്രിക്കറ്റിനോടുള്ള സമീപനത്തിലും പ്രചോദനത്തിലും വന്ന മാറ്റങ്ങളെക്കുറിച്ചായിരുന്നു കോഹ്ലിയുമായുള്ള സംഭാഷണത്തിന്റെ പ്രധാന വിഷയമെന്ന് വില്യംസണ് പറഞ്ഞു. സ്വയം മെച്ചപ്പെടാനും ടീമിനെ മെച്ചപ്പെടുത്താനും വര്‍ഷങ്ങളോളം പരിശ്രമിച്ചെങ്കിലും, വ്യക്തിപരമായ മുന്‍ഗണനകള്‍ മാറുമ്പോള്‍ അത് കളിയുമായുള്ള ബന്ധത്തെ ബാധിക്കാമെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. കരിയറിലുടനീളം തന്നെ നയിച്ച അതേ ലക്ഷ്യബോധത്തോടെ കളിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് പിന്മാറാന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മത്സരത്തോടുള്ള നിങ്ങളുടെ സമീപനത്തിലും അത് കൈകാര്യം ചെയ്യുന്ന രീതിയിലും മാറ്റങ്ങള്‍ വരുമ്പോള്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചായിരുന്നു ഞങ്ങള്‍ സംസാരിച്ചത്. '16 വര്‍ഷത്തെ ഈ പരിശ്രമത്തില്‍ എല്ലാ ദിവസവും ഞാന്‍ എങ്ങനെ മെച്ചപ്പെടും, ഈ ടീമിനെ എങ്ങനെ കൂടുതല്‍ മികച്ചതാക്കും' എന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍. ദീര്‍ഘകാലം ഇത് ചെയ്യുമ്പോള്‍ നിങ്ങളുടെ ജീവിതം മാറും, അത് നല്ലതിന് വേണ്ടിയാണ്' -അദ്ദേഹം പറഞ്ഞു.
'ഒരു കാര്യത്തെ നിങ്ങള്‍ ദീര്‍ഘകാലം സ്നേഹിക്കുകയും അതിനായി എല്ലാം സമര്‍പ്പിക്കുകയും ചെയ്ത ശേഷം അത് മാറ്റിവെക്കേണ്ടി വരുമ്പോള്‍ ജീവിതം മാറുന്നു. അതുകൊണ്ട് സ്വന്തമല്ലാത്ത കാരണങ്ങളാല്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്ന അവസ്ഥയില്‍ നിങ്ങള്‍ എത്തിയേക്കാം. ദീര്‍ഘകാലം അങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല. ഞാന്‍ ആ ഘട്ടത്തിലായിരുന്നു. പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല, എന്നാല്‍ കാര്യങ്ങള്‍ മാറുന്നത് എനിക്ക് അനുഭവിക്കാന്‍ കഴിയുമായിരുന്നു. ഞങ്ങള്‍ ഇതാണ് സംസാരിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശസ്തിയും കാണികളുടെ പിന്തുണയും അനുഭവിക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്, എന്നാല്‍ അതിനായി മാത്രമാകരുത് നിങ്ങള്‍ കളിക്കേണ്ടത്' -അദ്ദേഹം പറഞ്ഞു.
10,000 ടെസ്റ്റ് റണ്‍സ് തികയ്ക്കുക എന്നത് തന്റെ വ്യക്തിപരമായ ലക്ഷ്യമോ കരിയറിലെ പ്രചോദനമോ ആയിരുന്നില്ലെന്ന് വില്യംസണ് വ്യക്തമാക്കി. നാഴികക്കല്ലുകള്‍ പിന്നിടാനോ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനോ വേണ്ടി മാത്രം കളി തുടരാന്‍ ആഗ്രഹിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിവിവരക്കണക്കുകള്‍, ശരാശരി, സെഞ്ചുറികള്‍ എന്നിവയിലൂടെ മാത്രമല്ല വിജയത്തെ അളക്കേണ്ടതെന്നും, മറിച്ച് വ്യക്തിപരമായ സംതൃപ്തിയും കളിയോടുള്ള സത്യസന്ധമായ ആവേശവുമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കാണികള്‍ക്ക് വേണ്ടി കളിക്കുക എന്നൊരു വാക്ക് കോഹ്ലി ഉപയോഗിച്ചിരുന്നു. നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്ക് പുറത്തുള്ള കാരണങ്ങള്‍ക്കായി നിങ്ങള്‍ കളിയില്‍ പിടിച്ച് നില്ക്കാന് ശ്രമിച്ചേക്കാം. എന്നാല്‍ കളിയോടും ടീമിനോടുമുള്ള ആത്മാര്‍ത്ഥത തന്നെയാണ് പ്രധാനം,' വില്യംസണ് വിശദീകരിച്ചു.
'എല്ലാ അഭിമുഖങ്ങളിലും ആളുകള്‍ 10,000 റണ്‍സിനെക്കുറിച്ച് ചോദിക്കുമായിരുന്നു. എന്നാല്‍ എന്നെ നയിച്ച ഘടകം ആ നമ്പറുകളായിരുന്നില്ല. ടെസ്റ്റില്‍ 10,000 റണ്‍സ് നേടുക എന്നതായിരുന്നു എന്റെ ലക്ഷ്യമെങ്കില്‍, ഞാന്‍ ഇതിനടുത്തെങ്ങും എത്തുമായിരുന്നില്ല. നമ്മള് വിജയം എന്ന് നിര്‍വ്വചിക്കുന്നത് എന്താണ്? ശരാശരിയാണോ അതോ സെഞ്ചുറികളുടെ എണ്ണമാണോ? അവ യഥാര്‍ത്ഥത്തില്‍ ചില അതിര്‍വരമ്പുകള്‍ മാത്രമാണ്. ചിലപ്പോള്‍ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ വെക്കുന്നതിലൂടെ മികച്ചൊരു കരിയര്‍ ഉണ്ടായേക്കാം, പക്ഷേ വ്യക്തിപരമായി അത് എന്നോട് കാണിക്കുന്ന നീതികേടായി മാറും' കെയ്ന്‍ വില്യംസണ് പറഞ്ഞു.
content highlights: 'Spoke to Virat Kohli the Night Before Announcement': Kane Williamson Reveals Emotional Conversation Before Stepping Down