

ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ നേതൃത്വത്തിൽ 'എന്റെ കേരളം എന്റെ മലയാളം' വിജ്ഞാനോത്സവം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി എണ്ണൂറിലധികം വിദ്യാർത്ഥികളാണ് മാതൃഭാഷയോടും സംസ്കാരത്തോടുമുള്ള സ്നേഹം പങ്കുവെച്ച് ഈ വിജ്ഞാനമാമാങ്കത്തിൽ ആവേശത്തോടെ പങ്കെടുത്തത്.
കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ നിധീഷ് കുമാർ വിജ്ഞാനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളിൽ മാതൃഭാഷാഭിമാനവും കേരളത്തെക്കുറിച്ചുള്ള അറിവുകളും വളർത്താൻ ഇത്തരം കൂട്ടായ്മകൾ ഉപകരിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സിന്ധു അരക്കന്റെ നേതൃത്വത്തിലാണ് വിജ്ഞാനോത്സവ മത്സരങ്ങൾ നടന്നത്. മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിന്റെ സമാപന സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്തു. പ്രവാസി മലയാളി വിദ്യാർത്ഥികളുടെ വൻ പങ്കാളിത്തം കൊണ്ട് വിജ്ഞാനോത്സവം ഏറെ ശ്രദ്ധേയമായി.
Content Highlights: Oman hosts the Ente Keralam Ente Malayalam knowledge festival, bringing together students to test their knowledge of Kerala, Malayalam language and culture